വാഷിങ്ടണ്‍: ഇന്ത്യക്കാരുള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ അമേരിക്കന്‍ പൗരന്മാരുടെ അവസരങ്ങള്‍ കവരുകയാണെന്ന യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ വിമര്‍ശനത്തിനെതിരെ സോഷ്യല്‍ മീഡിയ.
കുടിയേറ്റത്തിനെതിരെ സംസാരിക്കുന്ന ജെ.ഡി. വാന്‍സിന്റെ പങ്കാളി ഇന്ത്യന്‍ വംശജയാണ്. ഇക്കാര്യം ചൂണ്ടക്കാട്ടിയാണ് സോഷ്യല്‍മീഡിയയുടെ വിമര്‍ശനം.
‘കൂട്ട കുടിയേറ്റം അമേരിക്കന്‍ സ്വപ്‌നങ്ങള്‍ കവരുന്നു. എല്ലാക്കാലത്തും അത് അങ്ങനെയാണ്,’ വാന്‍സ് എക്‌സില്‍ കുറിച്ചു.
തന്റെ വീക്ഷണങ്ങളെ ചോദ്യം ചെയ്യുന്ന പഠനങ്ങള്‍ പുറത്തുവിടുന്നത് പഴയ വ്യവസ്ഥിതിയില്‍ സമ്പന്നരാകുന്നവരാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ) രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം വലിയമാറ്റങ്ങളാണുണ്ടായതെന്ന് ലൂസിയാനയില്‍ നിന്നുള്ള ഒരു നിര്‍മാണ കമ്പനി ഉടമ എക്‌സില്‍ കുറിച്ചിരുന്നു.
ഒരു കുടിയേറ്റക്കാരനും ജോലിക്ക് പോകാന്‍ ആഗ്രഹമില്ല. അത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. എന്നാല്‍, ഐ.സി.ഇ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം കഴിഞ്ഞ മൂന്ന് മാസത്തിനിടെ തനിക്ക് ലഭിച്ച കോളുകളേക്കാള്‍ കൂടുതലാണ് ഈ ഒരാഴ്ച തനിക്ക് ലഭിച്ച കോളുകളെന്ന് നിര്‍മാണ കമ്പനി ഉടമ എക്‌സിലൂടെ അഭിപ്രായപ്പെട്ടു.
ഈ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് വാന്‍സിന്റെ കുറിപ്പ്. ഇതിന് താഴെയാണ് ‘ഒരു നിമിഷം, നിങ്ങളുടെ ഭാര്യ കുടിയേറ്റ കുടുംബത്തില്‍ നിന്നുള്ള ഇന്ത്യക്കാരിയല്ലേ?’ എന്ന ചോദ്യം ഉയര്‍ന്നിരിക്കുന്നത്. അമേരിക്കന്‍ കുടിയേറ്റക്കാരായ ഇന്ത്യന്‍ വംശജരുടെ മകളായ ഉഷ വാന്‍സാണ് ജെ.ഡി വാന്‍സിന്റെ പങ്കാളി.
കുടിയേറ്റത്തെ എതിര്‍ക്കുന്ന നിങ്ങള്‍ ഉഷയെയും അവരുടെ ഇന്ത്യന്‍ വംശജരായ കുടുംബത്തെയും നിങ്ങളുടെ മക്കളെയും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കണം. വിമാനടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ ഞങ്ങളെ അറിയിക്കണം. നിങ്ങള്‍ ഒരു മാതൃകയായി മുന്നില്‍ നിന്ന് നയിക്കണം’, എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന മറ്റൊരു പ്രതികരണമിങ്ങനെ.
‘നിങ്ങളുടെ ഭാര്യയും മക്കളും അമേരിക്കന്‍ സ്വപ്‌നങ്ങള്‍ മോഷ്ടിക്കുകയാണ്,’ മറ്റൊരു എക്‌സ് ഉപയോക്താവ് വിമര്‍ശിച്ചു.
ഭാര്യയുടെ കുടുംബത്തെ വെറുക്കുന്നത് മനസിലാവും. പക്ഷെ, ഇതൊരു അതിര് കടന്ന പ്രതികരണമാണെന്ന് ഓര്‍ക്കണമെന്നാണ് മറ്റൊരു കമന്റ്.
വാന്‍സിന്റെ പരാമര്‍ശത്തിനെതിരെ ശക്തമായ എതിര്‍പ്പുകളാണ് ഉയരുന്നത്.
Content Highlight: US Vice President against immigrants; Social media asks isn’t your partner Indian