| Thursday, 29th May 2025, 10:23 am

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള ചൈനീസ് വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കാനൊരുങ്ങി യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ളതും ഭൗതികശാസ്ത്രമടക്കമുള്ള ക്രിറ്റിക്കല്‍ മേഖലകളില്‍ ഗവേഷണം നടത്തുന്നതോ ആയ ചൈനീസ് വിദ്യാര്‍ത്ഥികളുടെ വിസ റദ്ധാക്കുന്നതിനായി യു.എസ് ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആണ് ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്.

ചൈനയ്ക്ക് പുറമെ ഹോങ്കോങ്ങിലെ വിദ്യാര്‍ത്ഥികളേയും ഈ നിര്‍ദേശം ബാധിക്കും. എന്നാല്‍ ക്രിറ്റിക്കല്‍ മേഖല എന്നതുകൊണ്ട് എന്താണ് മാര്‍ക്കോ റൂബിയോ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. പൊതുവെ ഫിസിക്‌സ് ഉള്‍പ്പെടെയുള്ള മേഖലകളേയാണ് ഈ വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇതിന് പുറമെ ഭാവിയില്‍ ചൈനയില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നുമുള്ള അപേക്ഷകരുടെയും വിസകള്‍ സൂക്ഷ്മപരിശോധന നടത്തുന്നതിനായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിസ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുമെന്നും റൂബിയോ അറിയിച്ചിട്ടുണ്ട്.

യു.എസിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ അയയ്ക്കുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് ചൈന. പല യു.എസ് സര്‍വകലാശാലകളുടേയും വരുമാനത്തിന്റെ പ്രധാന ഭാഗം ചൈനയില്‍ നിന്നടക്കമുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ട്യൂഷന്‍ ഫീസാണ്. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഏകദേശം 2,75,000 ചൈനീസ് വിദ്യാര്‍ത്ഥികളാണ് യു.എസില്‍ പഠിക്കുന്നത്.

കഴിഞ്ഞ ദിവസം യു.എസില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഭരണകൂടം സ്റ്റുഡന്റ് വിസകള്‍ക്കുള്ള അഭിമുഖങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

അഭിമുഖങ്ങള്‍ നിര്‍ത്തി വെക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എംബസികള്‍ക്കും കോണ്‍സുലര്‍മാര്‍ക്കും നല്‍കിയിരുന്നു.

സോഷ്യല്‍ മീഡിയ സ്‌ക്രീനിങ്ങും മറ്റ് പരിശോധനയും വിപുലീകരിക്കുന്നതിനുള്ള ഭാഗമായി  പുതിയ നിര്‍ദേശം ലഭിക്കുന്നത് വരെ കോണ്‍സുലാര്‍ വിഭാഗങ്ങള്‍ സ്റ്റുഡന്റ് അല്ലെങ്കില്‍ എക്സ്ചേഞ്ച് വിസിറ്റര്‍ (എഫ്, എം, ജെ) വിസ അപ്പോയിന്റ്മെന്റുകള്‍ നല്‍കരുതെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നിര്‍ദേശം.

ചൈനീസ് വിദ്യാര്‍ത്ഥികളുടെ വിസ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പും എങ്ങനെ റദ്ദാക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ട്രംപിന്റെ ആദ്യ ടേമില്‍ ചൈനയിലെ സൈനിക സര്‍വകലാശാലകളുമായി ബന്ധമുള്ള ആയിരക്കണക്കിന് ചൈനീസ് ബിരുദധാരികളുടെ വിസ റദ്ദാക്കാന്‍ ട്രംപ് ഭരണകൂടം ശ്രമിച്ചിരുന്നു.

Content Highlight: US to revoke visas of Chinese students with ties to Chinese Communist Party

We use cookies to give you the best possible experience. Learn more