| Saturday, 20th December 2025, 6:12 pm

കുട്ടികൾക്കുള്ള മിക്ക വാക്സിനുകളും നിർത്തലാക്കാൻ യു.എസ്

ശ്രീലക്ഷ്മി എ.വി.

വാഷിങ്ടൺ: കുട്ടികൾക്കുള്ള മിക്ക വാക്സിനുകളും നേരിട്ട് ശുപാർശ ചെയ്യുന്നതിൽ നിന്നും പിന്മാറാനും വാക്സിനുകളുടെ എണ്ണം കുറയ്ക്കാനും അമേരിക്ക.

ഡെൻമാർക്കിന്റെ വാക്സിനേഷൻ മാതൃകയ്ക്ക് സമാനമായ രീതി പിന്തുടരാനാണ് യു.എസിന്റെ നീക്കമെന്ന് വാഷിങ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

​കുട്ടികൾക്ക് ഏതൊക്കെ വാക്സിനുകൾ നൽകണം എന്ന കാര്യത്തിൽ മാതാപിതാക്കൾ ഡോക്ടറുമായി സംസാരിച്ച് തീരുമാനമെടുക്കുന്ന തരത്തിലുള്ള മാർഗനിർദേശങ്ങളാണ് ഫെഡറൽ ആരോഗ്യ ഉദ്യോഗസ്ഥർ ഇപ്പോൾ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

രോഗികളെ എങ്ങനെ സംരക്ഷിക്കണം എന്ന കാര്യത്തിൽ ഫെഡറൽ ആരോഗ്യ ഏജൻസികളുടെ മാർഗനിർദേശങ്ങളെ ആശ്രയിക്കുന്ന അമേരിക്കൻ ആരോഗ്യ പരിരക്ഷാ രീതിയിൽ വലിയൊരു മാറ്റമായിരിക്കും ഈ നീക്കമെന്ന് വാഷിങ്‌ടൺ പോസ്റ്റ് പറഞ്ഞു.

വാക്സിനുകളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് ഈ മാസം ആദ്യം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശം നൽകിയിരുന്നു.

ശുപാർശ ചെയ്യപ്പെടാത്ത വാക്സിനുകൾ ഏതൊക്കെയെന്ന് നിലവിൽ വ്യക്തതയില്ല. രാജ്യത്തെ വാക്സിൻ ഷെഡ്യൂളിൽ മാറ്റം വരുത്തിയാലും നിലവിലുള്ള വാക്സിനുകൾ ലഭ്യമാക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു.

ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ വർഷങ്ങളായി കുട്ടിക്കാലത്തെ വാക്സിൻ ഷെഡ്യൂളിനെ വിമർശിക്കുന്ന വ്യക്തിയാണ്. ഇത് കൂടുതൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ തന്റെ നിയമനവുമായി ബന്ധപ്പെട്ട സെനറ്റ് ഹിയറിങുകളിൽ താൻ വാക്സിൻ ഷെഡ്യൂളിനെ പിന്തുണയ്ക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

‘നിങ്ങൾ ഇത് നേരിട്ട് ആരോഗ്യ-മനുഷ്യ സേവന വകുപ്പിൽ നിന്ന് കേൾക്കുന്നില്ലെങ്കിൽ, ഇത് വെറും ഊഹാപോഹങ്ങൾ മാത്രമാണ്,’ വാക്സിൻ ശുപാർശകളിൽ വരുത്താൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ആരോഗ്യ-മനുഷ്യ സേവന വകുപ്പിന്റെ (HHS) വക്താവായ ആൻഡ്രൂ നിക്സൺ പറഞ്ഞു.

റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസിനെതിരെ (ആർ‌.എസ്‌.വി) കുട്ടികൾക്ക് നിലവിൽ ഡെൻമാർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നില്ല. എന്നാൽ യു.എസിൽ അത് നൽകുന്നുണ്ടെന്നും യു.എസിൽ കുട്ടികളുടെ ആശുപത്രി വാസത്തിന്റെ പ്രധാന കാരണം ആർ‌.എസ്‌.വി ആണെന്നും സി.എൻ.എൻ റിപ്പോർട്ട് ചെയ്തു .

കുട്ടികൾക്കുള്ള റോട്ടവൈറസ്, ഹെപ്പറ്റൈറ്റിസ് എ, മെനിംഗോകോക്കൽ, ഫ്ലൂ അല്ലെങ്കിൽ ചിക്കൻപോക്സ് വാക്സിനുകൾ ഡെൻമാർക്ക് ശുപാർശ ചെയ്യുന്നില്ല, അതേസമയം ഈ വാക്സിനുകൾ യു.എസിലുണ്ട്.

യു.എസിലെയും ഡെന്മാർക്കിലെയും ജനസംഖ്യയും രോഗനിരക്കും ആരോഗ്യ സംവിധാനങ്ങളും തമ്മിൽ കാര്യമായ വ്യത്യാസമുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

Content Highlight: US to phase out most childhood vaccines

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more