| Thursday, 15th January 2026, 8:02 am

ഗസ യുദ്ധം; രണ്ടാംഘട്ട പദ്ധതി ഉടൻ ആരംഭിക്കുമെന്ന് സ്റ്റീവ് വിറ്റ്കോഫ്

ശ്രീലക്ഷ്മി എ.വി.

വാഷിങ്ടൺ: ഗസ യുദ്ധം അവസാനിപ്പിക്കാനുള്ള രണ്ടാം ഘട്ട പദ്ധതി ഉടൻ ആരംഭിക്കുമെന്ന് യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്.

ഡൊണാൾഡ് ട്രംപിന്റെ 20 ഇന ഗസ പദ്ധതി വെടിനിർത്തലിൽ നിന്ന് സൈനികവൽക്കരണത്തിലേക്കും, സാങ്കേതിക ഭരണത്തിലേക്കും, പുനർനിർമ്മാണത്തിലേക്കും നീങ്ങുകയാണെന്ന് സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു.

രണ്ടാം ഘട്ട പദ്ധതിയിൽ ഫലസ്തീൻ പ്രദേശത്തിനായി ഒരു ഭരണകൂടം സ്ഥാപിക്കുമെന്നും ഹമാസിനെ നിരായുധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഗസ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ട്രംപിന്റെ 20 ഇന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതായി ഞങ്ങൾ പ്രഖ്യാപിക്കുന്നു. രണ്ടാം ഘട്ടം, വെടിനിർത്തലിൽ നിന്ന് സൈനികവൽക്കരണത്തിലേക്കും സാങ്കേതിക ഭരണത്തിലേക്കും പുനർനിർമ്മാണത്തിലേക്കും കടക്കും,’ അദ്ദേഹം പറഞ്ഞു.

രണ്ടാം ഘട്ടത്തിൽ ഗസയുടെ ഭരണത്തിനായി 15 പേരടങ്ങുന്ന ഫലസ്തീൻ ടെക്‌നോക്രാറ്റിക് കമ്മിറ്റി രൂപീകരിക്കും. ഗസ സമാധാന പദ്ധതിയുടെ മധ്യസ്ഥതയുള്ള ഈജിപ്തുമായി ഇതിന്റെ രൂപീകരണം പ്രഖ്യാപിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘അവസാനത്തെ ബന്ദിയെ ഉടൻ തിരിച്ചയയ്ക്കുക എന്നതുൾപ്പെടെ ഹമാസ് തങ്ങളുടെ ബാധ്യതകൾ പൂർണ്ണമായും പാലിക്കുമെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും,’ അദ്ദേഹം വ്യക്തമാക്കി.

എന്നാൽ സ്റ്റീവ് വിറ്റ്കോഫിന്റെ പ്രഖ്യാപനത്തിൽ ഹമാസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങളായ ഈജിപ്ത്, ഖത്തർ, തുർക്കി എന്നിവയുടെ പങ്കിനെയും സ്റ്റീവ് വിറ്റ്കോഫ് പ്രശംസിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിലും അവർ വലിയ പങ്കാളിത്തം വഹിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗസ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഇസ്രഈൽ 1,190ലധികം തവണ വെടിനിർത്തൽ ലംഘനം നടത്തിയതായി ഗസ ഗവൺമെന്റ് മീഡിയ ഓഫീസ് റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlight: US Representative Steve Witkoff says second phase of plan to end Gaza war will begin soon

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more