| Friday, 24th April 2026, 10:26 pm

ഇറാനെതിരായ നാവിക ഉപരോധം ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കാന്‍ അമേരിക്ക; ഹോര്‍മുസ് കടലിടുക്കില്‍ കര്‍ശന നിയന്ത്രണം

ആദര്‍ശ് എം.കെ.

വാഷിങ്ടണ്‍: ഇറാനെതിരെയുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ നാവിക ഉപരോധം ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. യു.എസ് നാവികസേനയുടെ അനുമതിയില്ലാതെ ഹോര്‍മുസ് കടലിടുക്കില്‍ നിന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഒരു കപ്പലിനും യാത്ര ചെയ്യാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 13ന് ആരംഭിച്ച ഈ നാവിക ഉപരോധം ഇപ്പോള്‍ ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കാനാണ് അമേരിക്ക ഒരുങ്ങുന്നത്.

‘ഇറാന്റെ തുറമുഖങ്ങളിലേക്കോ മറ്റ് പ്രദേശങ്ങളിലേക്കോ പോകുന്നതോ, അവിടെ നിന്ന് വരുന്നതോ ആയ ഏതൊരു രാജ്യത്തിന്റെ കപ്പലുകളെയും കര്‍ശനമായി നിരീക്ഷിക്കുകയും തടയുകയും ചെയ്യും,’ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ജനറല്‍ ഡാന്‍ കെയ്ന്‍ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്കനുസരിച്ച് 34 കപ്പലുകളെ ഇതിനകം തിരിച്ചയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പസഫിക്, ഇന്ത്യന്‍ മഹാസമുദ്രങ്ങളില്‍ ഇറാന്റെ കപ്പലുകളെ തടയുന്ന നടപടികള്‍ തുടരുമെന്നും യു.എസ് സൈന്യം വ്യക്തമാക്കി.

ആണവായുധങ്ങള്‍ ശരിയായ രീതിയില്‍ ഉപേക്ഷിക്കാന്‍ ഇറാന്‍ തയ്യാറാകണമെന്നും ചര്‍ച്ചാ മേശയില്‍ അവര്‍ക്ക് മുന്നില്‍ ഇപ്പോഴും അവസരമുണ്ടെന്നും ഹെഗ്സെത്ത് പറഞ്ഞു. എന്നാല്‍ സമാധാന കരാറിനായി യു.എസ് തിടുക്കം കാണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാനില്‍ വച്ച് ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ ആഴ്ച ആദ്യം നടക്കേണ്ടിയിരുന്ന ചര്‍ച്ചകള്‍ തടസ്സപ്പെട്ട സാഹചര്യത്തിലാണിത്.

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കാന്‍ ഇറാന്‍ ശ്രമിക്കുന്ന ഏതൊരു നീക്കവും വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമായിരിക്കുമെന്ന് ഹെഗ്‌സെത്ത് മുന്നറിയിപ്പ് നല്‍കി.

‘ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തുടരുകയാണ്. എന്നാല്‍ ആരും ആഗ്രഹിക്കുന്നതിലും വളരെ പരിമിതമായ രീതിയിലും കൂടുതല്‍ അപകടസാധ്യതയോടെയുമാണ് അത് നടക്കുന്നത്. കാരണം, ചെറിയ അതിവേഗ ബോട്ടുകളില്‍ ആയുധങ്ങളുമായി ഇറാന്‍ ഉത്തരവാദിത്വമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്,’ ഹെഗ്‌സെത്ത് പറഞ്ഞു.

ഇറാന്റെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഭീഷണിയാകുന്നുണ്ടെന്നും അമേരിക്ക കുറ്റപ്പെടുത്തി.

Content Highlight: US to expand naval sanctions against Iran globally

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more