| Monday, 27th October 2025, 12:35 pm

ട്രംപ്-ഷി കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യു.എസും ചൈനയുമായുള്ള വ്യാപാര കരാറിൽ ധാരണയായെന്ന് യു.എസ് ട്രഷറി സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്താനിരിക്കെ വ്യാപാര കരാറിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്.

ചൈനയുടെ അപൂർവ ധാതുക്കളിലെ നിയന്ത്രണങ്ങൾ കുറയ്ക്കുക, യു.എസിൽ ടിക് ടോക്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ചള്ള അന്തിമ കരാർ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു.എസ് ചൈനയ്ക്കുമേൽ ഏർപ്പെടുത്തിയ 100 % താരിഫുകൾ നീക്കം ചെയ്യുമെന്നും അതിനായി രണ്ട് രാജ്യങ്ങളും ഒരു ധാരണയിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉച്ചകോടിക്കായി ഞായറാഴ്ച മലേഷ്യയിലെത്തിയ ട്രംപ് വ്യാഴാഴ്ച ഷി ജിൻപിങ്ങുമായി ദക്ഷിണ കൊറിയയിൽ വെച്ച് കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം യു.എസും ബ്രസീലും തമ്മിൽ ഒരു സമാധാന ഉടമ്പടി ഉണ്ടാകുമെന്ന് മലേഷ്യയിൽ ട്രംപുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷം ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പറഞ്ഞിരുന്നു. താരിഫുകളെ കുറിച്ചും ചർച്ച നടക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിർത്തി തർക്കം നിലനിൽക്കുന്ന തായ്‌ലന്റും കംബോഡിയയും തമ്മിലുള്ള സമാധാന കരാറിനും ട്രംപ് നേതൃത്വം നൽകിയിരുന്നു.

47ാമത് ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപ് മലേഷ്യയിൽ എത്തിയതിന് തൊട്ടുപിന്നാലെ, തായ്‌ലന്റ് പ്രധാനമന്ത്രി അനുട്ടിൻ ചരൺവിരാകുളും കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റും കരാറിൽ ഒപ്പുവെച്ചിരുന്നു.

അമേരിക്ക 100 % നിങ്ങളോടൊപ്പമുണ്ടെന്നും നിരവധി തലമുറകൾക്ക് ശക്തമായ പങ്കാളിയാകാൻ തങ്ങൾ തയ്യാറാണെന്നും ഇത് ഏഷ്യൻ രാജ്യങ്ങൾക്കുള്ള തങ്ങളുടെ സന്ദേശമാണന്നും ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായി മലേഷ്യയിൽ എത്തിയ ട്രംപ് പറഞ്ഞു.

Content Highlight: US Treasury Secretary says US and China trade deal reached ahead of Trump-Xi meeting

We use cookies to give you the best possible experience. Learn more