വാഷിങ്ടൺ: ഇറാൻ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ അംഗീകരിച്ച് ചർച്ച നടത്താൻ അമേരിക്ക ഇപ്പോൾ അപേക്ഷിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാനെ കീഴടങ്ങാൻ നിർബന്ധിതരാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് അമേരിക്കയുടെ നിലപാടിലെ മാറ്റമെന്നും അദ്ദേഹം പറഞ്ഞു.
യു.എസ്–ഇസ്രഈൽ ആക്രമണ യുദ്ധം ഇറാന്റെ പ്രതിരോധശേഷി തെളിയിച്ചെന്നും ഇറാൻ ദുർബലമായ രാജ്യമാണെന്ന ആഗോള ധാരണ പൂർണമായും ഇല്ലാതാക്കിയെന്നും അരാഗ്ചി വ്യക്തമാക്കി. യുദ്ധാനന്തര ഇറാന്റെ വിദേശനയം യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിൽനിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘യുദ്ധത്തിന്റെ രണ്ടാം അല്ലെങ്കിൽ മൂന്നാം ദിവസമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ട് വാക്കുകളുള്ള ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തത്-‘നിരുപാധിക കീഴടങ്ങൽ’ അവർ കീഴടങ്ങലാണ് ആവശ്യപ്പെട്ടത്. അതിൽ നിരാശപ്പെട്ടപ്പോൾ ഭരണകൂടമാറ്റത്തിനായി ശ്രമിച്ചു; അതിലും നിരാശപ്പെട്ടപ്പോൾ രാജ്യത്തെ വിഭജിക്കാൻ ശ്രമിച്ചു; അതിലും നിരാശപ്പെട്ടപ്പോൾ ആഭ്യന്തര കലാപത്തിനായി ശ്രമിച്ചു. അവർക്ക് ചെയ്യാൻ കഴിയുന്ന എല്ലാ പദ്ധതികളും നടപ്പാക്കാൻ ശ്രമിച്ചു. എന്നാൽ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാൻ അവർക്ക് കഴിഞ്ഞില്ല’,അരാഗ്ചി പറഞ്ഞു.
അതേസമയം, ഇറാനുമായി ചർച്ചകൾ നടത്താൻ പദ്ധതിയില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. യു.എസ് നാവിക ഉപരോധം പൂർണമായി തുടരുകയാണെന്നും ഹോർമൂസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്തതായും ട്രംപ് പറഞ്ഞു.
അതിനിടെ, ഇറാൻ കപ്പലുകൾക്ക് നേരെ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പ്രത്യക്ഷ സൈനിക ശക്തിക്കെതിരെയും മറ്റൊരു സൈനിക ശക്തിയെന്ന് അവകാശപ്പെടുന്ന സൈന്യത്തിനെതിരെയും ദിവസങ്ങളോളം പ്രതിരോധിക്കാൻ ഇറാന് കഴിഞ്ഞുവെന്നും അരാഗ്ചി അവകാശപ്പെട്ടു.
അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രത്തിലെ 13 വ്യവസ്ഥകൾ ഇറാന് അനുകൂലവും ഒരെണ്ണം അമേരിക്കയ്ക്ക് അനുകൂലവുമാണെന്നും അദ്ദേഹം പറഞ്ഞു.
‘അമേരിക്ക ഇപ്പോൾ ഞങ്ങളുടെ നിബന്ധനകൾ അനുസരിച്ച് ഞങ്ങളുമായി ചർച്ച നടത്താൻ യാചിക്കുകയാണ്,’ അരാഗ്ചി പറഞ്ഞു.
അമേരിക്കയുമായുള്ള നയതന്ത്ര നീക്കങ്ങളെ ഇസ്രഈൽ അട്ടിമറിച്ചെന്നും യു.എസുമായുള്ള വെടിനിർത്തൽ ധാരണ നടപ്പാക്കുന്നതിലെ ഏറ്റവും വലിയ എതിരാളിയും തടസ്സവും ഇസ്രഈൽ ആണെന്നും അരാഗ്ചി വിമർശിച്ചു.
Content Highlight:US Pleads to Hold Talks on Iran’s Terms; Abbas Araghchi.