വാഷിങ്ടണ്‍: ശ്രീലങ്കന്‍ തീരത്തിന് സമീപത്ത് വെച്ച് ഇറാന്റെ യുദ്ധക്കപ്പല്‍ മുക്കിയത് യു.എസ് അന്തര്‍വാഹിനിയായ ടോര്‍പ്പിഡോ ഉപയോഗിച്ചാണെന്ന് വെളിപ്പെടുത്തി യു.എസ്.
കപ്പലിന്റെ പേരെടുത്ത് പറയാതെ, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാന്റെ യുദ്ധക്കപ്പല്‍ യു.എസ് അന്തര്‍വാഹിനി മുക്കി കളഞ്ഞെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് മാധ്യമങ്ങളെ അറിയിച്ചു.
ഇറാന് നേരെ കൂടുതല്‍ ആഴത്തില്‍ ആക്രമണം നടത്തുമെന്ന് ഇതേ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ഡാന്‍ കെയ്ന്‍ പറഞ്ഞു.
ഇന്ന് (ബുധനാഴ്ച) വൈകുന്നേരത്തോടെയാണ് ശ്രീലങ്കന്‍ നാവിക സേന, ഐറിസ് ദേന എന്ന ഇറാനിയന്‍ കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് തകര്‍ന്ന നിലയില്‍ കണ്ടെത്തിയെന്ന് അറിയിച്ചത്.
ഇറാന്‍ യുദ്ധക്കപ്പലായ ഐറിസ് ദേനക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട 87 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ശ്രീലങ്കന്‍ കമാന്‍ഡര്‍ ബുദ്ധിക സമ്പത്ത് പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ, 101 പേരെ കാണാതായതായും 78 പേര്‍ക്ക് പരിക്കേറ്റതായും ശ്രീലങ്കന്‍ സേന പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നതായും ശ്രീലങ്കന്‍ അധികൃതര്‍ അറിയിച്ചിരുന്നു.
യുദ്ധകപ്പലില്‍ 180ഓളം നാവികരുണ്ടായിരുന്നെന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി വിജിത ഹെരാത്ത് പറഞ്ഞു.
പരിക്കേറ്റ 32 പേരെ രക്ഷപ്പെടുത്തിയതായും ഇവര്‍ കരാപിതിയയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണെന്നും നാവികസേന ശ്രീലങ്കന്‍ നാവികസേന വക്താവ് അറിയിച്ചിരുന്നു.
മറ്റൊരു രാജ്യം ഉള്‍പ്പെട്ട സംഭവമായതിനാല്‍ തന്നെ യുദ്ധക്കപ്പലിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും ശ്രീലങ്കന്‍ നാവിക സേന പറഞ്ഞു.
അതേസമയം, യു.എസ് ആക്രമണത്തില്‍ തകര്‍ന്ന ഐറിസ് ദേന കപ്പല്‍ വിശാഖപ്പട്ടണത്ത് ഫെബ്രുവരി 25ന് അവസാനിച്ച മിലാന്‍ 2026 അന്താരാഷ്ട്ര ഫ്‌ലീറ്റ് അവലോകനത്തില്‍ പങ്കെടുത്തിരുന്നു.
കപ്പലില്‍ നിന്നും അവസാനമായി ലഭിച്ച സന്ദേശങ്ങള്‍ പ്രകാരം കപ്പല്‍ ഇറാനിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണത്തിനിരയായതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇറാനിലേക്കുള്ള ആക്രമണം തുടരുന്നതിനിടെ ടെഹ്‌റാനിലെ സുരക്ഷാ ആസ്ഥാനം ആക്രമിച്ചെന്ന് ഇസ്രഈല്‍ അവകാശപ്പെട്ടു. ശനിയാഴ്ച യു.എസ്, ഇസ്രഈല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് മാറ്റിവെച്ചു.
പ്രത്യാക്രമണത്തില്‍ സൗദിയിലും കുവൈത്തിലും ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: US submarine sinks Iranian warship off Sri Lankan coast: US confirms