| Tuesday, 10th March 2026, 7:55 am

ഇറാനെതിരെ പോരാടാന്‍ താത്പര്യമില്ല; യു.എസ് സൈനികരുടെ എതിര്‍പ്പ് വെളിപ്പെടുത്തി സംഘടന

അനിത സി

വാഷിങ്ടണ്‍: ഇറാനെതിരായ യു.എസ്, ഇസ്രഈല്‍ സംഘര്‍ഷത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് യു.എസ് സൈനികര്‍. ഇറാനെതിരെയുള്ള സൈനിക നടപടികളില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ച് നിരവധി സൈനികരുടെ ഫോണ്‍ കോളുകള്‍ ലഭിക്കുന്നുണ്ടെന്ന് യുദ്ധത്തോടുള്ള മനസാക്ഷിപരമായ എതിര്‍പ്പുകള്‍ അറിയിക്കാനുള്ള നോണ്‍ പ്രോഫിറ്റ് സംഘടനയായ സെന്റര്‍ ഓണ്‍ കോണ്‍സൈന്‍സ് ആന്‍ഡ് വാര്‍ വെളിപ്പെടുത്തി.

ഇറാനെതിരായ യു.എസിന്റെ ആക്രമണത്തെ ശക്തമായി എതിര്‍ക്കുന്ന ഒരു കൂട്ടം സൈനികര്‍ സേനയിലുണ്ട്. 2003ലെ യു.എസിന്റെ ഇറാഖ് അധിനിവേശത്തോടുള്ള സൈനികരുടെ എതിര്‍പ്പുമായി ഇതിനെ താരതമ്യം ചെയ്യാമെന്നും സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്ക് പ്രൈസ്‌നര്‍ എക്‌സ് പോസ്റ്റിലൂടെ പ്രതികരിച്ചു.

ഇറാനില്‍ ട്രംപ് യു.എസ് സൈന്യത്തെ വിന്യസിക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയതോടെ എതിര്‍പ്പ് അറിയിച്ച് നിരവധി ഫോണ്‍ കോളുകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുകയാണെന്നും പൊതുജനങ്ങള്‍ക്ക് അറിയാവുന്നതിലും കൂടുതല്‍ യൂണിറ്റ് സൈനികരെ ഇറാനിലേക്ക് അയക്കാനാണ് യു.എസ് തയ്യാറെടുക്കുന്നതെന്നും സംഘടന എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ഒരു സൈനികനില്‍ നിന്നും ലഭിച്ച ഫോണ്‍ കോള്‍ പ്രകാരം അദ്ദേഹത്തിന്റെ യൂണിറ്റില്‍ നിന്നും വ്യാപകമായ എതിര്‍പ്പാണ് ഉയരുന്നതെന്നും സംഘടന വെളിപ്പെടുത്തി.

ഇറാനിലെ തെക്കന്‍ മിനാബിലെ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെ യു.എസ് നടത്തിയ വ്യോമാക്രമണമാണ് യു.എസ് സൈനികരുടെ കടുത്ത എതിര്‍പ്പിന് കാരണമായതെന്നും സംഘടന എക്‌സിക്യൂട്ടീവ് അറിയിച്ചു. ആക്രമണത്തില്‍ 165ഓളം കുട്ടികള്‍ കൊല്ലപ്പെട്ടതും അന്താരാഷ്ട്ര ജലാതിര്‍ത്തിയിലെ ഇറാനിയന്‍ ഫ്രിഗേറ്റിന് നേരെയുണ്ടായ ആക്രമണവും സൈനികര്‍ക്കിടയില്‍ വെറുപ്പുണ്ടാക്കിയെന്ന് എക്‌സ് പോസ്റ്റില്‍ പറയുന്നു.

അതേസമയം, ഇറാനെതിരെ കരയുദ്ധത്തിനായി യു.എസ് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി പ്രത്യേക സേനയെ യു.എസ് ഇറാനിലേക്ക് അയക്കാനുള്ള ഒരുക്കങ്ങളിലാണെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

കരയുദ്ധത്തില്‍ വിദഗ്ധരായ യു.എസിന്റെ 82ാമത് എയര്‍ബോണ്‍ ഡിവിഷനിലെ സൈനികര്‍ക്കായി നടത്താനിരുന്ന പരിശീലനം യു.എസ് സൈന്യം റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെ നിര്‍ബന്ധിതമായ സൈനിക സേവനത്തിന് പൗരന്മാരെ നിര്‍ബന്ധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളിക്കളയാന്‍ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വിസമ്മതിക്കുകയും ചെയ്തിരുന്നു.

Content Highlight: US Soldiers Oppose War says Non Profit Organization

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more