| Friday, 2nd October 2026, 11:06 pm

എച്ച്. വണ്‍. ബി വിസ റദ്ദാക്കുന്നതിനെ താന്‍ പിന്തുണക്കുന്നുവെന്ന് ജെ.ഡി. വാന്‍സ്

റെന്വര്‍ പി

വാഷിങ്ടണ്‍: എച്ച്. വണ്‍ ബി. വിസ റദ്ദാക്കുന്നതിനെ താന്‍ പിന്തുണക്കുന്നുവെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. എച്ച് വണ്‍ ബി വിസ പൂര്‍ണ്ണമായും തകരാറിലായ ഒന്നാണെന്നും യു.എസ് വൈസ് പ്രസിഡന്റ് പറഞ്ഞു. അമേരിക്കന്‍ തൊഴിലാളികള്‍ക്ക് പകരം കുറഞ്ഞ വേതനം വാങ്ങുന്ന വിദേശ തൊഴിലാളികളെ നിയമിക്കാനായി കമ്പനികള്‍ എച്ച്. വണ്‍ ബി. വിസ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് വാന്‍സ് ഈ കാര്യം അഭിപ്രായപ്പെട്ടത്.

‘എന്റെ അഭിപ്രായത്തില്‍ എച്ച്. വണ്‍ ബി. വിസ പദ്ധതി പൂര്‍ണമായും തകരാറിലായ ഒന്നാണ്. അത് പൂര്‍ണമായും എടുത്തുമാറ്റുന്നതിനെ ഞാന്‍ ശക്തമായി പിന്തുണയ്ക്കും. എന്നാല്‍ നിലവില്‍ ഈ പദ്ധതി നിലനില്‍ക്കുന്നിടത്തോളം കാലം, അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്,’ റിയല്‍ അമേരിക്കാസ് വോയ്സ്’ വ്യാഴാഴ്ച സംപ്രേഷണം ചെയ്ത തത്സമയ അഭിമുഖത്തില്‍ യു.എസ് വൈസ് പ്രസിഡന്റ് പറഞ്ഞു.

‘സാങ്കേതികവിദ്യ കമ്പനികള്‍ മാത്രമല്ല, അക്കൗണ്ടിങ് സ്ഥാപനങ്ങളും അടിസ്ഥാനപരമായി അമേരിക്കന്‍ തൊഴിലാളികളെ വഞ്ചിക്കുന്നവരാണ്. എച്ച്. വണ്‍ ബി. വിസ പദ്ധതിയെ അവര്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്,’ എന്നും വാന്‍സ് പറഞ്ഞു.

‘വര്‍ഷം 60,000 ഡോളര്‍ ശമ്പളം വാങ്ങുന്ന ഒരു യു.എസ് അക്കൗണ്ടന്റിനെ മാറ്റി, 45,000 ഡോളര്‍ ശമ്പളം വാങ്ങുന്ന വിദേശ അക്കൗണ്ടന്റിനെ കൊണ്ടുവരികയാണെങ്കില്‍, നിങ്ങള്‍ ഒരു പ്രതിഭയെ കൊണ്ടുവരാനല്ല ആ പദ്ധതി ഉപയോഗിക്കുന്നത്. മറിച്ച്, നിങ്ങള്‍ അമേരിക്കന്‍ തൊഴിലവസരങ്ങള്‍ നശിപ്പിക്കുകയും അമേരിക്കന്‍ ജനതയെ വഞ്ചിക്കുകയുമാണ് ചെയ്യുന്നത്,’ എന്നും വാന്‍സ് പറയുന്നു.

എച്ച്. വണ്‍ ബി. വിസ റദ്ദാക്കിയാല്‍ അത് ഇന്ത്യക്കാര്‍ അടക്കമുള്ളവരെ പ്രതികൂലമായി ബാധിക്കും. അടുത്തിടെ എച്ച് വണ്‍ ബി വിസയ്ക്ക് ഒരു ലക്ഷം ഡോളറിന് മുകളില്‍ ഫീസ് ഈടാക്കുന്നത് സ്ഥിരമാക്കാന്‍ ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ട്രംപ് താത്ക്കാലികമായി ഫീസ് ചുമത്തിയിരുന്നു. ഇതാണ് ഈ വര്‍ഷം ഓഗസ്റ്റില്‍ വര്‍ധിപ്പിക്കാനും സ്ഥിരമാക്കാനും തീരുമാനിച്ചത്.

വര്‍ധിപ്പിച്ച ഫീസ് നിയമവിരുദ്ധമാണോ എന്ന കാര്യം യു.എസ് കോടതിയുടെ പരിഗണനയിലിരിക്കെയായിരുന്നു ഈ തീരുമാനം പുറത്ത് വന്നത്. കഴിഞ്ഞ വര്‍ഷം വിസയുടെ നിരക്ക് ഉയര്‍ത്തിയതിനെ ഫെഡറല്‍ കോടതി തടഞ്ഞിരുന്നു.

എച്ച്. വണ്‍ ബി. വിസ ഉടമകളില്‍ 70 ശതമാനത്തിന് മുകളില്‍ ഇന്ത്യക്കാരാണ്. 2024ല്‍ മാത്രം നാല് ലക്ഷത്തോളം പേര്‍ക്കാണ് യു.എസ് എച്ച്. വണ്‍ ബി. വിസ നല്‍കിയത്. ഇതില്‍ 71 ശതമാനം ഇന്ത്യന്‍ വംശജരാണ്.

പുതിയ ഫീസ് പ്രഖ്യാപിച്ചതിന് പുറമെ ഓഗസ്റ്റ് ആദ്യം തൊഴില്‍ രഹിതരായ എച്ച്. വണ്‍ ബി. വിസ ഉടമകള്‍ക്കുള്ള ഗ്രേസ് പിരിയഡ് ഒഴിവാക്കാന്‍ യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് തീരുമാനിച്ചിരുന്നു. ഇത് അവരെ യു.എസ് വിടാന്‍ നിര്‍ബന്ധിതരാക്കുന്ന നടപടിയാണ്. നേരത്തെ 60 ദിവസമായിരുന്നു തൊഴില്‍ രഹിതരായ എച്ച്. വണ്‍ ബി. വിസ ഉടമകള്‍ക്ക് ഗ്രേസ് പിരിയഡ് നല്‍കിയിരുന്നത്.

Content Highlight: US Vice President JD Vance calls for end to H-1B visa programme

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more