| Wednesday, 2nd July 2025, 8:04 am

ട്രംപിന്റെ വിവാദ വൺ ബിഗ്, ബ്യൂട്ടിഫുൾ ബിൽ കഷ്ടിച്ച് സെനറ്റ് കടന്നു; അന്തിമ വോട്ടെടുപ്പിനായി സഭയിലേക്കയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ നികുതി ബിൽ പാസാക്കി അമേരിക്കൻ സെനറ്റ്. അന്തിമ വോട്ടെടുപ്പിനായി ബിൽ പ്രതിനിധി സഭയിലേക്ക് അയച്ചിരിക്കുകയാണ്. റിപ്പബ്ലിക്കൻ കൺട്രോൾഡ് ചേംബറിൽ ഒരു വോട്ടിനാണ് ബിൽ പാസായത്. 50 വോട്ടിനെതിരെ 51 വോട്ടുകളാണ് ബില്ലിന് ലഭിച്ചത്. വൈസ് പ്രസിഡന്റ് ജെഡി വാൻസ് ടൈ ബ്രേക്കിംഗ് വോട്ട് രേഖപ്പെടുത്തിയതാണ് നിർണായകമായത്.

പ്രസിഡന്റിന്റെ പാർട്ടിയിലെ ചിലരിൽ നിന്ന് തന്നെ നിയമനിര്മാണത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. എങ്കിലും 24 മണിക്കൂറിലധികം നീണ്ട ചർച്ചകൾക്കൊടുവിൽ വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്റ്റ് കഷ്ടിച്ച് സെനറ്റ് കടക്കുകയായിരുന്നു.

റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോളും നോർത്ത് കരോലിനയിൽ നിന്നുള്ള തോം ടില്ലിസും ബില്ലിനെതിരെ വോട്ട് ചെയ്തു. ലിബർട്ടേറിയൻ ആയ പോൾ, ബിൽ അമേരിക്കയുടെ കടം വർധിപ്പിക്കുമെന്ന് വിമർശിച്ചു. അതേസമയം തോം ടില്ലിസ് മെഡിക്കൽ വിടുകൾക്കുള്ള പണം വെട്ടിക്കുറക്കുന്നത് വിമർശിച്ചു.

അതേസമയം കഴിഞ്ഞ ദിവസം ട്രംപിന്റെ ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ മുൻ തലവനും ശതകോടീശ്വരനുമായ എലോൺ മസ്‌ക് പുതിയ നിയമനിർമാണത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. ട്രംപ് മുന്നോട്ടുവെച്ച ബിൽ ഒരു ഡെറ്റ് സ്ലേവറി ബിൽ (debt slavery bill ) ആണെന്ന് വിമർശിച്ച മസ്‌ക് അദ്ദേഹം ആ ബിൽ പാസാക്കിയാൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും പറഞ്ഞിരുന്നു.

‘സർക്കാർ ചെലവുകൾ കുറയ്ക്കുമെന്ന് വാഗ്ദാനം നൽകുകയും അതേസമയം ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ കടം ഉണ്ടാകാൻ കാരണമാകുന്ന ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത കോൺഗ്രസിലെ അംഗങ്ങളെല്ലാവരും ലജ്ജിക്കണം. അടുത്ത വർഷം അവർ പ്രൈമറി തോൽക്കുമെന്ന് ഞാൻ ഉറപ്പാക്കും

ഈ ഭ്രാന്തമായ ബിൽ പാസായാൽ അടുത്ത ദിവസം തന്നെ അമേരിക്ക പാർട്ടി രൂപീകരിക്കപ്പെടും. നമ്മുടെ രാജ്യത്തിന് ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടികൾക്ക് പകരമായി ഒരു ബദൽ ആവശ്യമാണ്. അതുവഴി ജനങ്ങൾക്ക് യഥാർത്ഥത്തിൽ ഒരു ശബ്ദമുണ്ടാകും,’ മസ്‌ക് പറഞ്ഞു.

മുമ്പ് ട്രംപിനെ പിന്തുണയ്ക്കുകയും അദ്ദേഹത്തിന്റെ പ്രചാരണത്തിന് 250 മില്യൺ ഡോളറിലധികം സംഭാവന നൽകുകയും ചെയ്തിട്ടുള്ള മസ്‌ക്, ട്രംപിന്റെ നികുതി ബില്ലിനെതിരെ നിരന്തരം ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. ഈ ബിൽ രാജ്യത്തിന്റെ മൊത്തം കടം അഞ്ച് ട്രില്യൺ ഡോളറിലധികം വർധിപ്പിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

‘വൺ ബിഗ്, ബ്യൂട്ടിഫുൾ ബിൽ’ എന്ന് പേരിട്ടിരിക്കുന്ന ഈ ബിൽ പ്രതിരോധം, ഊർജം, അതിർത്തി സുരക്ഷ എന്നിവയ്ക്കായി കൂടുതൽ പണം ചെലവഴിക്കാൻ ആവശ്യപ്പെടുന്നു. അതേസമയം പോഷകാഹാര, ആരോഗ്യ സംരക്ഷണ പദ്ധതികളിലെ ധനസഹായം ഈ ബില്ലിൽ വെട്ടിക്കുറക്കപ്പെടും. ഈ ബിൽ പ്രാബല്യത്തിൽ വന്നാൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ അമേരിക്കയുടെ ദേശീയ കമ്മിയിൽ ഏകദേശം 3.3 ട്രില്യൺ ഡോളർ അധികരിക്കുമെന്ന് കോൺഗ്രസ് ബജറ്റ് ഓഫീസ് പറയുന്നു.

Content Highlight: US Senate Republicans narrowly pass Trump’s ‘big, beautiful’ bill

We use cookies to give you the best possible experience. Learn more