സാവാപോളോ: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത വിമര്‍ശനവുമായി ബ്രസീല്‍ പ്രസിഡന്റ് ലുല ഡാ സില്‍വ. അന്താരാഷ്ട്ര കപ്പല്‍ ഗതാഗത പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് 20 ശതമാനം നികുതി ഈടാക്കാനുള്ള ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെയാണ് ലുലയുടെ വിമര്‍ശനം.
ട്രംപിന്റെ പുതിയ നയം അമേരിക്കയെ ഒരു ‘കടല്‍ക്കൊള്ളക്കാരുടെ’ രാജ്യമാക്കി മാറ്റുകയാണെന്ന് ലൂല കുറ്റപ്പെടുത്തി. തിങ്കളാഴ്ച സാവോ പോളോയില്‍ നടന്ന ഒരു പൊതുചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
‘ഹോര്‍മുസ് കടലിടുക്കിലെ തടസങ്ങള്‍ നീക്കുമെന്നാണ് പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ കടന്നുപോകുന്ന ഓരോ കപ്പലിലെയും എണ്ണയുടെ ഉടമസ്ഥര്‍ ട്രംപിന് 20 ശതമാനം നികുതി നല്‍കണമത്രേ. പണ്ട് ഇതിനെയാണ് നമ്മള്‍ കടല്‍ക്കൊള്ള എന്ന് വിളിച്ചിരുന്നത്. അമേരിക്കയെപ്പോലൊരു വലിയ രാജ്യം ഇപ്പോള്‍ ഒരു കടല്‍ക്കൊള്ളക്കാരനാകാന്‍ പാടില്ല,’ ലുല പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷാ ചുമതലയേറ്റെടുത്ത് സ്വയം ‘ഗാര്‍ഡിയന്‍ ഓഫ് ഹോര്‍മുസ് സ്‌ട്രെയ്റ്റ്’ എന്ന് പ്രഖ്യാപിച്ചാണ് ട്രംപ് പുതിയ നികുതി ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇത് അമേരിക്കയുടെ തന്നെ വിദേശകാര്യ നയങ്ങള്‍ക്ക് വിരുദ്ധമാണ്.
മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ്, യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ അന്താരാഷ്ട്ര നിയമങ്ങള്‍ ചൂണ്ടിക്കാട്ടി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്രാമധ്യേ കപ്പലുകളില്‍ നിന്ന് നികുതിയോ ടോളോ ഈടാക്കാന്‍ ഒരു രാജ്യത്തിനും അവകാശമില്ലെന്ന് വാദിച്ചിരുന്നു. പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷനും ട്രംപിന്റെ പുതിയ പ്രഖ്യാപനത്തിന് യാതൊരുവിധ നിയമസാധുതയുമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.
Content Highlight: US tax collection in the Strait of Hormuz is piracy: Brazilian President Lula opposes Trump’s toll announcement.