| Tuesday, 7th October 2025, 2:16 pm

രാജ്യങ്ങള്‍ക്ക് തീരുവ ചുമത്തിയത് യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍; സമാധാനമാണല്ലോ പ്രധാനം; നൊബേല്‍ പ്രഖ്യാപനത്തിന് മുന്‍പ് വീണ്ടും ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോർക്ക്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങളിൽ താൻ തീരുവ ആയുധമാക്കിയാണ് മധ്യസ്ഥത വഹിച്ചതെന്ന അവകാശവാദവുമായി വീണ്ടും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തനിക്ക് തീരുവ ഏർപ്പെടുത്താനുള്ള അധികാരം ഇല്ലായിരുന്നെങ്കിൽ ഏഴ് യുദ്ധങ്ങളിൽ നാലെണ്ണം സംഭവിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് തീരുവ ചുമത്താനുള്ള അധികാരം ഇല്ലായിരുന്നെങ്കിൽ ഏഴ് യുദ്ധങ്ങളിൽ നാലെണ്ണമെങ്കിലും പൊട്ടിപുറപ്പെടുമായിരുന്നു. യുദ്ധങ്ങൾ നിർത്താനായി ഞാൻ തീരുവകൾ ഉപയോഗിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും യുദ്ധത്തിന് തയ്യാറായിരുന്നു. ഞാൻ എന്താണ് പറഞ്ഞതെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ ഞാൻ പറഞ്ഞത് ഫലപ്രദമായി. താരിഫുകൾ കാരണമാണ് അവർ യുദ്ധം നിർത്തിയത്,’ ട്രംപ് പറഞ്ഞു.

തന്റെ കീഴിൽ അമേരിക്ക വീണ്ടും സമ്പന്നവും ശക്തവുമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ‘നമ്മൾ നൂറുകണക്കിന് ബില്യൺ ഡോളർ സമ്പാദിച്ചുവെന്ന് മാത്രമല്ല തീരുവകളിലൂടെ യുദ്ധങ്ങൾ നിർത്തിയത് നമ്മളെ സമാധാന പാലകരാക്കുന്നു,’ ട്രംപ് കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് താനാണ് ഇന്ത്യ- പാകിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചതെന്ന് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ ഇത് അംഗീകരിക്കാതെ പരസ്യമായി തള്ളുകയാണുണ്ടായത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്നും താൻ മുന്നറിയിപ്പ് നൽകിയിരുന്നെന്നും കഴിഞ്ഞ ആഴ്ച ട്രംപ് പറഞ്ഞിരുന്നു.

‘ഇരു രാജ്യങ്ങളും യുദ്ധത്തിനായി ശ്രമിക്കുകയായിരുന്നു. ഏഴ് വിമാനങ്ങൾ അവർ വെടിവെച്ചു വീഴ്ത്തി. ഇത് തുടർന്നാൽ വ്യാപാര ബന്ധങ്ങൾ ഉണ്ടാകില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. അവർ യുദ്ധം നിർത്തി,’ ട്രംപ് കൂട്ടിച്ചേർത്തു.

ലോകവേദിയിൽ തന്നെ ബഹുമാനിക്കപ്പെടേണ്ട ഇടപെടലുകളാണ് താൻ നടത്തുന്നതെന്നും ഇന്ത്യ പാക് സംഘർഷം ഉൾപ്പെടെ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചതിന് തനിക്ക് നൊബേൽ പുരസ്കാരം അർഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.

അര്‍മേനിയ, അസര്‍ബൈജാന്‍, കൊസോവോ, സെര്‍ബിയ, ഇസ്രഈല്‍, ഇറാന്‍, ഈജിപ്ത്, എത്യോപ്യ, റുവാണ്ട, കോംഗോ എന്നീ രാജ്യങ്ങളിലെ സംഘര്‍ഷങ്ങളും താന്‍ അവസാനിപ്പിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഈ രാജ്യങ്ങള്‍ തമ്മിലുണ്ടായിരുന്ന സംഘര്‍ഷങ്ങളില്‍ 60 ശതമാനവും വ്യാപാരത്തെ മുന്‍നിര്‍ത്തിയാണ് അവസാനിപ്പിച്ചതെന്നും ട്രംപ് പറഞ്ഞിരുന്നു.

Content Highlight: US President Donald Trump once again claims that he mediated the issues between India and Pakistan using tariffs as a weapon

We use cookies to give you the best possible experience. Learn more