| Monday, 2nd February 2026, 9:36 pm

ലോകകപ്പ് തുടങ്ങുന്നതിന് മുമ്പേ തിരിച്ചടി; ഇന്ത്യയുടെ എ ടീമിനോട് തോറ്റ് യു.എസ്.എ!

ശ്രീരാഗ് പാറക്കല്‍

ടി-20 ലോകകപ്പിന് മുന്നോടിയായുള്ള വാം അപ് മത്സരത്തില്‍ യു.എസ്.എയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ എ. നവി മുംബൈയില്‍ നടന്ന മത്സരത്തില്‍ 38 റണ്‍സിനാണ് ഇന്ത്യ എ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ യു.എസ്.എ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ യു.എസ്.എ 200 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

നാരായണ്‍ ജഗദീശന്റെ ബാറ്റിങ് മികവിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്. 55 പന്തില്‍ അഞ്ച് സിക്‌സും 11 ഫോറും ഉള്‍പ്പെടെ 104 റണ്‍സ് നേടിയാണ് ജഗദീശന്‍ തിളങ്ങിയത്. 189.9 എന്ന സ്‌ട്രൈക്കറ്റ് റേറ്റിലാണ് ജഗദീശന്‍ എതിരാളികളെ തല്ലിത്തകര്‍ത്തത്.

അതേസമയം പരിക്കേറ്റ് തിരിച്ചെത്തിയ ഇന്ത്യന്‍ താരം തിലക് വര്‍മയ്ക്ക് മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ സാധിച്ചില്ല. 24 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 38 റണ്‍സാണ് താരം നേടിയത്. ലോകകപ്പിന് മുമ്പ് ഫോമിലേക്ക് തിരിച്ചെത്താനാണ് തിലകിന് ബി.സി.സി.ഐ വാം അപ് മാച്ച് നല്‍കിയത്.

ക്യാപ്റ്റന്‍ ആയുഷ് ബധോണി പുറത്താകാതെ 26 പന്തില്‍ 60 റണ്‍സ് നേടി ടീമിനെ മുന്നോട്ട് കൊണ്ടുപോയി. ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ 13 പന്തില്‍ 28 റണ്‍സിനാണ് മടങ്ങിയത്.

അതേസമയം യു.എസ്.എയ്ക്ക് വേണ്ടി അലി ഖാന്‍, ജസ്ദീപ് സിങ്, ശുഭം രഞ്ജന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ബാറ്റിങ്ങില്‍ യു.എസ്.എയ്ക്ക് വേണ്ടി തിളങ്ങിയത് 44 റണ്‍സ് നേടിയ ആന്‍ഡ്രീസ് ഗൗസാണ്. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെയാണ് താരം സ്‌കോര്‍ ചെയ്തത്. മധ്യനിരയില്‍ ബാറ്റ് ചെയ്ത സഞ്ജയ് കൃഷ്ണമൂര്‍ത്തി 18 പന്തില്‍ 41 റണ്‍സും നേടി തിളങ്ങി. നാല് സിക്‌സും രണ്ട് ഫോറും താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നു.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി രവി ബിഷ്‌ണോയി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ നമന്‍ ധിര്‍, ഖലീല്‍ അഹ്‌മദ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി. അശോക് ശര്‍മ, തിലക് വര്‍മ, ആയുഷ് ബധോണി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: USA Lost Against India A In Warm Up Match Ahead T20 World Cup

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more