| Saturday, 30th May 2026, 11:10 am

ബലപ്രയോഗത്തിലൂടെയും സൈനിക ഭീഷണിയിലൂടെയും ക്യൂബയുടെ വിധി നിയന്ത്രിക്കാന്‍ അമേരിക്കയെ അനുവദിക്കില്ല: ഉപവിദേശകാര്യ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹവാന: ക്യൂബയ്ക്കെതിരെ അമേരിക്ക സൈനിക ആക്രമണം നടത്താനുള്ള സാധ്യതകള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചുവരികയാണെന്ന് ക്യൂബന്‍ ഉപവിദേശകാര്യ മന്ത്രി ജോസെഫിന വിഡാല്‍.

യു.എസില്‍ നിന്നുള്ള ഭീഷണികള്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍, രാജ്യം ഏതുതരത്തിലുള്ള സാഹചര്യങ്ങളെയും നേരിടാന്‍ സജ്ജമാണെന്നും അവര്‍ വ്യക്തമാക്കി. വ്യാഴാഴ്ച നാഷണല്‍ ക്യാപിറ്റലില്‍ നടന്ന നിയമസഭാ ഹിയറിങ്ങില്‍ സംസാരിക്കവെയാണ് ജോസെഫിന അമേരിക്കയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

‘ക്യൂബയ്ക്കെതിരായ സൈനിക ആക്രമണത്തിന്റെ അപകടം ഓരോ ദിവസവും വര്‍ധിച്ചുവരികയാണ്. എന്നാല്‍ ബലപ്രയോഗത്തിലൂടെയോ, സമ്മര്‍ദത്തിലൂടെയോ, സൈനിക ഭീഷണികളിലൂടെയോ ക്യൂബയുടെ വിധി നിയന്ത്രിക്കാന്‍ അമേരിക്കയെ ഞങ്ങള്‍ അനുവദിക്കില്ല,’
ജോസെഫിന വിഡാല്‍ പറഞ്ഞു.

ക്യൂബന്‍ എണ്ണ ഇറക്കുമതിക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത ഉപരോധങ്ങളെയും അവര്‍ ശക്തമായി അപലപിച്ചു. സൈനിക ആക്രമണങ്ങളെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ന്യായീകരിക്കുന്നതിനായി, ക്യൂബയെ യു.എസിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി ചിത്രീകരിക്കാന്‍ ബോധപൂര്‍വം വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

തങ്ങളുടെ ആധിപത്യത്തെയും താത്പര്യങ്ങളെയും ചെറുത്തുനില്‍ക്കുന്ന സ്വതന്ത്ര രാഷ്ട്രങ്ങളെ ലക്ഷ്യം വെയ്ക്കുന്നതിനായി അമേരിക്കന്‍ സാമ്രാജ്യത്വം പതിവായി വ്യാജ പ്രചരണങ്ങള്‍ ചമയ്ക്കാറുണ്ടെന്നും അതിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്നും അവര്‍ പറഞ്ഞു.

ക്യൂബയുടെ പരമാധികാരത്തെയും തങ്ങളുടെ വിപ്ലവ തത്വങ്ങളെയും ദുര്‍ബലപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെയുള്ള നിയമവിരുദ്ധമായ യു.എസ് ഉപരോധങ്ങള്‍ക്കും, അസ്ഥിരപ്പെടുത്തല്‍ ശ്രമങ്ങള്‍ക്കും ക്യൂബ വളരെക്കാലമായി ഇരയായിക്കൊണ്ടിരിക്കുകയാണെന്നും ജോസെഫിന ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് ക്യൂബയ്ക്കെതിരായ ഉപരോധങ്ങള്‍ കൂടുതല്‍ കടുപ്പിച്ചത്. ക്യൂബയിലേക്ക് ഇന്ധനം വിതരണം ചെയ്യുന്ന രാജ്യങ്ങള്‍ക്ക് മേല്‍ പോലും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇത് രാജ്യത്ത് കടുത്ത ഇന്ധനക്ഷാമത്തിനും തുടര്‍ച്ചയായ വൈദ്യുതി മുടക്കത്തിനും കാരണമായി. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ക്യൂബ നേരിടുന്നതില്‍ വച്ച് ഏറ്റവും മോശമായ സാമ്പത്തിക-ഊര്‍ജ്ജ പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കാന്‍ അമേരിക്കയുടെ ഉപരോധ നടപടികള്‍ കാരണമായിട്ടുണ്ട്.

പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ അമേരിക്കയെ വിശ്വാസത്തിലെടുക്കാനാവില്ലെന്ന നിലപാടിലാണ് ക്യൂബ. തങ്ങളുടെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്നും ക്യൂബ വ്യക്തമാക്കിയിട്ടുണ്ട്.

‘രണ്ട് സര്‍ക്കാരുകള്‍ക്കുമിടയില്‍ ആശയവിനിമയത്തിനുള്ള ഒരു മാര്‍ഗ്ഗം ഇപ്പോഴും തുറന്നുകിടക്കുന്നുണ്ട്. എന്നാല്‍ ചര്‍ച്ചകളില്‍ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. യു.എസിനെ സംശയിക്കാന്‍ ക്യൂബയ്ക്ക് കൃത്യമായ കാരണങ്ങളുണ്ട്. എന്നിരുന്നാലും, യു.എസിന്റെ ആക്രമണാത്മക നടപടികള്‍ക്കിടയിലും സംഭാഷണത്തിന്റെ പാത വിജയത്തിലെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ചര്‍ച്ചകള്‍ തുടരാന്‍ ക്യൂബയ്ക്ക് താത്പര്യമുണ്ട്,’ ജോസെഫിന വിഡാല്‍ പറഞ്ഞു.

അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും രീതിയില്‍ പ്രകോപനം ഉണ്ടായാല്‍ ക്യൂബ ഒരു യുദ്ധത്തിന് നിര്‍ബന്ധിതരാവും. രാജ്യം അതിനെ ഗൗരവമായി തന്നെ നേരിടും.

ഏതൊരു സൈനിക നടപടിയും ഇരുഭാഗത്തും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്നും, ആയിരക്കണക്കിന് ക്യൂബക്കാരുടെയും അമേരിക്കക്കാരുടെയും ജീവന്‍ നഷ്ടപ്പെടുന്ന തരത്തിലേക്ക് ഇത് വഴിമാറുമെന്നും ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസും മുന്നറിയിപ്പ് നല്‍കി.

ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിന് മുമ്പാകെ നടത്തിയ പ്രസംഗത്തില്‍, ക്യൂബയ്‌ക്കെതിരായ യു.എസ് നീക്കത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.

തങ്ങളുടെ പരമാധികാരം സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് തന്നെയാണ് ക്യൂബ അന്താരാഷ്ട്ര വേദികളില്‍ അമേരിക്കയുടെ ഏകപക്ഷീയമായ നിലപാടുകളെ തുറന്നുകാട്ടുന്നത്.

Content Highlight: US will not be allowed to control Cuba’s destiny through coercion, military threats: Diplomat

Latest Stories

We use cookies to give you the best possible experience. Learn more