| Tuesday, 12th August 2025, 8:13 am

ഇന്ത്യയോട് നിലപാട് കടുപ്പിക്കുമ്പോഴും ചൈനയുടെ മേലുള്ള അധിക തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ച് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ചൈനയുമായുള്ള താരിഫ് ഉടമ്പടി 90 ദിവസത്തേക്ക് കൂടി നീട്ടി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം ചൈനയുടെ ഉത്പന്നങ്ങളുടെ മേല്‍ ഉയര്‍ന്ന താരിഫുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഉടമ്പടി നിലവില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 90 ദിവസത്തേക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്നത് വൈകിപ്പിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

ചൈനയുടെ മേലുള്ള തീരുവ സസ്‌പെന്‍ഷന്‍ 90 ദിവസത്തേക്ക് കൂടി നീട്ടുന്ന ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ താന്‍ ഒപ്പുവെച്ചുവെന്നും കരാറിലെ മറ്റെല്ലാ ഘടകങ്ങളും അതേപടി തുടരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഇതോടെ ചൈനയ്ക്ക് മേലുള്ള ഉയര്‍ന്ന താരിഫ് ഇനി പ്രാബല്യത്തില്‍ വരിക നവംബര്‍ ഒമ്പതിനാകും. നിലവില്‍ ചൈനയുടെ മേലുള്ള താരിഫ് 30 ശതമാനമാണ്. ചൈനീസ് ഇറക്കുമതികള്‍ക്കുള്ള യു.എസ് തീരുവ 145 ശതമാനമായി ഉയര്‍ത്തുമെന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ ട്രംപ് നീട്ടിവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചൈനയുമായുള്ള താരിഫ് ഉടമ്പടിയുടെ സമയപരിധിയെ കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞത് ‘എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം. അവര്‍ വളരെ നന്നായി പെരുമാറുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഞാനും തമ്മിലുള്ള ബന്ധം വളരെ മികച്ചതാണ്’ എന്നായിരുന്നു.

ഇന്ത്യയോടുള്ള തന്റെ കടുത്ത നിലപാട് തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഇന്ത്യക്ക് നേരെ ഡൊണാള്‍ഡ് ട്രംപ് ഭീഷണി ഉയര്‍ത്തുന്നുണ്ട്.

റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യക്ക് മേലുള്ള തീരുവ ഗണ്യമായി വര്‍ധിപ്പിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇന്ത്യ നല്ലൊരു വ്യാപാര പങ്കാളിയല്ലെന്നും ട്രംപ് നേരത്തെ വിമര്‍ശിച്ചിരുന്നു.

ഉക്രൈനിലെ യുദ്ധത്തിനായി റഷ്യ ഉപയോഗിക്കുന്ന ക്രൂഡ് ഓയിലാണ് ഇന്ത്യ വാങ്ങുന്നതെന്നും അത് നിര്‍ത്തിയില്ലെങ്കില്‍ തീരുവ ഉയര്‍ത്തുമെന്നുമാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

എന്നാല്‍ ട്രംപിന്റെ ഭീഷണി അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിലവില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ കൂടി ചുമത്തിയതോടെ മൊത്തം തീരുവ 50 ശതമാനമായി.

Content Highlight: US President Donald Trump has extended the tariff agreement with China for another 90 days

We use cookies to give you the best possible experience. Learn more