| Saturday, 8th November 2025, 7:55 am

യു.എസ് ഷട്ട്ഡൗണ്‍: വിമാനസര്‍വീസുകള്‍ തകരാറില്‍; റദ്ദാക്കിയത് 1000ലേറെ വിമാനങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഫെഡറല്‍ സര്‍ക്കാരിന്റെ അടച്ചുപൂട്ടല്‍ കാരണം യു.എസിലെ വിമാന സര്‍വീസുകള്‍ തകരാറിലായി. രാജ്യത്തുടനീളം 1200ഓളം വിമാനങ്ങള്‍ സര്‍വീസുകള്‍ റദ്ദാക്കി.

അടച്ചുപൂട്ടല്‍ കാരണം ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരുടെ സമ്മര്‍ദം കുറയ്ക്കാനായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

കഴിഞ്ഞദിവസം വിമാന സര്‍വീസ് വെട്ടിക്കുറക്കുമെന്ന് എഫ്.എ.എ പ്രഖ്യാപിച്ചിരുന്നു.

അറ്റ്‌ലാന്റ, ഡെന്‍ഡവര്‍, നെവാര്‍ക്ക്, ഷിക്കോഗോ, ലോസ് ഏഞ്ചല്‍സ്, ഹൂസ്റ്റണ്‍ തുടങ്ങിയ പ്രധാനപ്പെട്ട 40 വിമാനത്താവളങ്ങളെ ഈ തീരുമാനം ബാധിച്ചു.

അമേരിക്കന്‍ എയര്‍ലൈന്‍സ് മാത്രം കഴിഞ്ഞദിവസം 220ഓളം വിമാനങ്ങളാണ് റദ്ദാക്കിയത്. ഡെല്‍റ്റ 170ലേറെ സര്‍വീസുകളും സൗത്ത് വെസ്റ്റ് 100ഓളം സര്‍വീസുകളും റദ്ദാക്കി.

നിലവില്‍ നാല് ശതമാനത്തോളം വിമാന സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. അടുത്തയാഴ്ചയോടെ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് യു.എസ് കോണ്‍ഗ്രസ് കരാറിലെത്തിയില്ലെങ്കില്‍ 10 ശതമാനം വിമാനങ്ങള്‍ റദ്ദാക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

അന്താരാഷ്ട്ര വിമാന സര്‍വീസുകളെ കാര്യമായി ഷട്ട്ഡൗണ്‍ ബാധിച്ചിട്ടില്ലെങ്കിലും യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ വലിയ അസൗകര്യങ്ങളാണ് നേരിടേണ്ടി വരുന്നത്.

നീണ്ട എമിഗ്രേഷന്‍ വരിയും കാലതാമസവും അവസാന നിമിഷത്തെ റദ്ദാക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളും യാത്രക്കാരെ വലയ്ക്കുകയാണ്.

അതേസമയം, യു.എസിലെ ആറ് ആഴ്ചയായി നീണ്ടുനില്‍ക്കുന്ന അടച്ചുപൂട്ടല്‍ പ്രത്യാഘാതങ്ങള്‍ തുറന്നുകാണിച്ചുതുടങ്ങിയിട്ടുണ്ട്. പല ഫെഡറല്‍ ജീവനക്കാരും ശമ്പളമില്ലാതെ ജോലി ചെയ്യുന്നത് തുടരുകയാണ്.

തിരക്കേറിയ താങ്ക്‌സ് ഗിവിങ് സീസണ്‍ ആരംഭിക്കാനിരിക്കെ ഷട്ട്ഡൗണ്‍ തുടരുന്നത് കൂടുതല്‍ വിമാന സര്‍വീസുകളെ ബാധിച്ചേക്കുമെന്ന് വിമാന കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി.

Content Highlight: US Shutdown: Air services disrupted; over 1000 flights canceled

We use cookies to give you the best possible experience. Learn more