| Saturday, 10th October 2026, 8:33 am

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരെ പുതിയ ഉപരോധവുമായി യു.എസ്; പ്രശംസിച്ച് നെതന്യാഹു

റെന്വര്‍ പി

വാഷിങ്ടണ്‍: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരെ (ഐ.സി.സി) പുതിയ ഉപരോധവുമായി യു.എസ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയാണ് പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചത്. ഐ.സി.സി മുന്‍ ജഡ്ജ് നവി പിള്ളക്ക് സമാധാന നൊബേല്‍ പുരസ്‌കാരം ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാിരുന്നു നടപടി.

കോടതിയിലെ ഉദ്യോഗസ്ഥരെയോ പിന്തുണ നല്‍കുന്ന ഗ്രൂപ്പുകളെയോ ലക്ഷ്യമിടുന്ന ഉപരോധങ്ങളായിരുന്നു യു.എസ് നേരത്തെ ചുമത്തിയിരുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി അന്താരാഷ്ട്ര നീതിന്യായ കോടതി എന്ന സ്ഥാപനത്തെ തന്നെയാണ് പുതിയ ഉപരോധങ്ങള്‍ ലക്ഷ്യമിടുന്നത്.

കോടതിയെ ഇല്ലാതാക്കാന്‍ സര്‍ക്കാരിന്റെ സമ്പൂര്‍ണ പങ്കാളിത്തത്തോടെയുള്ള സമീപനം സ്വീകരിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ ഉപരോധം.

ഐ.സി.സിയെ നിയമവിരുദ്ധ കോടതിയെന്ന് മാര്‍കോ റൂബിയോ വിശേഷിപ്പിച്ചു. ഈ നിയമവിരുദ്ധ കോടതിയുമായുള്ള ഇടപാടുകള്‍ ഞങ്ങള്‍ നിരോധിക്കും. അവരുടെ സാമ്പത്തിക ശ്രോതസ്സുകള്‍ തടയുകയും നമുക്കെതിരെ പ്രവര്‍ത്തിക്കാനുള്ള അവരുടെ ശേഷി ഇല്ലാതാക്കുകയും ചെയ്യുമെന്നും റൂബിയോ പറഞ്ഞു.

അമേരിക്കയും അമേരിക്കന്‍ ജനതയും ഈ വ്യാജ ഐ.സി.സിയുടെ അധികാരപരിധിയില്‍ വരുന്നവരല്ലെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ റൂബിയോ പറഞ്ഞു. ഒന്നുകില്‍ ഐ.സി.സി അവരുടെ ഭീഷണികള്‍ അവസാനിപ്പിക്കണം. അല്ലെങ്കില്‍ ഞങ്ങള്‍ ഐ.സി.സിയെ അവസാനിപ്പിക്കുമെന്നും റൂബിയോ പറഞ്ഞു.

ഗസയില്‍ നടത്തിയ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ ഐ.സി.സി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐ.സി.സിക്കെതിരെ യു.എസ് നീക്കങ്ങള്‍ ആരംഭിച്ചത്.

നേരത്തെ ഐ.സി.സിയിലെ ജഡ്ജിമാര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കുമെതിരെ യു.എസ് ഉപരോധം ചുമത്തിയിരുന്നു. അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന യു,എന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ക്കും, കോടതിക്ക് തെളിവുകള്‍ നല്‍കിയ ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനകള്‍ക്കുമെതിരെയും യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

നിയമവാഴ്ചയ്ക്കും അന്താരാഷ്ട്ര നിയമക്രമത്തിന്റെ അടിത്തറയ്ക്കും നേരെയുള്ള ആക്രമണമെന്ന് ഉപരോധത്തെ എ.സി.സി അപലപിച്ചു. എ.സി.സിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ 125 അംഗരാജ്യങ്ങള്‍ തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതേസമയം, ഉപരോധത്തെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രശംസിച്ചു. ഐസിസിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള നിര്‍ണായക തീരുമാനമെടുത്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും സെക്രട്ടറി റൂബിയോയെയും താന്‍ അഭിനന്ദിക്കുകയാണെന്ന് നെതന്യാഹു എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ഐ.സി.സി ഒരു കോടതിയല്ലെന്നും ലോകത്താകെയുള്ള നിയമവാഴ്ച പാലിക്കുന്ന ജനാധിപത്യരാജ്യങ്ങള്‍ക്കും ഭീഷണിയാണെന്നും നെതന്യാഹു ആരോപിച്ചു. ദേശീയ സമഗ്രത എന്ന ആശയത്തിന് തന്നെയും മാരകമായ ഭീഷണി ഉയര്‍ത്തുന്ന ഒരു രാഷ്ട്രീയ സംവിധാനമാണതെന്നും നെതന്യാഹു ആരോപിക്കുന്നു. ട്രംപ് ഭരണകൂടത്തിന് നെതന്യാഹു നന്ദി പറയുകയും ചെയ്തു.

Content Highlight: US sanctions International Criminal Court in major escalation

 
റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more