| Thursday, 20th November 2025, 10:40 am

ഓപ്പറേഷന്‍ സിന്ദൂരില്‍ തകര്‍ന്ന റഫേല്‍ വിമാനങ്ങളുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചത് ചൈനയെന്ന് യു.എസ് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ തകര്‍ന്ന റഫേല്‍ വിമാനങ്ങളുടെ വ്യാജ ചിത്രം ചൈന പ്രചരിപ്പിച്ചെന്ന് യു.എസ് റിപ്പോര്‍ട്ട്. എ.ഐ ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ ഫ്രഞ്ച് ഇന്റലിജന്‍സിന്റെ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചെന്നാണ് യു.എസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യയുടെ റഫേല്‍ യുദ്ധവിമാനങ്ങള്‍ തകര്‍ക്കാന്‍ പാകിസ്ഥാന്‍ ചൈനീസ് ആയുധങ്ങള്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. യു.എസിന്റെ ചൈന എക്കണോമിക് എന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷനാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ചൈനീസ് വിമാനങ്ങള്‍ തകര്‍ത്ത റഫേല്‍ വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ എന്ന് അവകാശപ്പെട്ടാണ് ചൈന വ്യാജ എ.ഐ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

ഇന്ത്യന്‍ സൈന്യം പറത്തിയ മൂന്ന് ജെറ്റുകള്‍ മാത്രമേ തകര്‍ന്നിട്ടുള്ളൂ എന്നും എല്ലാം റാഫേല്‍ വിമാനങ്ങളായിരിക്കില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ആറ് ഇന്ത്യന്‍ ജെറ്റുകള്‍ വെടിവച്ചിട്ടുവെന്ന ഇസ്‌ലാമാബാദിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദം തെറ്റാണ്. ചില നഷ്ടങ്ങള്‍ ഉണ്ടായതായി ഇന്ത്യ സമ്മതിച്ചിട്ടുണ്ട്, എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും നടക്കുന്നതിനാല്‍ ഏതൊക്കെ വിമാനങ്ങളാണ് നഷ്ടപ്പെട്ടതെന്നതിന്റെ വിശദാംശങ്ങള്‍ അവര്‍ പങ്കുവെച്ചിട്ടില്ല,’ യു.എസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക സംഘര്‍ഷം അവസാനിച്ചതിന് പിന്നാലെയാണ് ചൈന ഈ നീക്കം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ചൈനീസ് നിര്‍മിത ജെ-35 വിമാനങ്ങള്‍ക്ക് ലോകവിപണിയില്‍ സ്വീകാര്യത കൂട്ടാനായി ഫ്രഞ്ച് നിര്‍മിത റാഫേല്‍ വിമാനത്തെ ചൈന താറടിക്കാണ് ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. ഇന്ത്യ-പാക് സംഘര്‍ഷത്തെ തങ്ങളുടെ ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമായി ചൈന മുതലെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: US report says China spread fake pictures of crashed Rafale jets

We use cookies to give you the best possible experience. Learn more