വാഷിങ്ടണ്‍: നൊബേല്‍ പുരസ്‌കാരം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് സമാധാനത്തിനുള്ള പുരസ്‌കാരം ലഭിച്ചില്ലെങ്കില്‍ യു.എസിന് അതൊരു അപമാനമാണെന്നും ട്രംപ് പറഞ്ഞു. യു.എസ് ഉന്നത സൈനിക ഉഗ്യോഗസ്ഥരുടെ യോഗത്തിലാണ് ട്രംപിന്റെ പരാമര്‍ശം.
‘നിങ്ങൾക്ക് നൊബേൽ പുരസ്‌കാരം ലഭിക്കുമോ? ഒരിക്കലുമില്ല. ഒരു കാര്യവും ചെയ്യാത്ത ഒരാൾക്കത് അവരത് നൽകുക. അത് നമ്മുടെ രാജ്യത്തിന് വലിയൊരു അപമാനമാകും.
ഡൊണാള്‍ഡ് ട്രംപിന്റെ മനസിനെ കുറിച്ചും യുദ്ധം പരിഹരിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നും എഴുതിയ ഒരാള്‍ക്കായിരിക്കും അത് നല്‍കുക. എനിക്ക് നൊബേല്‍ പുരസ്‌കാരം വേണ്ട. പക്ഷേ, അത് നമ്മുടെ രാജ്യത്തിന് ലഭിക്കണമെന്നാണ് ആഗ്രഹം. നമ്മുടെ രാജ്യത്തിന് ഇതുവരെ അങ്ങനെയൊന്ന് ലഭിച്ചിട്ടില്ല. അതിനാല്‍ ഈ പുരസ്‌കാരം ലഭിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ ട്രംപ് പറഞ്ഞു.
ഗസയിലെ വെടിനിര്‍ത്തലിനുള്ള പദ്ധതി നടപ്പിലായാല്‍ തനിക്ക് പുരസ്‌കാരം ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. താനിത് നിസാരമായി പറയുന്നതല്ല. മറ്റാരേക്കാളും തനിക്ക് ഈ ഡീലുകളെ കുറിച്ചറിയാം. തന്റെ ജീവിതം തന്നെ ഇത് അടിസ്ഥാനമാക്കിയായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന തന്റെ വാദം ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. അതിന് കഴിഞ്ഞത് വലിയ ബഹുമതിയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
താന്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാണെന്ന് മുമ്പും ട്രംപ് പറഞ്ഞിരുന്നു. തനിക്ക് നാലോ അഞ്ചോ തവണ നൊബേല്‍ ലഭിക്കേണ്ടിയിരുന്നതായിരുന്നെന്നും എന്നാല്‍ തനിക്കത് നല്‍കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.
ലോക വേദിയില്‍ തന്നെ ബഹുമാനിക്കപ്പെടേണ്ട ഇടപെടലുകളാണ് താന്‍ നടത്തുന്നതെന്നും ഇന്ത്യ-പാക് സംഘര്‍ഷം ഉള്‍പ്പെടെ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന് അവകാശപ്പെട്ടുമായിരുന്നു ട്രംപ് പിന്നീട് ഈ ആവശ്യം ഉന്നയിച്ചത്.
അര്‍മേനിയ, അസര്‍ബൈജാന്‍, കൊസോവോ, സെര്‍ബിയ, ഇസ്രഈല്‍, ഇറാന്‍, ഈജിപ്ത്, എത്യോപ്യ, റുവാണ്ട, കോംഗോ എന്നീ രാജ്യങ്ങളിലെ സംഘര്‍ഷങ്ങളും താന്‍ അവസാനിപ്പിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഈ രാജ്യങ്ങള്‍ തമ്മിലുണ്ടായിരുന്ന സംഘര്‍ഷങ്ങളില്‍ 60 ശതമാനവും വ്യാപാരത്തെ മുന്‍നിര്‍ത്തിയാണ് അവസാനിപ്പിച്ചതെന്നും ട്രംപ് പറഞ്ഞിരുന്നു.
Content Highlight: US president Donald Trump says it would be a big insult to Us if he is not awarded Nobel Prize