| Thursday, 26th June 2025, 7:37 am

ഇറാനുമായി ആണവചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ യു.എസ്; അടുത്ത ആഴ്ച പ്രതിനിധി ചര്‍ച്ചയെന്ന് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇസ്രഈല്‍-ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ ഇറാനുമായുള്ള ആണവചര്‍ച്ചകള്‍ പുനരാംഭിക്കാന്‍ യു.എസ്. ഇറാന്റെയും യു.എസിന്റെയും പ്രതിനിധി ചര്‍ച്ച അടുത്ത ആഴ്ചയുണ്ടാകുമെന്ന് ഡൊണാള്‍ഡ് ട്രംപ്.

ആണവ കരാറില്‍ ഒപ്പുവെയ്ക്കാനുള്ള സാധ്യതകള്‍ വീണ്ടും തുറന്നിടുന്നതായിരിക്കും ചര്‍ച്ചകളെന്ന് ട്രംപ് വ്യക്തമാക്കി. ഇസ്രഈലും ഇറാനും തമ്മിലുള്ള യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാന്‍ ഇറാനെതിരായ യു.എസ് ആക്രമണങ്ങള്‍ സഹായിച്ചുവെന്നും ട്രംപ് പറഞ്ഞു.

അടുത്ത ആഴ്ച ഇറാനുമായി സംസാരിക്കുമെന്നും കരാറില്‍ ഒപ്പുവെച്ചേക്കാമെന്നും പറഞ്ഞ ട്രംപ് അത് അത്ര അത്യാവശ്യമായി തോന്നുന്നില്ലെന്നും ആണവായുധം വികസിപ്പിക്കുന്നതില്‍ ഇറാന്‍ വീണ്ടും ഏര്‍പ്പെടുന്നില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്തിനെയും സമ്പുഷ്ടമാക്കുകയെന്നതാണ് അവര്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും അവര്‍ക്കത് വീണ്ടെടുക്കാന്‍ ആഗ്രഹമുണ്ടെന്നും ട്രംപ് പറഞ്ഞു.

അതേസമയം ചര്‍ച്ച എവിടെ വെച്ച് നടക്കുമെന്നോ വേദിയോ അതിന്റെ കൂടുതല്‍ വിശദാംശങ്ങളോ ട്രംപ് പങ്കുവെച്ചിട്ടില്ല. അനുരഞ്ജനത്തിനുള്ള നയതന്ത്രപാത ടെഹ്‌റാന്‍ പിന്തുടരുമെന്ന് വിശ്വാസമുണ്ടെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ ഇറാന്‍ ആണവ പദ്ധതി പുനര്‍നിര്‍മിക്കാന്‍ ശ്രമിച്ചാല്‍ അതിന് അനുവദിക്കില്ലെന്നും സൈനികമായി ഇനി ആക്രമിക്കില്ലെന്നും പറഞ്ഞ ട്രംപ് ഇറാനുമായി പ്രശ്‌ന പരിഹാരത്തിന് ബന്ധമുണ്ടാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ഇറാനിലേക്ക് ബങ്കര്‍ ബോംബുകള്‍ വര്‍ഷിക്കാനുള്ള തന്റെ തീരുമാനം ഇറാന്റെ ആണവ പദ്ധതിയെ തകര്‍ത്തുവെന്നും ഇത് എല്ലാവരുടെയും വിജയമായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.

ഇറാന്റെ ആണവ കേന്ദ്രം യു.എസിന് തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നിര്‍മാണം രണ്ട് മാസത്തോളം വൈകിപ്പിക്കാന്‍ മാത്രമേ ട്രംപിന് കഴിഞ്ഞിട്ടുള്ളൂവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെയും ട്രംപ് തള്ളി. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പരാജയമാണെന്നായിരുന്നു ട്രംപിന്റെ വാദം.

ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ യു.എസിന് കഴിഞ്ഞിട്ടില്ലെന്നും ഇറാന്റെ ആണവ പദ്ധതികളെ വൈകിപ്പിക്കാന്‍ മാത്രമേ സാധിച്ചിട്ടുള്ളൂവെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 30,000 പൗണ്ട് ബോംബുകള്‍ വിന്യസിച്ചത് ഇറാന്റെ ആണവ പദ്ധതിയെ തകര്‍ത്തുകളഞ്ഞുവെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.

ഇസ്രഈല്‍- ഇറാന്‍ ആക്രമണത്തിനിടെ ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രഈലിന്റെ സഖ്യകക്ഷിയായ അമേരിക്കയും ആക്രമണം നടത്തിയിരുന്നു. ഇറാനിലെ ഫെര്‍ദോ, നതാന്‍സ്, എസ്ഫഹാന്‍ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് അമേരിക്ക ആക്രമണം നടത്തിയത്.

Content Highlight: US to resume nuclear talks with Iran; Trump says representative talks next week

We use cookies to give you the best possible experience. Learn more