വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് ടൈംസ് ഇനിമുതല്‍ വിശ്വസനീയമായ പത്രമല്ലെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാനസികാരോഗ്യത്തെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും പക്ഷപാതപരവുമായ റിപ്പോര്‍ട്ട് നല്‍കിയെന്ന് ആരോപിച്ചാണ് ബെസെന്റിന്റെ പ്രസ്താവന.
ട്രംപിനെതിരെ 100 ശതമാനവും വ്യാജമായ കഥകളാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിക്കുന്നതെന്നും സ്‌കോട്ട് ബെസെന്റ് പറഞ്ഞു.
മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മാനസിക പ്രശ്‌നങ്ങളെ കുറിച്ച് എന്‍.വൈ.ടി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ബൈഡന്‍ നേരിടുന്ന മാനസിക വെല്ലുവിളികള്‍ മറച്ചുവെച്ച എന്‍.വൈ.ടി എക്കാലത്തെയും വലിയ അഴിമതിക്കാണ് കൂട്ടുനിന്നതെന്നും ബെസെന്റ് പറഞ്ഞു.
ഇന്നലെ (ബുധന്‍) ന്യൂയോര്‍ക്ക് ടൈംസ് സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് ബെസെന്റിന്റെ വിമര്‍ശനം. എന്‍.വൈ.ടിയെ ‘പനിയുടെ ചതുപ്പ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ബെസെന്റിന്റെ പ്രതികരണം.
‘എന്‍.വൈ.ടിയുടെ പ്രസിദ്ധീകരണം കണ്ട ശേഷം പ്രസിഡന്റ് ട്രംപ് എന്നെ വിളിച്ചിരുന്നു. ഒരു ഹിറ്റ് ജോലിയാണ് അവര്‍ ചെയ്തിരിക്കുന്നതെന്ന് പറഞ്ഞു. ആ മാധ്യമം ജനങ്ങളുടെ ശത്രുവാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, അടുത്തിടെ താനൊരു മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനായിരുന്നുവെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തിരുന്നു,’ എന്നും സ്‌കോട്ട് ബെസെന്റ് പറഞ്ഞു.
താന്‍ ഇനിമുതല്‍ ന്യൂയോര്‍ക്ക് ടൈംസ് വായിക്കില്ലെന്നും ബെസെന്റ് പ്രഖ്യാപിച്ചു. വസ്തുതാപരമായ വിവരങ്ങള്‍ അടങ്ങുന്ന ഒരു പാത്രമായി എന്‍.വൈ.ടിയെ പരിഗണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച കാബിനറ്റ് യോഗത്തിനിടെ ഉറക്കം തൂങ്ങുന്ന ട്രംപിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഒന്നാം ഭരണകാലത്ത് ട്രംപിന് ഉണ്ടായിരുന്ന ചുറുചുറുക്ക് രണ്ടാം ഭരണകാലത്തില്ലെന്ന എന്‍.വൈ.ടിയുടെ റിപ്പോര്‍ട്ടിനെ വിമര്‍ശിച്ചുകൊണ്ടാണ് പ്രസിഡന്റ് യോഗത്തെ അഭിസംബോധന ചെയ്തത്.
എന്നാല്‍ രണ്ടരമണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ പലതവണയായി ഉറക്കം തൂങ്ങിവീഴുന്ന ട്രംപിന്റെ വീഡിയോയാണ് പിന്നീട് പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് എന്‍.വൈ.ടിയെ വിമര്‍ശിച്ചുകൊണ്ട് യു.എസ് ട്രഷറി സെക്രട്ടറി രംഗത്തെത്തിയത്.
Content Highlight: US Treasury Secretary says New York Times is not trustworthy