കോഴിക്കോട്: രാഷ്ട്രീയക്കാരുടെ ചെറ്റ, നാറി തുടങ്ങിയ പ്രയോഗങ്ങൾ പാർശ്വ വത്കരിക്കപ്പെട്ട മനുഷ്യരോടുള്ള പരിഹാസമാണെന്ന് പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ.
അർജന്റീനൻ സാഹിത്യകാരൻ അർമാൻഡോ മക്കിയയുടെ സ്നിപ്പർ (വെടിവെപ്പുകാരൻ) എന്ന ചെറുകഥയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇത്തരം പദപ്രയോഗങ്ങൾ എങ്ങനെയാണ് വെടിയുണ്ടപോലെ തറക്കുന്നതെന്ന് വിശദീകരിച്ചത്.
‘രാഷ്ട്രീയക്കാർക്കിടയിൽ ഉപയോഗിക്കുന്ന അധിക്ഷേപ വാക്കുകളിലൊന്നാണ് ചെറ്റത്തരം എന്നത്, ഓലമേഞ്ഞ ചെറുകുടിലുകളെയാണ് ചെറ്റ എന്ന് വിളിക്കുന്നത്, അവിടെ ജീവിക്കുന്നവരുടെ ജീവിത രീതിയെയാണ് ചെറ്റത്തരം എന്ന് വിളിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
ചില രാഷ്ട്രീയ നേതാക്കൾ അധികാരത്തിലെത്തിയാൽ സ്വയം ഫ്യുഡൽ പ്രഭുക്കളെപോലെയാകുന്നെന്നും ‘ചെറ്റത്തരം കാണിച്ചാൽ പിന്നെ ചെറ്റ എന്നല്ലാതെ വേറെ എന്ത് വിളിക്കുമെന്ന് ചോദിക്കാൻ തുടങ്ങിയെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.
നിർഭാഗ്യവശാൽ അവരെ തിരുത്താൻ കൂടെയുള്ള സാഹിത്യകാരന്മാർ പോലും തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെറ്റക്കുടിലിൽ താമസിക്കുന്നവരുടെയടക്കം വോട്ടുനേടി അധികാരത്തിലെത്തിയ പാർട്ടിയാണ് നമ്മുടെ പാർട്ടിയെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പാടത്തും പറമ്പിലും പണിയെടുത്ത് വിയർത്തിരുന്നവരെ ഫ്യൂഡൽ പ്രഭുക്കൾ നാറിയെന്ന് വിളിച്ചിരുന്നതിനെയാണ് ഇന്നും രാഷ്ട്രീയ നേതാക്കൾ അധിഷേപിക്കുന്നതിന് ഉപയോഗിക്കുന്നതെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.
വിലകുറഞ്ഞതും, ഗുണനിലവാരമില്ലാത്തതുമായ വസ്തുക്കളെ സൂചിപ്പിക്കുന്നതിനുവേണ്ടി ചാത്തൻ എന്ന് പറയുന്നതും ഇത്തരത്തിൽ അടിസ്ഥാന വർഗത്തിൽപ്പെട്ട മനുഷ്യരെ അധിക്ഷേപിക്കുന്ന ഫ്യൂഡൽ മനോഭാവത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞയാഴ്ച സി.പി.ഐ.എം വിട്ട് യു.ഡി.എഫ് പിന്തുണയോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച മുൻ മന്ത്രി ജി. സുധാകരൻ ചെറ്റത്തരം കാണിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
വിവാദമായപ്പോഴും തന്റെ പ്രയോഗം പിൻവലിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.
ചെറ്റത്തരം കാണിച്ചാൽ പിന്നെ ചെറ്റ എന്നല്ലാതെ വേറെന്ത് വിളിക്കുമെന്നായിരുന്നു അദ്ദേഹം ഇതിനോട് പ്രതികരിച്ചത്.
Content Highlight: Use of vulgar language is a mockery of marginalized people: Subhash Chandran