അബുദാബി: ഇറാന്‍ യുദ്ധം യു.എ.ഇയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചാല്‍ ഡോളര്‍ വായ്പ നല്‍കാന്‍ തയ്യാറാണെന്ന് അമേരിക്ക. ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രഈല്‍ യുദ്ധം മൂലം യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് തകര്‍ച്ച നേരിടുകയാണെങ്കില്‍ സാമ്പത്തിക സഹായം നല്‍കാന്‍ അമേരിക്ക തയ്യാറാണെന്ന് നാഷണല്‍ ഇക്കോണമിക് കൗണ്‍സില്‍ ഡയറക്ടര്‍ കെവിന്‍ ഹാസെറ്റ് പറഞ്ഞു.
യു.എ.ഇ അമേരിക്കയുടെ പ്രധാനപ്പെട്ട സഖ്യകക്ഷിയാണെന്നും, ആവശ്യമെങ്കില്‍ ട്രഷറി സെക്രട്ടറി എല്ലാവിധ സഹായങ്ങളും അവര്‍ക്ക് ലഭ്യമാക്കുമെന്നും ഹാസെറ്റ് കൂട്ടിച്ചേര്‍ത്തു.
യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് മുഹമ്മദ് ബലാമ കഴിഞ്ഞ ആഴ്ച അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, ഫെഡറല്‍ റിസര്‍വ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ‘കറന്‍സി-സ്വാപ്പ്’ സൗകര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു.
സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളില്‍ കുറഞ്ഞ നിരക്കില്‍ യു.എസ് ഡോളര്‍ ലഭ്യമാക്കാന്‍ കേന്ദ്ര ബാങ്കുകള്‍ തമ്മിലുള്ള ഇത്തരം കരാറുകള്‍ സഹായിക്കും. നിലവില്‍ യു.എ.ഇ ദിര്‍ഹത്തിന്റെ മൂല്യം യു.എസ് ഡോളറുമായി ബന്ധിപ്പിച്ചാണ് നിശ്ചയിച്ചിരിക്കുന്നത്
യു.എ.ഇയുടെ ഈ ആവശ്യം പ്രാഥമികവും മുന്‍കരുതല്‍ എന്ന നിലയിലുള്ളതുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍, യു.എ.ഇയുടെ പക്കല്‍ ഏകദേശം ഒരു ട്രില്യണ്‍ ഡോളറോളം ആസ്തിയുള്ള അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയും വന്‍ എണ്ണ നിക്ഷേപവുമുള്ള സാഹചര്യത്തില്‍, ഈ വായ്പാ ആവശ്യം വിചിത്രമാണെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
അതേസമയം, അതിസമ്പന്നമായ ഒരു രാജ്യം വായ്പയ്ക്കായി അമേരിക്കയെ സമീപിക്കുന്നതിനെ ട്രംപിന്റെ അനുയായിയായ സ്റ്റീവ് ബാനണ്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. അമേരിക്കന്‍ നികുതിപ്പണം ഇത്തരം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെ അദ്ദേഹം എതിര്‍ത്തു.
വായ്പ ലഭ്യമായില്ലെങ്കില്‍ എണ്ണ വ്യാപാരത്തിന് ചൈനീസ് യുവാനോ മറ്റ് കറന്‍സികളോ ഉപയോഗിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന സൂചന യു.എ.ഇ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. യു.എ.ഇ അമേരിക്കന്‍ ട്രഷറിക്ക് മുന്നറിയിപ്പ് നല്‍കിയതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ച വാഷിങ്ടണില്‍ യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍, യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് മുഹമ്മദ് ബലാമ ഡോളറിന്റെ ആധിപത്യത്തിന് എതിരെ പരോക്ഷ ഭീഷണി മുഴക്കിയതായാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയുന്നത്.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം മൂലമുണ്ടാകുന്ന സാമ്പത്തിക ആഘാതം വര്‍ദ്ധിക്കുകയാണെങ്കില്‍ ഡോളര്‍ ലഭ്യതയിലുണ്ടാകുന്ന പ്രതിസന്ധി ഒഴിവാക്കാന്‍ യു.എ.ഇയ്ക്ക് സാമ്പത്തിക സഹായം ആവശ്യമായി വരുമെന്ന് ബലാമ വിശദീകരിച്ചതായാണ് റിപ്പോര്‍ട്ട്.
എണ്ണ വ്യാപാരത്തിന് ഡോളര്‍ ഉപയോഗിക്കുന്നത് ആഗോളതലത്തില്‍ ഡോളറിന്റെ കരുത്ത് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകമാണ്.
ഇറാനില്‍ നടക്കുന്ന യുദ്ധം യു.എ.ഇയ്ക്കും തിരിച്ചടി നല്‍കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് ദുബായിലെ ടൂറിസം മേഖലയെയും എണ്ണ കയറ്റുമതിയെയും സാരമായി ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും, മേഖലയില്‍ ഇറാന്റെ സ്വാധീനം തടയുന്നതിനായി യുദ്ധം തുടരണമെന്നാണ് യു.എ.ഇ നിലപാട്.
Content Highlight: US ready to lend dollars if Iran war hits UAE economy