വാഷിങ്ടണ്‍: ഇറാനുമായുള്ള ധാരണാപത്രത്തിലെ വിവരങ്ങള്‍ തങ്ങളോട് പങ്കുവയ്ക്കണമെന്ന ഇസ്രഈലിന്റെ ആവശ്യം യു.എസ് തള്ളി. ഇസ്രഈലിനോട് വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ യു.എസ് വിസമ്മതിച്ചതായി ഇരു രാജ്യങ്ങളിലെയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ചയാണ് ധാരണാപത്രത്തില്‍ യു.എസും ഇറാനും ഡിജിറ്റലായി ഒപ്പ് വച്ചത്. ധാരണാ പത്രം പ്രകാരം യു.എസും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ 60 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കും. യുദ്ധത്തെത്തുടര്‍ന്ന് അടച്ചിട്ട ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതം പുനസ്ഥാപിക്കാനും ധാരണാ പത്രം വ്യവസ്ഥ ചെയ്യുന്നു.
ഇസ്രഈലി ഉദ്യോഗസ്ഥരോട് ധാരണാപത്രത്തിന്റെ ബ്രീഫിങ്ങ് നടത്തിയെങ്കിലും വിശദാംശങ്ങള്‍ വിശദമാക്കാന്‍ യു.എസ് വിസമ്മതിച്ചതായി എ.ബി.സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ബ്രീഫിങ്ങ് പോലും നടത്താന്‍ യു.എസ് തയ്യാറായില്ലെന്ന് മറ്റു ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ധാരണാപത്രം ഡിജിറ്റലി ഒപ്പ് വച്ചെങ്കിലും വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലാന്‍ഡില്‍ വച്ചാണ് കരാര്‍ രേഖകളില്‍ ഇരു കക്ഷികളും ഒപ്പ് വയ്ക്കുക. ധാരണാപത്രം പ്രകാരം ഹോര്‍മുസ് കടലിടുക്കിലെ തടസങ്ങള്‍ ഭാഗികമായി ഒഴിവാക്കിയിട്ടുണ്ട്. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ വച്ച് കരാറില്‍ ഒപ്പുവയ്ക്കുമ്പോള്‍ ഹോര്‍മുസ് പൂര്‍ണമായും തുറക്കുമെന്ന് തിങ്കളാഴ്ച ഫ്രാന്‍സില്‍ ജി സെവന്‍ ഉച്ചകോടിക്കിടെ ട്രംപ് പറഞ്ഞിരുന്നു.
സമാധാന കരാറിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. എന്നാല്‍ ലബനനിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നത് കരാറിന്റെ ഭാഗമാണെന്ന് ഇറാന്‍ അറിയിച്ചിരുന്നു.
ഇറാനുമായുള്ള ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാനുള്ള യു.എസിന്റെ തീരുമാനത്തിനെതിരെ ഇസ്രഈലില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ട്രംപിന്റെ സമാധാന കരാറിനെ ഇസ്രഈലിലെ മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും എതിര്‍ക്കുന്നുണ്ട്.
ഈ സമാധാന കരാര്‍കൊണ്ട് ഒരു തരത്തിലുള്ള നേട്ടവുമില്ലെന്നും രാജ്യത്തിന്റെ ലക്ഷ്യങ്ങളൊന്നും നടപ്പിലാവില്ലെന്നും ഇസ്രഈല്‍ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് പറഞ്ഞിരുന്നു. ഇത് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പരാജയമാണെന്നും ലാപിഡ് പറഞ്ഞിരുന്നു. ധാരണാ പത്രത്തെ ഒരു മോശം കരാറെന്ന് ഇസ്രഈലിലെ യെദിയോട് അഹരനോട്ട് പത്രം വിശേഷിപ്പിച്ചിരുന്നു.
ഇറാനുമായുള്ള യു.എസിന്റ കരാര്‍ ഇസ്രഈലിന് യാതൊരുവിധത്തിലുള്ള സുരക്ഷിതത്വവും നല്‍കുന്നില്ലെന്നും ഇത് ലോകത്തിന് തന്നെ ആപത്താണെന്നും ഇസ്രഈല്‍ ധനകാര്യ മന്ത്രി ബെസലെല്‍ സ്മോട്രിച്ച് ആരോപിച്ചിരുന്നു. ലെബനനെ തുടര്‍ന്നും ആക്രമിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം സൈന്യത്തിന് നല്‍കുമെന്നും സ്മോട്രിച്ച് പറഞ്ഞിരുന്നു.
കരാറുമായി ബന്ധപ്പെട്ട് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പരസ്യ പ്രസ്താവനയൊന്നും തന്നെ നടത്തിയിട്ടില്ല. എന്നാല്‍ ഇസ്രഈല്‍ കരാറില്‍ ഉള്‍പ്പെടില്ലെന്നും ലെബനനെ സംബന്ധിച്ച ഇറാന്റെ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്നും നെതന്യാഹു ട്രംപിനോട് പറഞ്ഞതായി യെനെറ്റ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലെബനന്‍, സിറിയ, ഗസ എന്നിവിടങ്ങളില്‍ ഇസ്രഈല്‍ സൈന്യം തുടരുമെന്നും നെതന്യാഹു പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സും സമാന പ്രതികരണം നടത്തിയിരുന്നു.
ധാരണാപത്രത്തിലെ ഉള്ളടക്കം താന്‍ പരസ്യപ്പെടുത്തുമെന്ന് ഫ്രാന്‍സില്‍ ജി സെവന്‍ ഉച്ചകോടിക്കിടെ ട്രംപ് അറിയിച്ചിരുന്നു. ഒരു വാര്‍ത്താ സമ്മേളനത്തില്‍ വച്ചായിരിക്കും കരാര്‍ പരസ്യപ്പെടുത്തുകയെന്ന തരത്തിലും ട്രംപ് സൂചന നല്‍കിയിരുന്നു.
Content Highlight: US refused to share Iran MoU/ Deal text with Israel: Report