| Sunday, 20th July 2025, 5:12 pm

ബ്രസീലിയന്‍ ജഡ്ജിമാര്‍ക്കെതിരായ യു.എസ് ഉപരോധം; പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം: ലുല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസീലിയ: മുന്‍ പ്രസിഡന്റ് ജെയ്ര്‍ ബൊള്‍സനാരോയ്‌ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്ത ജഡ്ജിമാര്‍ക്കെതിരെ വിസ ഉപരോധം ഏര്‍പ്പെടുത്തിയ യു.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ.

അമേരിക്കന്‍ സര്‍ക്കാരിന്റെ നടപടി ഏകപക്ഷീയമാണെന്ന് പറഞ്ഞ ലുല സുപ്രീം കോടതി ജഡ്ജിക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിക്കുകയും ചെയ്തു. മറ്റൊരു രാജ്യത്തെ നിയമവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റം പരമാധികാരത്തിന്റേയും ബഹുമാനത്തിന്റേയും അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് യു.എസ്, ബ്രസീല്‍ സുപ്രീം കോടതി ജസ്റ്റിസ് ആയ അലക്സാണ്ട്രെ ഡി മോറേസിനും കുടുംബാംഗങ്ങള്‍ക്കും മറ്റ് പേര് വെളിപ്പെടുത്താത്ത ജുഡീഷ്യറി ഒഫീഷ്യല്‍സിനും വിസ ഉപരോധം ഏര്‍പ്പെടുത്തിയത്. മൊറേസിന് പുറമെ മറ്റ് നിരവധി ബ്രസീലിയന്‍ ന്യായാധിപന്മാരേയും ഉപരോധം ലക്ഷ്യമിട്ടിട്ടുണ്ട്.

ട്രംപ് അനുകൂലിയായ മുന്‍ പ്രസിഡന്റ് ബൊള്‍സനാരോയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് അട്ടിമറിച്ച കുറ്റത്തിന് വാറണ്ടുകളും നിരോധന ഉത്തരവുകളും പുറപ്പെടുവിച്ചതിന് പ്രതികാരസൂചകമായാണ് വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

‘ആരുടേയും ഭീഷണി രാജ്യത്തിന്റെ ഏറ്റവും പ്രധാനമായ ദൗത്യത്തെ വിട്ടുവീഴ്ച്ചയ്ക്ക് വിധേയമാക്കില്ല. ബ്രസീല്‍ എപ്പോഴും ജനാധിപത്യ വ്യവസ്ഥയെ സംരക്ഷിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും,’ ലുല ഡ സില്‍വ പറഞ്ഞു.

ബൊള്‍സനാരോയുടെ പേരില്‍ ഇതാദ്യമായല്ല യു.എസ് ബ്രസീലിനെതിരെ നടപടി എടുക്കുന്നത്. ബൊള്‍സൊനാരോക്കെതിരെ ബ്രസീല്‍ ഭരണകൂടം നടത്തുന്ന നിയമനടപടികള്‍ അന്യായമാണെന്നും വേട്ടയാടലിന് തുല്യമാണെന്നും പറഞ്ഞ് ബ്രിസീലിന് മേല്‍ അടുത്തിടെ 50% താരിഫ് ട്രംപ് ചുമത്തിയിരുന്നു. ഓഗസ്റ്റ് ഒന്ന് മുതലാണ് പുതിയ തീരുവ പ്രാബല്യത്തില്‍ വരിക. ബ്രസീല്‍ പ്രസിഡന്റ് ലുലഡ സില്‍വയെ അഭിസംബോധന ചെയ്ത് എഴുതിയ കത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലെ ഭരണകൂടത്തിന്റെ ഗുരുതരമായ അനീതികള്‍ തിരുത്തുന്നതിന് 50% താരിഫ് അനിവാര്യമാണെന്നും യു.എസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ബ്രസീല്‍ നിയമവിരുദ്ധവുമായ സെന്‍സര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും ട്രംപ് ആരോപിക്കുകയുണ്ടായി.

Content Highlight: US visa ban on Brazilian judges; an invasion of sovereignty: Lula da Silva

We use cookies to give you the best possible experience. Learn more