| Sunday, 22nd June 2025, 7:07 pm

പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും വര്‍ദ്ധിക്കുന്നു; ഇന്ത്യയിലേക്ക് സ്ത്രീകള്‍ തനിച്ച് യാത്ര ചെയ്യരുതെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇന്ത്യയിലേക്ക് സ്ത്രീകള്‍ തനിച്ച് യാത്ര ചെയ്യരുതെന്ന് തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. ഇന്ത്യയില്‍ ലൈംഗികാതിക്രമവും സ്ത്രീ പീഡനങ്ങളും വര്‍ദ്ധിക്കുകയാണെന്നും ഇന്ത്യയിലേക്ക് തനിച്ചുള്ള യാത്രകള്‍ സ്വന്തം ഉത്തരവാദിത്വത്തിലായിരിക്കണമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ യാത്രക്കാര്‍ക്ക് നല്‍കിയ ലെവല്‍ ടു അഡൈ്വസറിയിലാണ് അമേരിക്ക വനിതാ യാത്രികര്‍ക്ക് കടുത്ത നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ഈ നിര്‍ദേശങ്ങളിലാണ് ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായുള്ള ആരോപണങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജൂണ്‍ 16നാണ് അമേരിക്ക വിഞ്ജാപന രൂപത്തില്‍ ഇത്തരത്തിലൊരു മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ തീവ്രവാദവും ഭീകരവാദവും വര്‍ദ്ധിക്കുകയാണെന്നും ഈ വിഞ്ജാപനത്തില്‍ പറയുന്നു. നിര്‍ദേശങ്ങള്‍ ലംഘിച്ച് തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കുണ്ടാകുന്ന അപകടങ്ങളെ അത്യാഹിതമായി കണ്ട് നടപടിയെടുക്കാന്‍ ആകില്ലെന്നും അമേരിക്ക വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ മുന്നറിയിപ്പില്ലാതെ ഭീകരവാദ ആക്രമണങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും അത്തരം സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും ചില സംസ്ഥാനങ്ങളുടെ പേരുള്‍പ്പടെ പറഞ്ഞുകൊണ്ടുള്ള ഈ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഖഢ്, പശ്ചിമ ബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഈ വിഞ്ജാപനത്തില്‍ പറയുന്നു.

ഈ സംസ്ഥാനങ്ങളുടെയെല്ലാം തലസ്ഥാനങ്ങളിലേക്ക് പോകാമെന്നും എന്നാല്‍ ഗ്രാമപ്രദേശങ്ങളിലേക്ക് തനിച്ച് യാത്ര ചെയ്യരുതെന്നുമാണ് മുന്നറിയിപ്പ്. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍, മാവോയിസ്റ്റ് സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യരുതെന്ന് നിര്‍ദേശമുണ്ട്. തെലങ്കാന ഉള്‍പ്പടെ നെക്‌സല്‍ സാന്നിദ്ധ്യമുള്ള സംസ്ഥാനമായാണ് അമേരിക്ക ഈ നിര്‍ദേശങ്ങളിലൂടെ വ്യക്തമാക്കുന്നത്.

സ്ത്രീകള്‍ തനിച്ച് യാത്ര ചെയ്താല്‍ അവര്‍ക്ക് നേരെ അതിക്രമങ്ങളുണ്ടാകുമെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങളാണ് അമേരിക്ക പുറത്തിറക്കിയിരിക്കുന്നത്. ഓവര്‍സീസ് സെക്യൂരിറ്റി കൗണ്‍സിലിന്റെ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശങ്ങളുള്ളത്. ജൂണ്‍ 16ന് പുറത്തിറക്കിയ ഈ നിര്‍ദേശങ്ങളോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയും അമേരിക്കയും തമ്മില്‍ വലിയ തരത്തിലുള്ള നയതന്ത്ര ബന്ധമാണുള്ളത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച് പറയുന്നതിനിടയില്‍ തന്നെയാണ് അമേരിക്ക ഇത്തരത്തിലൊരു മുന്നറിയിപ്പ് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്ന തങ്ങളുടെ പൗരന്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്.

content highlights: US warns women not to travel alone to India

We use cookies to give you the best possible experience. Learn more