| Wednesday, 7th May 2025, 6:50 am

ട്രംപിന്റെ ട്രാൻസ് മിലിട്ടറി നിരോധനം പ്രാബല്യത്തിൽ; താത്കാലിക അനുമതി നൽകി യു.എസ് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: അമേരിക്കൻ സൈന്യത്തിൽ ട്രാൻസ്‌ ജെൻഡർമാർക്ക് വിലക്ക് ഏർപ്പെടുത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് താത്കാലിക അനുമതി നൽകി യു.എസ് സുപ്രീം കോടതി. ഇതോടെ ആയിരക്കണക്കിൽ ട്രാൻസ് സൈനികർ പിരിച്ചുവിടൽ ഭീഷണിയിലാണ്. ട്രാൻസ് മിലിട്ടറി നിരോധനത്തിനെതിരെയുള്ള കേസ് കോടതിയിൽ തുടരവെയാണ് സുപ്രീം കോടതി നിയമത്തിന് താത്കാലിക അനുമതി നൽകിയത്.

ജനുവരിയിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെയായിരുന്നു ട്രംപ് സൈന്യത്തിൽ ട്രാൻസ്‌ജെൻഡർമാർക്ക് നിരോധനം ഏർപ്പെടുത്തുന്ന രണ്ട് എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവെച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ നിലവിൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന ട്രാൻസ്‌ ജെൻഡർ ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ തുടങ്ങുമെന്ന് പ്രതിരോധ വകുപ്പ് പ്രഖ്യാപിച്ചിരുന്നു.

നാവികസേനയിലെ യുദ്ധവിമാന പൈലറ്റായ കമാൻഡർ എമിലി ഷില്ലിങ് ഉൾപ്പെടെ ഏഴ് സൈനികരും സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്ന ഒരു ട്രാൻസ്‌ ജെൻഡർ വ്യക്തിയും ഭരണകൂടത്തിന്റെ ഈ നീക്കത്തിനെതിരെ കോടതിയിൽ അപ്പീൽ നൽകിയിരുന്നു.

തുടർന്ന് മാർച്ചിൽ ഒരു ഫെഡറൽ കോടതി ഈ നയം തടഞ്ഞു. ട്രാൻസ്‌ ജെൻഡർ സൈനികർ അമേരിക്കൻ സൈന്യത്തിന്റെ ഫലപ്രപ്തി കുറയ്ക്കുമെന്ന സർക്കാരിന്റെ വാദം തെളിയിക്കാൻ ഭരണകൂടത്തിന് കഴിഞ്ഞില്ലെന്ന് കോടതി വിധിച്ചു.

ഈ വിധിയാണിപ്പോൾ സുപ്രീം കോടതി താത്കാലികമായി റദ്ദാക്കിയിരിക്കുന്നത്. മൂന്ന് ലിബറൽ ജസ്റ്റിസുമാരായ സോണിയ സൊട്ടോമയർ, എലീന കഗൻ, കേതാൻജി ബ്രൗൺ ജാക്‌സൺ എന്നിവർ സുപ്രീം കോടതിയുടെ വിധിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി.

കേസിൽ ട്രാൻസ് വിഭാഗത്തെ പ്രതിനിധീകരിച്ച ലാംഡ ലീഗലും ഹ്യൂമൻ റൈറ്റ്സ് കാമ്പെയ്ൻ ഫൗണ്ടേഷനും ഈ തീരുമാനത്തെ ട്രാൻസ്‌ ജെൻഡർ സർവീസ് അംഗങ്ങൾക്ക് ഏറ്റ കനത്ത പ്രഹരം എന്ന് വിശേഷിപ്പിച്ചു.

‘കേസ് തുടരുന്നതിനിടെ ഈ വിവേചനപരമായ നിരോധനം പ്രാബല്യത്തിൽ കൊണ്ടുവരാൻ കോടതി അനുവദിച്ചിരിക്കുകയാണ്. ഇതിലൂടെ സൈനികരുടെ പ്രവർത്തനവുമായി യാതൊരു ബന്ധവുമില്ലാത്ത എന്നാൽ വെറും മുൻവിധി മാത്രമായ ഭരണകൂടത്തിന്റെ വാദത്തിന് കോടതി താത്ക്കാലികമായി അംഗീകാരം നൽകിയിരിക്കുകയാണ്. ട്രാൻസ്‌ ജെൻഡർ വ്യക്തികൾ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന മറ്റെല്ലാ വ്യക്തികളെയും പോലെത്തന്നെയാണ്. ഭരണകൂടം ആവശ്യപ്പെടുന്ന എല്ലാ മാനദണ്ഡങ്ങളും അവർ പാലിക്കുന്നുണ്ട്. തുല്യ സംരക്ഷണത്തിന്റെ ഭരണഘടനാ ഉറപ്പുകളാണ് ഈ നിരോധനം വഴി ലംഘിക്കപ്പെടുന്നത്. ഈ നയം റദ്ദാക്കപ്പെടേണ്ടതാണ്. അത് റദ്ദാക്കപ്പെടുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു,’ വിവിധ സംഘടനകൾ പറഞ്ഞു.

അധികാരമേറ്റ ഉടൻ തന്നെ ട്രാൻസ്‌ ജെൻഡർമാർക്ക് സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ അനുവാദം നൽകുന്ന ബൈഡൻ ഭരണകൂടത്തിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി. ജനുവരി 27 ന് ട്രാൻസ്‌ജെൻഡർമാർക്ക് സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് പ്രസിഡന്റ് രണ്ടാമത്തെ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Content Highlight: US supreme court allows Trump trans military ban to take effect

We use cookies to give you the best possible experience. Learn more