| Thursday, 5th March 2026, 8:08 am

ഇന്ത്യയും ചൈനയും ആഗോള ശക്തികളാകുന്നത് തടയാനാണ് യു.എസിന്റെ ശ്രമം: ഇറാന്‍

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: ഇന്ത്യയുടേയും ചൈനയുടെയും വളര്‍ച്ച തടയാനാണ് അമേരിക്കയുടെ ശ്രമമെന്ന് ഇറാന്‍. ഇന്ത്യയും ചൈനയും ആഗോള ശക്തിയായി വളരുന്നത് തടയുക എന്നതാണ് ഇറാനിലെ സംഘര്‍ഷത്തിന് പിന്നിലെ പ്രധാന ലക്ഷ്യമെന്നും ഇന്ത്യയിലെ ഇറാന്റെ ഔദ്യോഗിക പ്രതിനിധി അബ്ദുല്‍ മജീദ് ഹകീം ഇലാഹി പറഞ്ഞു. എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും ചൈനയും തങ്ങള്‍ക്ക് തുല്യശക്തികളായി വളരുന്നത് യു.എസിന് താത്പര്യമുള്ള കാര്യമല്ല. എന്നാല്‍ ഭാവിയില്‍ ഇന്ത്യ, ചൈന, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളായിരിക്കും ലോകത്തിലെ ഏറ്റവും ശക്തരായ രാഷ്ട്രങ്ങള്‍. പക്ഷെ യു.എസിന് അങ്ങനെയൊരു പങ്കാളികളെ ആവശ്യമില്ലെന്നും ഹകീം ഇലാഹി പറഞ്ഞു.

ഇറാനല്ല, അമേരിക്കയും ഇസ്രഈലും ചേര്‍ന്നാണ് യുദ്ധം ആരംഭിച്ചത്. ഇറാന്‍ സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. യുദ്ധം ആരംഭിച്ചത് അമേരിക്ക ആയതിനാല്‍ അതവര്‍ തന്നെ അവസാനിപ്പിക്കണമെന്നും ഇലാഹി കൂട്ടിച്ചേര്‍ത്തു.

ഒമാന്റെ മധ്യസ്ഥതയില്‍ അമേരിക്കയുമായി ചര്‍ച്ച നടന്നുവരികയായിരുന്നു. ഒരു സംയുക്ത പ്രസ്താവന നടത്താനിരിക്കെയാണ് യു.എസും ഇസ്രഈലും തങ്ങളെ ആക്രമിച്ചത്. പക്ഷെ അമേരിക്കയുമായി ഇപ്പോഴും ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ ആ ചര്‍ച്ചകള്‍ അന്തസുള്ള രീതിയിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യു.എസ് ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകുകയും വീണ്ടും ആക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്താല്‍ ചര്‍ച്ചയാകാമെന്നും ഇലാഹി വ്യക്തമാക്കി.

അന്തരിച്ച ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ കൊലപാതകം ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും ഇലാഹി പറഞ്ഞു. ഇന്ത്യയോട് ആഴത്തിലുള്ള അടുപ്പം സൂക്ഷ്ച്ചിരുന്ന വ്യക്തിയായിരുന്നു ഖാംനഇയെന്നും ഇലാഹി കൂട്ടിച്ചേര്‍ത്തു.

‘ഖാംനഇ ഇന്ത്യയെ വളരെയധികം സ്‌നേഹിച്ചിരുന്നു. സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍. എന്നെ കാണുമ്പോഴും അല്ലെങ്കില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊരാളെ കാണുമ്പോഴും അദ്ദേഹം ഇന്ത്യക്കാര്‍ക്ക് സലാം പറയുമായിരുന്നു. ഇന്ത്യന്‍ പണ്ഡിതരെ അവരുടെ പേരില്‍ തന്നെ അദ്ദേഹത്തിന് അറിയാം. അതില്‍ മതമുണ്ടായിരുന്നില്ല. ഇന്ത്യയുമായി ഇറാന് വലിയൊരു ബന്ധമുണ്ടെന്ന് ഖാംനഇ പറയാറുണ്ടായിരുന്നു,’ ഹകീം ഇലാഹി പറഞ്ഞു.

ഇന്ത്യന്‍ കവികളെ കാണുമ്പോഴെല്ലാം ഖാംനഇ വളരെയധികം സന്തോഷിച്ചിരുന്നു. അവരുടെ വാക്കുകള്‍ ശ്രദ്ധിച്ച് കേള്‍ക്കുമായിരുന്നു. അഞ്ചില്‍ താഴെ രാജ്യങ്ങളില്‍ മാത്രമേ അദ്ദേഹം ഔദ്യോഗിക പ്രതിനിധികളെ നിയമിച്ചിട്ടുള്ളുവെന്നും ഹകീം ഇലാഹി പറഞ്ഞു.

Content Highlight: US trying to prevent India and China from becoming global powers: Iran

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more