| Saturday, 8th November 2025, 12:47 pm

പ്രതിരോധ ബന്ധം ശക്തമാക്കാന്‍ യു.എസ് അന്തര്‍വാഹിനി ദക്ഷിണ കൊറിയയില്‍; ശക്തമായ നടപടിയെടുക്കുമെന്ന് ഉത്തരകൊറിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്യോങ്‌യാങ്: പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദക്ഷിണ കൊറിയന്‍ തീരത്തേക്ക് യു.എസ് വിമാനവാഹിക്കപ്പല്‍ അയച്ച സംഭവത്തില്‍ പ്രതികരണവുമായി ഉത്തരകൊറിയ.

സംഭവത്തെ അപലപിച്ച ഉത്തര കൊറിയന്‍ പ്രതിരോധമന്ത്രി നോ ക്വാങ് ചോള്‍ കൂടുതല്‍ അക്രമണാത്മകമായ നടപടികള്‍ സ്വീകരിക്കുമെന്ന് ദക്ഷിണ കൊറിയയ്ക്കും യു.എസിനും മുന്നറിയിപ്പ് നല്‍കി.

സുരക്ഷ ശക്തമാക്കുകയും സമാധാനം സംരക്ഷിക്കുകയും ചെയ്യുക എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ശത്രുക്കളുടെ ഭീഷണിക്കെതിരെ കൂടുതല്‍ ആക്രണാത്മകമായ നടപടി സ്വീകരിക്കുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞതായി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞദിവസം കിഴക്കന്‍ തീരത്തുനിന്നും കടലിലേക്ക് ഹ്രസ്വ ദൂര ബാലിസ്റ്റിക് മിസൈല്‍ ഉത്തര കൊറിയ വിക്ഷേപിച്ചിരുന്നു. ഈ പരീക്ഷണത്തെ സംബന്ധിച്ച് വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് മന്ത്രിയുടെ മുന്നറിയിപ്പ്.

സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എല്ലാ കടന്നുകയറ്റങ്ങളെയും ഉത്തര കൊറിയയെ നേരിട്ട് ലക്ഷ്യം വെയ്ക്കുന്നതായി കണക്കാക്കി ആവശ്യമായ രീതിയില്‍ പ്രതിരോധിക്കുമെന്നും മന്ത്രി വിശദീകരിച്ചു. തങ്ങളോട് യു.എസിനുള്ള ശത്രുത മുമ്പ് തന്നെ മനസിലായിട്ടുണ്ട്. അതിനോടെന്നും പ്രതികരിക്കുമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ, സൈബര്‍ കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും ആരോപിച്ച് എട്ട് ഉത്തര കൊറിയന്‍ പൗരന്മാര്‍ക്കും രണ്ട് സ്ഥാപനങ്ങള്‍ക്കുമെതിരെ യു.എസ് നടപടിക്ക് അനുമതി നല്‍കിയിരുന്നു.

പിന്നാലെ, യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ദക്ഷിണ കൊറിയയില്‍ സന്ദര്‍ശനവും നടത്തിയിരുന്നു. ഉത്തര കൊറിയയുടെ ആക്രമണങ്ങളെ തടയുന്നതില്‍ ഊന്നിയായിരിക്കും യു.എസ്- ദക്ഷിണ കൊറിയന്‍ സഖ്യമെന്ന് ഹെഗ്‌സെത്ത് പറഞ്ഞിരുന്നു.

ഇതിനിടെയാണ് ഉത്തര കൊറിയ വെള്ളിയാഴ്ച പുതിയ മിസൈല്‍ പരീക്ഷണം നടത്തിയത്. രാജ്യത്തിന്റെ അതിര്‍ത്തിയിലേക്ക് യു.എസ്-ദക്ഷിണ കൊറിയന്‍ പ്രതിരോധ മേധാവികള്‍ നടത്തുന്ന സന്ദര്‍ശനത്തെയും ഉത്തര കൊറിയന്‍ പ്രതിരോധമന്ത്രി എതിര്‍ത്തിരുന്നു.

ഇരു രാജ്യങ്ങളും ആണവ, പരമ്പരാഗത ആയുധ സേനകളെ സംയോജിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദക്ഷിണ കൊറിയയിലെ ബുസാന്‍ നഗരത്തിന്റെ തീരത്തേക്കാണ് യു.എസ് വിമാനവാഹിനി കപ്പലെത്തിയത്. ിതിനോടൊപ്പം സ്‌ട്രൈക്ക് ഗ്രൂപ്പിനെയും യു.എസ് അയച്ചിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ സേനയ്‌ക്കൊപ്പം ചേര്‍ന്ന് ‘ഫ്രീഡം ഫ്‌ളാഗ്’ എന്ന പേരില്‍ വലിയ തോതിലുള്ള സൈനികാഭ്യാസം ലക്ഷ്യമിട്ടാണ് യു.എസ് നടപടി.

Content Highlight: US submarine arrives in South Korea to strengthen defense ties; North Korea warns of strong action

We use cookies to give you the best possible experience. Learn more