വാഷിങ്ടണ്‍: കയറ്റുമതി നിയന്ത്രണങ്ങള്‍ ലംഘിച്ച് നിയമവിരുദ്ധമായി ചൈനയിലേക്ക് വഴിതിരിച്ച് വിടാന്‍ സാധ്യത കൂടുതലുള്ള എ.ഐ ചിപ്പുകളുടെ കയറ്റുമതിയില്‍ യു.എസ് രഹസ്യമായി ലൊക്കേഷന്‍ ട്രാക്കിങ് ഉപകരണങ്ങള്‍ വെച്ചതായി റിപ്പോര്‍ട്ട്.
കള്ളകടത്ത് തടയാനും അമേരിക്കന്‍ സാങ്കേതികവിദ്യയുടെ ആധിപത്യം നിലനിര്‍ത്താനും വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഇതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുമ്പ് 2022 മുതല്‍ യു.എസ് ചൈനക്കുള്ള അത്യാധുനിക ചിപ്പുകളുടെ വില്‍പന തടയാന്‍ ആരംഭിച്ചിരുന്നു.
എന്‍വിഡിയ, എ.എം.ഡി ഉള്‍പ്പെടെയുള്ള ചില നിര്‍മാതാക്കള്‍ ചൈനക്ക് അഡ്വാന്‍സ്ഡ് ചിപ്പുകള്‍ വില്‍ക്കുന്നത് യു.എസ് നിയന്ത്രിച്ചിരുന്നു. ദേശീയ സുരക്ഷാ ആശങ്കകള്‍ ആരോപിച്ചായിരുന്നു യു.എസ് ഭരണകൂടത്തിന്റെ ഈ നീക്കം.
കയറ്റുമതി നിയന്ത്രണങ്ങള്‍ ലംഘിച്ച് ലാഭം സ്വന്തമാക്കുന്ന ആളുകള്‍ക്കും കമ്പനികള്‍ക്കും എതിരെ കേസെടുക്കാന്‍ സഹായിക്കുന്നതാണ് ഈ ലൊക്കേഷന്‍ ട്രാക്കറുകള്‍. യു.എസ് ഇത് ഉപയോഗിക്കുന്നതായി റോയിട്ടേഴ്‌സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അമേരിക്കയുടെ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് സെക്യൂരിറ്റി ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാറുണ്ടെന്നും എഫ്.ബി.ഐയും ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷനും ഇതില്‍ പങ്കാളിയാകാന്‍ സാധ്യതയുണ്ടെന്നും റോയിട്ടേഴ്‌സ് പറഞ്ഞു.
ചില ട്രാക്കിങ് ഉപകരണങ്ങള്‍ ഷിപ്പ്‌മെന്റ് പാക്കേജിനുള്ളില്‍ വെക്കുമ്പോള്‍, അതിന്റെ ചെറിയ വേര്‍ഷനുകള്‍ സെര്‍വറിനുള്ളില്‍ പോലും യു.എസ് ഒളിപ്പിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആരാണ് ഇത് ചെയ്തതെന്നോ ഷിപ്പിങ് റൂട്ടില്‍ എവിടെയാണ് ഇവ സ്ഥാപിച്ചതെന്നോ വ്യക്തമല്ല.
അതേസമയം ഇത് വര്‍ഷങ്ങളായി വിവിധ രാജ്യങ്ങളിലേക്കുള്ള വഴിതിരിച്ചുവിടലുകള്‍ പിടികൂടുന്നതിനുള്ള യു.എസിന്റെ ഒരു തന്ത്രമായാണ് കണക്കാക്കുന്നത്.
സമാനമായ രീതിയില്‍ യു.എസ് മുമ്പും ലൊക്കേഷന്‍ ട്രാക്കറുകള്‍ ഉപയോഗിക്കുകയും അതിന്റെ സഹായത്തില്‍ നിരവധി ഷിപ്പ്‌മെന്റുകള്‍ ട്രാക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ സെമികണ്ടക്ടറുകളുടെ നിയമവിരുദ്ധമായ വഴിതിരിച്ചുവിടലിനെ ചെറുക്കാന്‍ യു.എസ് ഇവ ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: US secretly embeds location tracking devices in AI chip exports