വാഷിങ്ടണ്‍: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം താരിഫ് ചുമത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി യു.എസ് സെനറ്റര്‍.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലേറെയായി കെട്ടിപ്പടുത്ത ഇന്ത്യ-യു.എസ് ബന്ധം ട്രംപിന്റെ ഈ താരിഫ് നടപടി കാരണം അപകടത്തിലായെന്ന് യു.എസ് കോണ്‍ഗ്രസ് അംഗം കൂടിയായ ഗ്രിഗറി മീക്‌സ് പറഞ്ഞു.
‘ ഇന്ത്യയും അമേരിക്കയും തമ്മില്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായുള്ള ബന്ധമാണ്. ഏറെ കരുതലോടെ, പരിശ്രമത്തോടെ പടുത്തുയര്‍ത്തിക്കൊണ്ടുവന്ന വ്യാപാര ബന്ധമാണ് അത്. ഇതാണ് ട്രംപിന്റെ കോപം കാരണം ഇല്ലാതായിരിക്കുന്നത്. ഇത് ഭാവിയില്‍ വലിയ അപകടം ചെയ്യും,’ അദ്ദേഹം പറഞ്ഞു.
അതേസമയം യു.എസിന് തന്ത്രപരവും ആഴത്തിലുള്ളതുമായ സാമ്പത്തിക അടിത്തറയുണ്ടെന്നും തങ്ങളുടെ ജനാധിപത്യ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തില്‍ പരസ്പര ബഹുമാനത്തോടെയാണ് ആശങ്കകള്‍ പരിഹരിക്കേണ്ടതെന്നുമായിരുന്നു യു.എസ് വിദേശ നയ ഹൗസ് കമ്മിറ്റി പറഞ്ഞത്.
കഴിഞ്ഞ മാസമായിരുന്നു ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം അടിസ്ഥാന തീരുവ ചുമത്തുകയും വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തത്. അതിന് പിന്നാലെ കഴിഞ്ഞ ദിവസം 25 ശതമാനം താരിഫ് കൂടി ഇന്ത്യയ്ക്ക് മേല്‍ ചുമത്തുകയായിരുന്നു.
ട്രംപിന്റെ ആഗോള താരിഫുകള്‍ വ്യാഴാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നത്. പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പ്, വാഷിംഗ്ടണ്‍ സെമികണ്ടക്ടര്‍ ഇറക്കുമതികള്‍ക്ക് 100 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്.
ട്രംപിന്റെ നീക്കം ‘അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവുമാണ്’ എന്നാണ് ഇന്ത്യ പ്രതികരിച്ചത്. ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അമേരിക്കയിലേക്കുള്ള കയറ്റുമതിയുടെ ഏകദേശം 55 ശതമാനത്തെയും ബാധിക്കുന്ന ഒരു ‘കടുത്ത തിരിച്ചടി’ എന്നാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്.
Content Highlight: US Senator Slams Donald Trump Over 50% Tariff On India