| Saturday, 2nd May 2026, 12:19 pm

'യുദ്ധത്തിന്റെ പേരിലുള്ള കൊള്ള'; എല്‍.പി.ജി വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് വന്‍ വില വര്‍ധനവ് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് കഴിഞ്ഞ ദിവസം കേന്ദ്രം വര്‍ധിപ്പിച്ചത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള ഊര്‍ജ്ജ വിപണിയിലുണ്ടായ വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് ഈ നടപടിയെങ്കിലും, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയമാണ് ഇതിന് പിന്നിലെന്ന് കോണ്‍ഗ്രസ്, ഡി.എം.കെ, എസ്.പി, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവര്‍ ആരോപിച്ചു.

തുടര്‍ച്ചയായ മൂന്നാമത്തെ മാസമാണ് വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കുന്നത്. വെള്ളിയാഴ്ച പ്രാബല്യത്തില്‍ വന്ന പുതുക്കിയ നിരക്ക് പ്രകാരം ദല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന്റെ വില 3,071.5 രൂപയായി ഉയര്‍ന്നു. നേരത്തെ ഇത് 2,078.50 രൂപയായിരുന്നു.

വെറും മൂന്ന് മാസത്തിനുള്ളില്‍ 81 ശതമാനം (ഏകദേശം 1,380 രൂപ) വര്‍ധനവാണ് സിലിണ്ടറിന് ഉണ്ടായിരിക്കുന്നത്. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറികള്‍, ചായക്കടകള്‍ എന്നിവയെല്ലാം ഇതോടെ കടുത്ത പ്രതിസന്ധിയിലാകും.

വാണിജ്യ ഗ്യാസ് വില വര്‍ധനവിനെ ‘തെരഞ്ഞെടുപ്പ് ബില്‍’ എന്നാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഗ്യാസ്-ഇന്ധന വിലയുള്‍പ്പെടെ വര്‍ധിപ്പിക്കുമെന്ന് താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

‘വാണിജ്യ സിലിണ്ടറിന് 993 രൂപ കൂടിയിരിക്കുന്നു. ഇത് ഒറ്റ ദിവസത്തെ ഏറ്റവും വലിയ വര്‍ധനവാണ്. ചായക്കടകള്‍, ധാബകള്‍, ഹോട്ടലുകള്‍ എല്ലാ അടുക്കളകളുടെയും ഭാരം വര്‍ധിച്ചു. ആദ്യ പ്രഹരം ഗ്യാസിന് മുകളില്‍ വന്നിരിക്കുന്നു. അടുത്തത് പെട്രോളിനും ഡീസലിനും മേലായിരിക്കും,’ രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

തെരഞ്ഞെടുപ്പ് കാലത്തെ ബി.ജെ.പിയുടെ വാഗ്ദാനങ്ങള്‍ വെറും ഗിമ്മിക്കുകള്‍ മാത്രമാണെന്നും വോട്ട് കിട്ടിക്കഴിഞ്ഞാല്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നതാണ് അവരുടെ ശൈലിയെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ചു. ‘സിലിണ്ടറിന് വില കൂടുമ്പോള്‍ റൊട്ടിക്കും താലിക്കും വില കൂടും. ഇത് സ്വന്തമായി അധ്വാനിച്ചു വാങ്ങുന്നവന് മാത്രമേ മനസ്സിലാകൂ, അല്ലാതെ മറ്റുള്ളവരുടെ പ്ലേറ്റില്‍ നിന്ന് മോഷ്ടിക്കുന്നവന് അറിയില്ല. വില വെറും 7 രൂപ മാത്രം കുറച്ച് ജനങ്ങളെ കബളിപ്പിക്കുന്ന ബി.ജെ.പി, പണപ്പെരുപ്പത്തെക്കുറിച്ച് എപ്പോഴാണ് ഒരു പ്രമേയം കൊണ്ടുവരികയെന്നും അദ്ദേഹം ചോദിച്ചു.

എല്‍.പി.ജി വില വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞപ്പോള്‍ അതിന്റെ ഗുണം ജനങ്ങള്‍ക്ക് നല്‍കാതിരുന്ന കേന്ദ്രം, ഇപ്പോള്‍ പശ്ചിമേഷ്യന്‍ യുദ്ധത്തെ ഒരു ഒഴികഴിവായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ധന വിതരണത്തില്‍ സ്ഥിരത ഉറപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സി.പി.ഐ രാജ്യസഭാ എം.പി സന്തോഷ് കുമാര്‍ പറഞ്ഞു. ഈ വിലക്കയറ്റം ഹോസ്റ്റലുകള്‍, ചെറിയ ഭക്ഷണശാലകള്‍, പി.ജി താമസ സൗകര്യങ്ങള്‍ എന്നിവയെ തകര്‍ക്കുമെന്നും ജീവിതച്ചെലവ് കുത്തനെ കൂട്ടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങള്‍ക്ക് ഈ വില വര്‍ധനവ് കാരണമാകുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കി. പെട്രോള്‍, ഡീസല്‍ വിലകളിലും ഉടന്‍ വര്‍ധനവ് ഉണ്ടായേക്കുമെന്ന സൂചനയും രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്നുണ്ട്.

Content Highlight: Using war as excuse to raise prices’: Opposition demands rollback of LPG hike, slams Centre

We use cookies to give you the best possible experience. Learn more