വാഷിങ്ടണ്‍: രണ്ട് മാസത്തിനുള്ളില്‍ തീരുവ വിഷയത്തില്‍ ഇന്ത്യ ക്ഷമാപണം നടത്തുമെന്ന് യു.എസ് വാണിജ്യകാര്യ സെക്രട്ടറി ഹൊവാര്‍ഡ് ലട്‌നിക്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ചുമത്തിയ 50 ശതമാനം തീരുവ തുടരുമെന്നും സെക്രട്ടറി പറഞ്ഞു. യു.എസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലട്‌നിക്കിന്റെ ഭീഷണി.
യു.എസ് വിപണിയില്ലാതെ തങ്ങളുടെ വ്യാപാരങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകില്ലെന്ന് മനസിലാക്കിയ ശേഷം ഇന്ത്യ ക്ഷമാപണം നടത്തുമെന്നാണ് ലട്‌നിക്കിന്റെ വാദം. ഇന്ത്യ യു.എസുമായി വാണിജ്യ കരാറില്‍ ഏര്‍പ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ട്രംപിന് അറിയാമെന്നും ലട്‌നിക് പറഞ്ഞു.
‘മോദിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് ട്രംപിന്റെ മേശയിലായിരിക്കും തീരുമാനിക്കുക. അത് ഞങ്ങള്‍ അദ്ദേഹത്തിന് തന്നെ വിട്ടുനല്‍കുന്നു,’ ലട്‌നിക് വ്യക്തമാക്കി. ധീരമായ നിലപാടുകളെടുത്ത ശേഷം പരാജയപ്പെട്ടുവെന്ന് മനസിലാക്കുമ്പോള്‍ യു.എസിലേക്ക് മടങ്ങി വരേണ്ടി വരുമെന്നും ലട്‌നിക് പറഞ്ഞു.
റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തണം, ബ്രിക്‌സിന്റെ ഭാഗമാകുന്നതില്‍ നിന്ന് പിന്മാറുക, അമേരിക്കയെയും ഡോളറിനെയും പിന്തുണക്കുക തുടങ്ങിയ ആവശ്യങ്ങളും ലട്‌നിക് മുന്നോട്ടുവെച്ചിട്ടുണ്ട്. ചൈനയുമായുള്ള ബന്ധം തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് ചെയ്‌തോളു. എന്നാല്‍ യു.എസിന്റെ ആവശ്യങ്ങള്‍ നിരാകരിക്കുന്നതിടത്തോളം 50 ശതമാനം തീരുവ നല്‍കേണ്ടി വരുമെന്നും ലട്‌നിക് മുന്നറിയിപ്പ് നല്‍കി.
അതേസമയം ഇന്നലെ (വെള്ളി) യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയെയും റഷ്യയെയും ട്രൂത്ത് സോഷ്യലിലൂടെ പരിഹസിച്ചിരുന്നു. ചൈനയുടെ ഇരുണ്ട ഗര്‍ത്തങ്ങളില്‍ ഇന്ത്യയെയും റഷ്യയെയും നഷ്ടപ്പെട്ടുവെന്നായിരുന്നു ട്രംപിന്റെ പരിഹാസം.
മൂന്ന് രാജ്യങ്ങള്‍ക്കും സമൃദ്ധവും ദീര്‍ഘവുമായ ഭാവി ഉണ്ടാകട്ടേയെന്നും ട്രംപ് പറഞ്ഞിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനൊപ്പമുള്ള പുടിന്റെയും മോദിയുടെയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് യു.എസ് പ്രസിഡന്റ് പ്രതികരിച്ചത്. ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന എസ്.സി.ഒ ഉച്ചകോടി പുതിയൊരു ലോകക്രമത്തിന് സാധ്യത നല്‍കുന്നുവെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകള്‍ക്കിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം.
ഇന്ത്യക്കെതിരെ യു.എസ് തീരുവയുദ്ധവും എണ്ണ ഉപരോധങ്ങളും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നരേന്ദ്ര മോദിയുടെ ചൈനീസ് സന്ദര്‍ശനം നടന്നത്. ഷീ ജിന്‍പിങ്ങുമായും പുടിനുമായും കൂടിക്കാഴ്ച നടത്തിയ മോദി നിര്‍ണായകമായ ഏതാനും വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
നിലവില്‍ ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിങ് ജോങ് ഉന്നിന്റെ ചൈനീസ് സന്ദര്‍ശനവും യു.എസ് ഭരണകര്‍ത്താക്കളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
Content Highlight: US tariffs; India will apologize within two months, says US Commerce Secretary