| Thursday, 6th November 2025, 8:49 am

യു.എസ് ഷട്ട്ഡൗണ്‍: എഫ്.എ.എ 10 ശതമാനം വിമാന സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസിലെ ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ അടച്ചുപൂട്ടല്‍ തുടരുന്നതിനിടെ 10 ശതമാനം വിമാന സര്‍വീസുകള്‍ കുറക്കുമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്.എ.എ). 40 വിമാനത്തനത്താവളങ്ങളിലെ വിമാനശേഷിയാണ് കുറയ്ക്കുന്നതെന്ന് യു.എസ് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി ബുധനാഴ്ച അറിയിച്ചു.

അതേസമയം, ഏതൊക്കെ വിമാനത്താവളങ്ങളിലാണ് തീരുമാനം നടപ്പാക്കുകയെന്ന് വ്യക്തമല്ല.

ഇതൊരു പ്രാരംഭ നടപടി മാത്രമാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ എടുത്തേക്കാമെന്നും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ബ്രയാന്‍ ബെഡ്‌ഫോര്‍ഡ് പറഞ്ഞു.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അല്ലെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ എയന്‍ലൈന്‍ സംവിധാനമാണെന്ന് പറയാന്‍ സാധിക്കാത്ത തരത്തില്‍ സമ്മര്‍ദമുണ്ടായേക്കാമെന്ന് ബെഡ്‌ഫോര്‍ഡ് പറഞ്ഞു.

അടച്ചുപൂട്ടല്‍ ജീവനക്കാര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും അത് അവഗണിക്കാന്‍ സാധിക്കില്ലെന്നും ബെഡ്‌ഫോര്‍ഡ് പറഞ്ഞു. പ്രശ്‌നം പരിഹരിക്കാനായി കാത്തിരിക്കാനാകില്ലെന്നാണ് അദ്ദേഹം വിശദീകരിച്ചത്.

സുരക്ഷിതമായ രീതിയില്‍ ഇളവ് എങ്ങനെ നടപ്പിലാക്കാമെന്ന് തീരുമാനിക്കുന്നതിനായി കൂടുതല്‍ കൂടിക്കാഴ്ചകള്‍ നടത്തുമെന്ന് ബെഡ്‌ഫോര്‍ഡും ഷോണ്‍ ഡഫിയും പറഞ്ഞു.

എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്നതും ചിലര്‍ ജോലിയില്‍ നിന്ന് പിരിഞ്ഞുപോകുന്നതും രാജ്യത്തുടനീളം വിമാന സര്‍വീസുകളുടെ കാലതാമസത്തിന് കാരണമായിരുന്നു. ജീവനക്കാരുടെ ക്ഷാമം സര്‍വീസുകളെ ബാധിക്കാനാരംഭിച്ചതോടെയാണ് എഫ്.എ.എയുടെ നിര്‍ണായക തീരുമാനം.

36ാം ദിവസം പിന്നിട്ട യു.എസിലെ അടച്ചുപൂട്ടല്‍ മൂലം 13,000 എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്കും അരലക്ഷം ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നിരുന്നു.

ഇതാണ് ജീവനക്കാരുടെ ക്ഷാമം രൂക്ഷമാക്കിയതും വിമാനസര്‍വീസുകളെ ബാധിച്ചതും. തുടര്‍ന്നും കൂടുതല്‍ എയര്‍ ട്രാഫിക് പ്രശ്‌നങ്ങള്‍ ഉര്‍ന്നുവന്നാല്‍ വെള്ളിയാഴ്ചയ്ക്ക് ശേഷം കൂടുതല്‍ വിമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് എഫ്.എ.എ മുന്നറിയിപ്പ് നല്‍കി.

വ്യോമയാന സുരക്ഷയും അപകടസാധ്യതകളും ചൂണ്ടിക്കാട്ടി ഷട്ട്ഡൗണ്‍ അവസാനിപ്പിക്കണമെന്ന് വിമാനക്കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ, യുണൈറ്റഡ് എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ് എന്നിവയുള്‍പ്പെടെ പ്രധാന എയര്‍ലൈനുകളുടെ ഓഹരികള്‍ ഇടിഞ്ഞു. ഒക്ടോബര്‍ ഒന്നിനാണ് യു.എസില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഷട്ട്ഡൗണ്‍ ആരംഭിച്ചത്.

Content Highlight: US shutdown: FAA to cut 10 percent of flight services

We use cookies to give you the best possible experience. Learn more