| Tuesday, 28th April 2026, 11:19 am

യുദ്ധത്തില്‍ ഇറാനെ തൊടാനായിട്ടില്ല; പെന്റഗണ്‍ നിങ്ങളെ അറിയിക്കുന്നതുമല്ല സത്യം; ട്രംപിനെ കണ്ട് വാന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇറാന്‍ യുദ്ധത്തെ സംബന്ധിച്ച പെന്റഗണിന്റെ വിലയിരുത്തലുകളില്‍ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് സംശയം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍.

ഇറാന്‍ യുദ്ധത്തിന്റെ പുരോഗതിയെക്കുറിച്ചും അമേരിക്കയുടെ സൈനിക ശേഷിയെക്കുറിച്ചും പെന്റഗണ്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നല്‍കുന്ന വിവരങ്ങള്‍ വിശ്വസിനീയമല്ലെന്ന രീതിയില്‍ വാന്‍സ് പ്രതികരിച്ചതായാണ് ദി അറ്റ്‌ലാന്റിക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ജോയിന്റ് ചീഫ്‌സ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്‌നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നല്‍കുന്ന ‘അമിത ശുഭാപ്തിവിശ്വാസം’ നിറഞ്ഞ സൈനിക അവലോകനങ്ങളില്‍ വാന്‍സ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായും ദി അറ്റ്ലാന്റിക് റിപ്പോര്‍ട്ട് ചെയ്യുന്നു.

പീറ്റ് ഹെഗ്‌സെത്തും ജനറല്‍ ഡാന്‍ കെയ്‌നും ട്രംപിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് നേരിട്ട് പറയുന്നതിന് പകരം, വിഷയത്തിലുള്ള തന്റെ ആശങ്കകള്‍ എന്ന തരത്തില്‍ ചില കാര്യങ്ങള്‍ വാന്‍സ് ട്രംപിനെ അറിയിച്ചിട്ടുണ്ടെന്നും വാന്‍സിന്റെ ഉപദേശകര്‍ വെളിപ്പെടുത്തി.

ഇറാന്റെ വ്യോമസേനയും നാവികസേനയും ഉള്‍പ്പെടെയുള്ള സൈനിക ശേഷി അമേരിക്ക പൂര്‍ണമായും നശിപ്പിച്ചു എന്ന ഹെഗ്‌സെത്തിന്റെയും കെയ്‌നിന്റെയും വാദങ്ങള്‍ ട്രംപ് ആവര്‍ത്തിക്കുമ്പോഴും, യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്നാണ് വാന്‍സ് ചൂണ്ടിക്കാട്ടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇറാന്‍ പ്രയോഗിക്കുന്ന വിലകുറഞ്ഞ ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിക്കാന്‍ അമേരിക്കയുടെ വിലകൂടിയ മിസൈല്‍ ഇന്റര്‍സെപ്റ്ററുകള്‍ വന്‍തോതില്‍ ചെലവാകുന്നത് രാജ്യത്തിന്റെ ആയുധശേഖരത്തെ ബാധിക്കുമെന്ന് വാന്‍സ് ചൂണ്ടിക്കാട്ടുന്നു. ഈ ആശങ്ക അദ്ദേഹം ട്രംപുമായി പങ്കുവെച്ചിട്ടുണ്ടെന്നാണ് സൂചന.

എന്നാല്‍ ആയുധശേഖരത്തിന്റെ കാര്യത്തില്‍ പ്രസിഡന്റ് ട്രംപും സ്വതന്ത്ര ഏജന്‍സികളും വിരുദ്ധമായ നിലപാടുകളാണ് പുലര്‍ത്തുന്നത്.

‘അമേരിക്കയുടെ യുദ്ധോപകരണ ശേഖരം ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലാണെന്നാണ് ട്രംപിന്റെ വാദം. ‘ ഞങ്ങളുടെ പക്കല്‍ പരിധിയില്ലാത്ത ആയുധശേഖരമുണ്ട്. ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും മികച്ച ഈ ആയുധങ്ങള്‍ ഉപയോഗിച്ച് എത്രകാലം വേണമെങ്കിലും യുദ്ധം ജയിക്കാന്‍ നമുക്ക് സാധിക്കും,’ എന്ന് മാര്‍ച്ച് 2ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

എന്നാല്‍, സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് കഴിഞ്ഞ ആഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, നിലവിലെ മിസൈല്‍ സ്റ്റോക്കുകള്‍ യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് എത്തിക്കാന്‍ നാല് വര്‍ഷം വരെ എടുത്തേക്കാം.

യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ യു.എസ് ആയുധശേഖരം അപര്യാപ്തമായിരുന്നുവെന്നും, ചൈനയുമായുള്ള ഒരു വലിയ പോരാട്ടം ഉണ്ടായാല്‍ അത് നേരിടാന്‍ നിലവിലെ സാഹചര്യം അനുവദിക്കില്ലെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ഇറാന്റെ സൈന്യത്തെ അമേരിക്ക തകര്‍ത്തു എന്ന പെന്റഗണിന്റെ അവകാശവാദം യു.എസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണ്ടെത്തലുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ചില സ്രോതസ്സുകള്‍ വ്യക്തമാക്കുന്നുണ്ട്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇറാന്റെ വ്യോമസേനയുടെ മൂന്നിലൊന്ന് ഭാഗവും ബാലിസ്റ്റിക് മിസൈല്‍ ശേഷിയുടെ പകുതിയിലധികവും ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്.

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കാനും വാണിജ്യ കപ്പലുകളെ ആക്രമിക്കാനും ഉപയോഗിക്കുന്ന ഫാസ്റ്റ് ബോട്ടുകളില്‍ ഭൂരിഭാഗവും ഇറാന്റെ നിയന്ത്രണത്തിലാണ്.

ഏപ്രില്‍ 7ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ശേഷവും ഇറാന്റെ പകുതിയോളം മിസൈല്‍ ലോഞ്ചറുകള്‍ സുരക്ഷിതമാണ്.

ഇറാന്‍ യുദ്ധത്തെ ‘ലോകത്തിനുള്ള സമ്മാനം’ എന്നാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വിശേഷിപ്പിച്ചത്. യു.എസ് നേതൃത്വത്തിലുള്ള ഇറാനിയന്‍ കപ്പലുകള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം ഇന്തോ-പസഫിക് മേഖലയിലേക്ക് വരെ വ്യാപിപ്പിച്ചെന്നും 34 കപ്പലുകള്‍ തിരിച്ചയച്ചെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

എന്നാല്‍, പാകിസ്ഥാന്‍ ജലാശയങ്ങള്‍ വഴി ഇറാന്‍ ഇപ്പോഴും ഈ നിയന്ത്രണങ്ങള്‍ മറികടക്കുന്നുണ്ടെന്ന് സമുദ്ര രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹോര്‍മുസ് കടലിടുക്കില്‍ സൈന്യത്തെ വിന്യസിക്കാത്തതിന് യൂറോപ്യന്‍ സഖ്യകക്ഷികളെ ഹെഗ്‌സെത്ത് വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം യുദ്ധം നീണ്ടുപോകുന്നത് തന്റെ രാഷ്ട്രീയ ഭാവിക്ക് ദോഷം ചെയ്യുമെന്ന് വാന്‍സ് ഭയപ്പെടുന്നുണ്ട്. തുടക്കത്തില്‍ യുദ്ധത്തിന് എതിരായിരുന്ന വാന്‍സ്, ഇപ്പോള്‍ ഭരണകൂടത്തിന്റെ ഭാഗമായതിനാല്‍ യുദ്ധത്തിന്റെ പരാജയങ്ങളില്‍ താന്‍ കൂടി ഉത്തരവാദിയാകുമെന്ന ആശങ്കയിലാണ്.

എന്നാല്‍ ഈ വിഷയത്തില്‍ പ്രസിഡന്റിന് യാതൊരു ആശങ്കയുമില്ലെന്നും പെന്റഗണ്‍ കൃത്യമായ വിവരങ്ങളാണ് നല്‍കുന്നതെന്നും ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. എങ്കിലും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലെ നേതൃത്വ പോരാട്ടങ്ങളിലും ഈ ആഭ്യന്തര ഭിന്നത വലിയ രീയിയില്‍ പ്രതിഫലിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: U.S vice president questions Trump’s Iran war Pentagon briefings: Report

Latest Stories

We use cookies to give you the best possible experience. Learn more