വാഷിങ്ടണ്‍: എച്ച്-1 ബി വിസയുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ പരിഷ്‌കാരത്തിനൊരുങ്ങി യു.എസ് സര്‍ക്കാര്‍. ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കാനാണ് നിര്‍ദേശം.
കൂടുതല്‍ വേതനം ഉള്ളവര്‍ക്ക് നാല് തവണ വിസ നല്‍കാനാണ് പുതിയ തീരുമാനം. കുറഞ്ഞ വേതനം ഉള്ളവര്‍ക്ക് ഒരു തവണ മാത്രമായിരിക്കും വിസ നല്‍കുക. ഇതിലൂടെ ഉയര്‍ന്ന വൈദ്യഗ്ധ്യമുള്ളവരെ മാത്രം പരിഗണിക്കാനാണ് യു.എസ് ശ്രമിക്കുന്നത്.
വിസകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് ഈടാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് യു.എസ് സര്‍ക്കാരിന്റെ തീരുമാനം. തദ്ദേശീയ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായാണ് പുതിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നതെന്നാണ് ട്രംപ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
കഴിഞ്ഞയാഴ്ചയാണ് എച്ച്-1 വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളറായി ഉയര്‍ത്തിക്കൊണ്ടുള്ള എക്‌സിക്യൂട്ടിവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്.
തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള പ്രൊഫഷണലുകളെ യു.എസിന്റെ തീരുമാനം ആശങ്കയിലാഴ്ത്തിയിരുന്നു. നേരത്തെ എച്ച്-1ബി വിസയ്ക്ക് 1700-5000 ഡോളര്‍ മാത്രമായിരുന്നു ഈടാക്കിയിരുന്നത്. നിലവില്‍ അത് 88 ലക്ഷം ഇന്ത്യൻ രൂപയായാണ് ഉയര്‍ത്തിരിക്കുന്നത്.
പ്രതിവര്‍ഷം യു.എസ് അനുവദിച്ചിരുന്ന എച്ച്-1 ബി വിസയില്‍ ഭൂരിപക്ഷവും നേടിയിരുന്നത് ഇന്ത്യക്കാരാണ്. 2024ല്‍ മാത്രമായി 71 ശതമാനം ഇന്ത്യക്കാര്‍ക്കാണ് അമേരിക്ക എച്ച്-1 ബി വിസ അനുവദിച്ചത്.
അതേസമയം ഫീസ് വര്‍ധന പുതിയ അപേക്ഷകരെ മാത്രമേ ബാധിക്കുകയുള്ളുവെന്ന് യു.എസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് അറിയിച്ചിരുന്നു.
പുതിയ നിയമപ്രകാരമുള്ള ഫീസ് ഒറ്റ തവണത്തേക്ക് മാത്രം ഈടാക്കുന്നതാണെന്നും വര്‍ഷം തോറും ഈടാക്കില്ലെന്നും കരോലിന്‍ വ്യക്തമാക്കിയിരുന്നു. അതായത് പുതിയ അപേക്ഷകര്‍ മാത്രം ഈ ഫീസ് അടച്ചാല്‍ മതി.
നിലവിലുള്ള വിസ പുതുക്കുമ്പോള്‍ പുതിയ ഫീസ് നല്‍കേണ്ടതുമില്ല. നിലവില്‍ എച്ച്-1ബി വിസയുള്ളവര്‍ക്ക് യു.എസില്‍ താമസിക്കാനോ വിദേശത്തേക്ക് പോകാനോ തിരികെ വരാനോ മറ്റു തടസങ്ങളില്ലെന്നും യു.എസ് പ്രസ് സെക്രട്ടറി അറിയിച്ചിരുന്നു.
ഈ മാറ്റങ്ങളെല്ലാം വരാനിരിക്കുന്ന ലോട്ടറി സൈക്കിളില്‍ നടപ്പിലാക്കുമെന്നും കരോലിന്‍ പറഞ്ഞിരുന്നു. എന്നാല്‍ ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കി വെയ്റ്റഡ് സെലക്ഷന്‍ നടപ്പിലാക്കാനാണ് യു.എസ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്.
Content Highlight: US to give preference to highly skilled workers; H-1B visa reforms