തിയേറ്ററുകളെ ജനസാഗരമാക്കി മുന്നേറുകയാണ് ആട് 3. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പാപ്പന്റെയും കൂട്ടരുടെയും വരവ് അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമാക്കുകയാണ് സിനിമാപ്രേമികള്‍. ഈദും അതുമായി ബന്ധപ്പെട്ട അവധിയും കൃത്യമായി മുതലെടുക്കാന്‍ ചിത്രത്തിന് സാധിക്കുന്നുണ്ട്. മോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച ആട് 3 ബോക്‌സ് ഓഫീസില്‍ തിളങ്ങുമെന്ന് ഉറപ്പാണ്.
ആടിന്റെ വിജയത്തില്‍ അധികമാരും പ്രശംസിക്കാത്ത പേരുകളിലൊന്നാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റേത്. ആദ്യഭാഗം പരാജയപ്പെട്ട ഒരു ചിത്രത്തിന് സെക്കന്‍ഡ് പാര്‍ട്ട് ഒരുക്കി ഹിറ്റാക്കുകയും മൂന്നാം ഭാഗം അതിനെക്കാള്‍ വലിയ വിജയമാക്കുകയും ചെയ്തത് ചെറിയ കാര്യമല്ല. ആട് 3യില്‍ മിഥുന്‍ ഏറ്റെടുത്ത റിസ്‌ക് പ്രശംസിക്കപ്പെടേണ്ടതാണ്.
ആദ്യത്തെ രണ്ട് ഭാഗങ്ങളും ഒരേ തരത്തിലാണ് കഥ പറഞ്ഞുപോകുന്നത്. നായകനും വില്ലന്മാരുമെല്ലാം ഒരുമിച്ച് ഒരു വസ്തുവിന് വേണ്ടി നടത്തുന്ന ഓട്ടവും പിന്നീടുണ്ടാകുന്ന കൂട്ടപ്പൊരിച്ചിലുമാണ് രണ്ട് ഭാഗത്തിലെയും കഥ. മൂന്നാം ഭാഗത്തിലെത്തുമ്പോഴും ഈ ത്രെഡിന് മാറ്റമൊന്നുമില്ല. എന്നാല്‍ കഥപറച്ചിലില്‍ മിഥുന്‍ കൊണ്ടുവന്ന പുതുമ കൈയടിക്കപ്പെടേണ്ടതാണ്.
പ്രസന്റ് പോര്‍ഷനൊപ്പം പാസ്റ്റും മിക്‌സ് ചെയ്തുകൊണ്ടുള്ള കഥപറച്ചിലാണ് മിഥുന്‍ മൂന്നാം ഭാഗത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒന്ന് പാളിയാല്‍ വന്‍ പരാജയമായേക്കാവുന്ന റിസ്‌ക് മിഥുന്‍ ധൈര്യപൂര്‍വം ഏറ്റെടുത്തത് കൈയടി അര്‍ഹിക്കുന്ന കാര്യമാണ്. അതിനെക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് ഇതുപോലൊരു കോമഡി ചിത്രത്തില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് മിഥുന്‍ കാണിച്ച മാസാണ്.
ചിത്രത്തില്‍ രണ്ട് കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. അല്ലേയ ബോണ്‍ എന്ന വിദേശതാരത്തിന്റെ ഇന്‍ട്രോയാണ് ആദ്യത്തേത്. ഈയടുത്ത് വന്നതില്‍ വെച്ച് ഗംഭീര ഇന്‍ട്രോ സീന്‍ തന്നെയായിരുന്നു അത്. ആട് ഫ്രാഞ്ചൈസിലെ മറ്റൊരു സൂപ്പര്‍ കഥാപാത്രത്തിന്റെ സെക്കന്‍ഡ് ഇന്‍ട്രോക്ക് വേണ്ടിയാണ് പിന്നീട് ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്.
തിയേറ്ററിനെ അക്ഷരാര്‍ത്ഥത്തില്‍ കുലുക്കിയ ഇന്‍ട്രോ സീനായിരുന്നു അത്. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു ആ രംഗം അവതരിപ്പിച്ചത്. ഇത്രയും വലിയൊരു കോമഡി ചിത്രത്തില്‍ ഹെലികോപ്റ്റര്‍ പോലെ വലിയ ചെലവുള്ള പ്രോപ്പര്‍ട്ടി കൃത്യമായി ഉപയോഗിക്കുകയും പ്രേക്ഷകര്‍ക്ക് അത് വര്‍ക്കാവുകയും ചെയ്തത് ചില്ലറ കാര്യമല്ല. എമ്പുരാനില്‍ പൃഥ്വിരാജ് അഞ്ച് ഹെലികോപ്റ്ററുകള്‍ കൊണ്ട് കാണിച്ച മാസും മിഥുന്‍ രണ്ട് ഹെലികോപ്റ്ററുകള്‍ കൊണ്ട് കാണിച്ച മാസും ഒരുപോലെയാണ്.
ആട് 3യുടെ ആദ്യഭാഗം നിര്‍ത്തിയ പോയിന്റും എടുത്തുപറയേണ്ട ഒന്നാണ്. അടുത്തത് എന്താകും എന്ന ക്യൂരിയോസിറ്റി നിലനിര്‍ത്തിക്കൊണ്ട് മിഥുന്‍ സിനിമ അവസാനിപ്പിച്ച രീതി പലരെയും അത്ഭുതപ്പെടുത്തി. ത്രില്ലര്‍ സിനിമകള്‍ക്ക് ഇടവേള നല്‍കി വീണ്ടും കോമഡിയുടെ ട്രാക്കിലേക്കെത്തിയ മിഥുന്‍ ഇനിയും തിളങ്ങുമെന്ന് ഉറപ്പാണ്.
Content Highlight: Using of Helicopter in Aadu 3 by Midhun Manuel getting appreciation