| Thursday, 19th June 2025, 4:06 pm

വിദേശവിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ പുനസ്ഥാപിച്ച് യു.എസ്; എന്നാല്‍ ഒരു നിബന്ധന

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നല്‍കുന്നത് പുനസ്ഥാപിച്ച് യു.എസ് ഭരണകൂടം. എന്നാല്‍ വിസയ്ക്കായി അപേക്ഷിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരം ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം എന്ന നിബന്ധനയും യു.എസ് ഭരണകൂടം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ചിട്ടുണ്ട്.

ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന അക്കൗണ്ടുകളില്‍ അമേരിക്കയ്‌ക്കോ അവിടുത്തെ സര്‍ക്കാരിനോ രാജ്യത്തിന്റെ സംസ്‌കാരത്തിനോ എതിരായ പോസ്റ്റുകളോ സന്ദേശങ്ങളോ ഉണ്ടെങ്കില്‍ അവ കോണ്‍സുലറിലെ ഓഫീസര്‍മാര്‍ നിരീക്ഷിക്കുമെന്നും അറിയിപ്പുണ്ട്.

സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പ്രൈവറ്റ് ആക്കി വെക്കുന്ന വിദ്യാര്‍ത്ഥികളുടെ വിസ അപേക്ഷ നിരസിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രൈവറ്റ് ആക്കി വെക്കുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രവര്‍ത്തനം മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ മാസമാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിദേശവിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ അനുവദിക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവെച്ചത്. യു.എസ് വിസയ്ക്കായി അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളോട് അവരുടെ അക്കൗണ്ടുകള്‍ പബ്ലിക് ആക്കി വെക്കാനും നിര്‍ദേശമുണ്ട്.

വിദേശ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് മെയില്‍ യു.എസ് ഭരണകൂടം സ്റ്റുഡന്റ് വിസകള്‍ക്കുള്ള അഭിമുഖങ്ങള്‍ നിര്‍ത്തി വെച്ചത്.

വിസയ്ക്കായുള്ള അഭിമുഖങ്ങള്‍ നിര്‍ത്തി വെക്കുന്നതിനുള്ള നിര്‍ദേശം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എംബസികള്‍ക്കും കോണ്‍സുലര്‍മാര്‍ക്കും നല്‍കിയിരുന്നു.

സോഷ്യല്‍ മീഡിയ സ്‌ക്രീനിങ്ങും മറ്റ് പരിശോധനയും വിപുലീകരിക്കുന്നതിനുള്ള ഭാഗമായി സെപ്റ്റംബര്‍ വരെ പുതിയ നിര്‍ദേശം ലഭിക്കുന്നത് വരെ കോണ്‍സുലാര്‍ വിഭാഗങ്ങള്‍ സ്റ്റുഡന്റ് അല്ലെങ്കില്‍ എക്സ്ചേഞ്ച് വിസിറ്റര്‍ (എഫ്, എം, ജെ) വിസ അപ്പോയിന്റ്മെന്റുകള്‍ നല്‍കരുതെന്നാണ് നേരത്തെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞിരുന്നത്. എന്നാല്‍ സെപ്റ്റംബറിന് മുമ്പ് തന്നെ അക്കാര്യത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ്.

നേരത്തെ ഗസയിലെ ഇസ്രഈല്‍ സൈനിക നടപടിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ട്രംപ് ഭരണകൂടം സോഷ്യല്‍ മീഡിയ സ്‌ക്രീനിങ് ഏര്‍പ്പെടുത്തിയിരുന്നു.

Content Highlight: US restores visas for foreign students; but demands access to social media

We use cookies to give you the best possible experience. Learn more