വാഷിങ്ടണ്‍: ഉക്രെയ്ന്‍ – റഷ്യ യുദ്ധം അവസാനിപ്പിക്കാനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും കൂടിക്കാഴ്ച നടത്തും. ഓഗസ്റ്റ് 15 ന് അലാസ്‌കയില്‍ വെച്ചായിരിക്കും ഇരുവരുടെയും ചര്‍ച്ച നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.
മൂന്ന് വര്‍ഷമായി നീളുന്ന സംഘര്‍ഷം പരിഹരിക്കാന്‍ കഴിയുന്ന ഒരു വെടിനിര്‍ത്തല്‍ കരാറിന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കി ഉള്‍പ്പെടെയുള്ള കക്ഷികള്‍ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഭൂമി കൈമാറ്റത്തിനായുള്ള കരാറുകള്‍ ഒപ്പുവെക്കുന്നതിലൂടെയായിരിക്കും വെടിനിര്‍ത്തല്‍ പ്രാവര്‍ത്തികമാകുകയെന്ന് വെള്ളിയാഴ്ച ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് രാജ്യങ്ങളുടെയും നന്മക്കായി പരസ്പരം ചില അതിര്‍ത്തികള്‍ വിട്ടുകൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയ്ക്ക് മേല്‍ മതിയായ സമ്മര്‍ദം ചെലുത്തിയാല്‍ വെടിനിര്‍ത്തല്‍ സാധ്യമാണെന്ന് ഉക്രയ്നെ അഭിസംബോധന ചെയ്തുകൊണ്ട് സെലെന്‍സ്‌കി പറഞ്ഞു. വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി ഒന്നിലധികം ചര്‍ച്ചകളും സംഭാഷണങ്ങളും താന്‍ നടത്തിയതായും തന്റെ സംഘം അമേരിക്കയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലുഹാന്‍സ്‌ക്, ഡൊണെറ്റ്‌സ്‌ക്, സപോരിജിയ, കെര്‍സണ്‍ എന്നിങ്ങനെ ഉക്രെയ്‌നിലെ നാല് പ്രദേശങ്ങളും 2014ല്‍ റഷ്യ പിടിച്ചെടുത്ത കരിങ്കടല്‍ ഉപദ്വീപും ഉള്‍പ്പെടെയുള്ളവ പുടിന്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ നാല് മേഖലകളിലെയും മുഴുവന്‍ പ്രദേശങ്ങളും റഷ്യന്‍ സൈന്യത്തിന് പൂര്‍ണമായി നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. അടുത്ത 99 വര്‍ഷത്തേക്ക് ഉക്രെയ്ന്‍ നാറ്റോയില്‍ അംഗത്വം എടുക്കാന്‍ പാടില്ലെന്ന് റഷ്യ ആവശ്യയപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഇവ കൂടാതെ, യുദ്ധം റഷ്യ പ്രഖ്യാപിക്കാത്ത സ്ഥിതിക്ക് ( സ്പെഷ്യൽ മിലിറ്ററി ഓപ്പറേഷൻ എന്നാണ് റഷ്യ പറയുന്നത് ) റഷ്യ യുദ്ധവിരാമം പ്രഖ്യാപിക്കില്ല പകരം വെടി നിർത്തൽ പ്രഖ്യാപിക്കും. ഉക്രെയ്ന്‍ തെരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റ് വന്നതിനു ശേഷം മാത്രം റഷ്യ സ്‌പെഷ്യൽ മിലിറ്ററി ഓപ്പറേഷൻ ഔദ്യോഗികമായി അവസാനിപ്പിക്കും.
അമേരിക്കയുടെ താല്പര്യങ്ങൾ – റെയർ എർത്ത് മിനറലുകൾ, യൂറേനിയം എന്നിവയും യുറോപിയൻ താത്പര്യങ്ങൾ ആയ ഗ്യാസ് എന്നിവ വീണ്ടും നൽകാം എന്നത് റഷ്യ ഉറപ്പ് നൽകും. ഉക്രെയ്നിന് അമേരിക്ക ആയുധങ്ങൾ നൽകുന്നത് തുടരും, സെക്യൂരിറ്റി ഗ്യാരണ്ടി നൽകും. ഉക്രെയ്നിന് മേലുള്ള 24000 ഉപരോധങ്ങൾ ഘട്ടം ഘട്ടം ആയി പിൻവലിക്കും.
യുദ്ധം അവസാനിപ്പിക്കാനുള്ള കരാറില്‍ ഒപ്പിടാനുള്ള സന്നദ്ധത അറിയിച്ചുകൊണ്ട് ഉക്രെയ്ന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാല്‍ രാജ്യത്തിന്റെ അഞ്ചില്‍ ഒരു ഭാഗം നഷ്ടപ്പെടുത്തുന്നത് സെലെന്‍സ്‌കിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനും കടുത്ത ആഘാതമായിരിക്കും ഏല്‍പ്പിക്കുക.
ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെത്താനാണ് യു.എസും റഷ്യയും ലക്ഷ്യമിടുന്നതെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlight: US President Donald Trump and Russian President Vladimir Putin will meet to end the Ukraine-Russia war