| Tuesday, 10th March 2026, 10:40 am

ഇറാനെ ആക്രമിച്ചില്ലെങ്കില്‍ പ്രതിരോധ കരാറിനില്ല; സൗദിയെ ഭീഷണിപ്പെടുത്തി യു.എസ് സെനറ്റര്‍

അനിത സി

വാഷിങ്ടണ്‍: സൗദി അറേബ്യ ഇറാനെതിരെ ആക്രമണം നടത്തിയില്ലെങ്കില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കും അനന്തര ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി യു.എസിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം. സൗദിയുമായുള്ള പ്രതിരോധ കരാറില്‍ നിന്നും പിന്മാറുമെന്നാണ് യു.എസ് സെനറ്ററുടെ ഭീഷണി.

ഇറാനെതിരായ ആക്രമണത്തെ തുടക്കം മുതല്‍ സൗദി എതിര്‍ത്തിരുന്നു.

‘മേഖലയെ തന്നെ ഭീതിയിലാഴ്ത്തി ഏഴ് അമേരിക്കക്കാരെ കൊലപ്പെടുത്തിയ ക്രൂരരായ ഇറാനിയന്‍ ഭരണകൂടത്തിന് അന്ത്യം കുറിക്കാനുള്ള ശ്രമങ്ങള്‍ക്ക് തങ്ങളുടെ സൈന്യത്തെ വിട്ടുനല്‍കാന്‍ സൗദിക്ക് സമ്മതമല്ലെന്ന് ഞാന്‍ മനസിലാക്കുന്നു.

പരസ്പര താത്പര്യമുള്ള ഒരു പോരാട്ടത്തില്‍ പങ്കുചേരാന്‍ തയ്യാറാകാത്ത സൗദി അറേബ്യ പോലുള്ള ഒരു രാജ്യവുമായി അമേരിക്ക ഒരു പ്രതിരോധ കരാര്‍ ഉണ്ടാക്കുമോ?’, ഗ്രഹാം എക്‌സ് പോസ്റ്റില്‍ കുറിച്ചു.

‘അമേരിക്കക്കാര്‍ കൊല്ലപ്പെടുന്നു. ഭീകരരായ ഇറാന്റെ ഭരണകൂടത്തെ പുറത്താക്കാന്‍ യു.എസ് കോടിക്കണക്കിന് പണം ചെലവഴിക്കുന്നു. എന്നാല്‍ സൗദി പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും നേരിയ തോതില്‍ സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്ന പ്രതീതി ഉണ്ടാക്കുകയും ചെയ്യുന്നു. ജി.സി.സി ഇനിയും ഇടപെട്ടില്ലെങ്കില്‍ കൂടുതല്‍ അനന്തര ഫലങ്ങള്‍ ഉണ്ടാകും’, ഗ്രഹാം എക്‌സിലൂടെ പ്രതികരിച്ചു.

ഇറാനെ ആക്രമിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി താവളങ്ങളിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും സൗദി യു.എസ് ഉദ്യോഗസ്ഥരെ വിലക്കിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് ഗ്രഹാമിന്റെ പുതിയ പ്രസ്താവന.

നേരത്തെ, റാന്‍ സൗദിയിലെ അമേരിക്കന്‍ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളവും യു.എസ് എംബസിയുടെ ഭാഗങ്ങളും ആക്രമിച്ചിരുന്നു. തുടര്‍ന്ന് റിയാദിലെ യു.എസ് എംബസി ഒഴിപ്പിച്ചിരുന്നു. പിന്നാലെയാണ് ഇറാനെതിരെ ആക്രമണം നടത്താന്‍ ജി.സി.സി രാജ്യങ്ങളോട് യു.എസ് ആഹ്വാനം ചെയ്തിരിക്കുന്നത്.

നേരത്തെ, കഴിഞ്ഞമാസം താന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ സന്ദര്‍ശിച്ചത് ഇറാനെതിരായ ആക്രമണത്തില്‍ സൗദിയെ പങ്കാളിയാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നെന്ന് ഗ്രഹാം വെളിപ്പെടുത്തിയിരുന്നു.

മാര്‍ച്ച് ഒന്നിന് സൗദിയിലെ യു.എസ് സൈനിക താവളത്തിലേക്ക് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ഒരു യു.എസ് സൈനികന്‍ കഴിഞ്ഞദിവസം മരണപ്പെട്ടതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് തിങ്കളാഴ്ച അറിയിച്ചിരുന്നു.

Content Highlight: US Senator threatens Saudi Arabia, says no defense pact if Iran is not attacked Iran

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more