| Monday, 1st March 2021, 10:54 am

ജമാല്‍ ഖഷോഗ്ജി:  പുറത്തുവിട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുക്കി അമേരിക്ക; പുതിയതില്‍ മൂന്ന് പേരെ കാണാനില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധവുമായി ബന്ധപ്പെട്ട് യു.എസ് പുറത്തുവിട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ ആദ്യ പകര്‍പ്പ് മാറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍. വിശദീകരണങ്ങള്‍ നല്‍കാതെ ആദ്യ പകര്‍പ്പ് ഇന്റലിജന്‍സ് നീക്കം ചെയ്ത് പുതിയ പകര്‍പ്പ് വെക്കുകയായിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ടിന്റെ പുതിയ പകര്‍പ്പില്‍ ആദ്യ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട മൂന്ന് പേരുകള്‍ നീക്കം ചെയ്തിട്ടുണ്ട്. ഖഷോഗ്ജി വധത്തില്‍ 21 പേര്‍ കുറ്റക്കാരാണ് എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം 18 പേരാണ് കുറ്റക്കാര്‍ എന്നാണ് ഇന്റലിജന്‍സ് പറയുന്നത്.

ബൈഡന്‍ ഭരണകൂടം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ നടപടിയെടുക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ ഇന്റലിജന്‍സിന്റെ ഈ നീക്കം ശ്രദ്ധിക്കപ്പെടാതെ പോകുകയായിരുന്നെന്ന് സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്ന് പേരുടെ പേര് വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ തെറ്റായി ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആദ്യ റിപ്പോര്‍ട്ട് മാറ്റിയത് എന്നാണ് നാഷണല്‍ ഇന്റലിജന്‍സ് നല്‍കുന്ന വിശദീകരണം. എന്നാല്‍ എങ്ങിനെയാണ് ഈ മൂന്ന് പേരുടെ പേര് ആദ്യത്തെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടത് എന്ന് വ്യക്തമാക്കാന്‍ ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് തയ്യാറായില്ല.

അബ്ദുള്ള മുഹമ്മദ് അല്‍ഹോര്‍ണി, യാസിര്‍ ഖാലിദ് അല്‍സലേം, ഇബ്രാഹിം അല്‍ സലീം എന്നിവരുടെ പേരാണ് നീക്കം ചെയ്തത്.

അബ്ദുള്ള മുഹമ്മദിന്റെ പേര് ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട് മുന്‍പൊരു ഘട്ടത്തിലും ഉയര്‍ന്നിരുന്നില്ല. സൗദി മന്ത്രി അബ്ദുള്‍ അസീസ്  ബിന്‍ മുഹമ്മദ്  അല്‍ ഹൗറാനിയുടെ സഹോദരനാണ് അബ്ദുള്ള മുഹമ്മദ്. എന്നാല്‍ മറ്റ് രണ്ടു പേര്‍ ആരാണ് എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ആദ്യം പുറത്തുവിട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മണിക്കുറുകളോളം ഇന്റര്‍നെറ്റില്‍ ലഭ്യമായിരുന്നു. പിന്നീടാണ് ഇത് മാറ്റിയത്.

പ്രസിഡന്റ് ജോ ബൈഡനാണ്  റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇസ്താംബുളില്‍ ഓപ്പറേഷന് അനുവാദം നല്‍കിയതും ഖഷോഗ്ജിയെ കൊല്ലുക അല്ലെങ്കില്‍ പിടിച്ചുകൊണ്ടുവരിക എന്നായിരുന്നു സല്‍മാന്‍ രാജകുമാരന്റെ നിര്‍ദേശമെന്നും റിപ്പോര്‍ട്ട് പറയുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വാധീനം വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ 2018ല്‍ നടന്ന ഈ കൊലപാതകം സംഭവിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തനിക്കെതിരെ അഭിപ്രായങ്ങള്‍ ഉയര്‍ത്തുന്നവരെ അക്രമാസക്തമായ വഴികളിലൂടെ നിശബ്ദരാക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ രീതികളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനോ സൗദിക്കോ എതിരെ അമേരിക്ക വിലക്കുകളോ മറ്റു നടപടികളോ സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഖഷോഗ്ജി ആക്ട് എന്ന പുതിയ നിയമം അമേരിക്ക അവതരിപ്പിച്ചു.

മാധ്യമപ്രവര്‍ത്തകരെയോ എതിരഭിപ്രായം പുലര്‍ത്തുന്നവരെയോ അവരുടെ കുടുംബാംഗങ്ങളെയോ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ക്ക് അമേരിക്കയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നതാണ് ഈ ആക്ട്. ഇതിന്റെ ഭാഗമായി 76 സൗദി പൗരന്മാരെ കരിമ്പട്ടികയില്‍ പെടുത്തി.

റിപ്പോര്‍ട്ടിനെതിരെ സൗദി രംഗത്തെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് തെറ്റാണെന്നും അതുകൊണ്ടു തന്നെ ഒരിക്കലും അംഗീകരിക്കില്ലെന്നുമാണ് സൗദി അറിയിച്ചിരിക്കുന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന വിവരങ്ങളെ സൗദി പൂര്‍ണ്ണമായും നിഷേധിച്ചു.

ഇസ്താംബുളില്‍ വെച്ചാണ് സൗദി ഏജന്റുമാര്‍ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റും സൗദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനുമായ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തുവിടാന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അനുവദിച്ചിരുന്നില്ല. എന്നാല്‍ ബൈഡന്‍ അധികാരത്തിലേറിയാല്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തുവിടുമെന്ന് നേരത്തെ സൂചനകള്‍ ലഭിച്ചിരുന്നു.

ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിന്റെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടണമെന്ന് അമേരിക്കന്‍ സര്‍ക്കാരിനോട് മുതിര്‍ന്ന ഡെമോക്രാറ്റിക്ക് നേതാവും ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാനുമായ ആദം ഷിഫ് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിലെ എല്ലാ നേതാക്കളും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ അവ്‌റില്‍ ഹൈന്‍സിന് ഇതുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ കത്തയച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ പസ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: US  removed Three names  from jamal  Khashoggi intelligence report after initial publication

Latest Stories

We use cookies to give you the best possible experience. Learn more