വാഷിങ്ടണ്‍: ഗസയിലെ ഇസ്രഈല്‍ അധിനിവേശം ശക്തമാകുന്നതിനിടെ പത്ത് ലക്ഷം ഫലസ്തീനികളെ ലിബിയയിലേക്ക് മാറ്റിപാര്‍പ്പിക്കാന്‍ യു.എസ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട് യു.എസ് സര്‍ക്കാരും ലിബിയയുടെ ഭരണനേതൃത്വവും ചേര്‍ന്നു ചര്‍ച്ചകള്‍ നടത്തിയതായി ഇതുമായി ബന്ധപ്പെട്ട വിവിധ ഉദ്യോഗസ്ഥര്‍ എന്‍.ബി.സി ന്യൂസിനോട് വ്യക്തമാക്കി. അമേരിക്കന്‍ മാധ്യമമായ എന്‍.ബി.സി ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഗസ നിവാസികളെ സ്വീകരിക്കുന്നതിന് പകരമായി അമേരിക്ക മരവിപ്പിച്ച കോടിക്കണക്കിന് ഡോളര്‍ ലിബിയക്ക് വിട്ടുകൊടുക്കാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ഈ ആരോപണം യു.എസ് സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ഈ റിപ്പോര്‍ട്ടുകള്‍ അസത്യമാണെന്നും അത്തരമൊരു പദ്ധതി ചര്‍ച്ച ചെയ്തിട്ടില്ലെന്നും മാത്രമല്ല നിലവിലെ സാഹചര്യം അത്തരമൊരു പദ്ധതിക്ക് അനുയോജ്യമല്ലെന്നും യു.എസ് ഗവണ്‍മെന്റ് വക്താവ് എന്‍.ബി.സി ന്യൂസിനോട് പറഞ്ഞു.
‘ഈ റിപ്പോര്‍ട്ടുകള്‍ അസത്യമാണ്. നിലവിലെ സാഹചര്യം അത്തരമൊരു പദ്ധതിക്ക് അനുയോജ്യമല്ല. അത്തരമൊരു പദ്ധതി ചര്‍ച്ച ചെയ്തിട്ടില്ല. അതിന് അര്‍ത്ഥമില്ല,’ യു.എസ് ഗവണ്‍മെന്റ് വക്താവ് പറഞ്ഞു.
അതേസമയം ഇസ്രഈല്‍ ഗാസയില്‍ വ്യോമാക്രമണങ്ങള്‍ തുടരുകയാണ്. വെള്ളിയാഴ്ച നടന്ന ആക്രമണങ്ങളില്‍ 108 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ വകുപ്പ് അറിയിച്ചു. മരണപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
ഹമാസിന്റെ പക്കലുള്ള ഇസ്രഈല്‍ ബന്ദികളെ മോചിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇസ്രഈല്‍ ആക്രമണങ്ങള്‍ ശക്തമാക്കുന്നതെന്നാണ് സൂചന.
യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഇടപെടലുകളുടെ ഭാഗമായി ഹമാസ് എല്ലാ ഇസ്രഈല്‍ ബന്ദികളെയും മോചിപ്പിക്കാന്‍ തയ്യാറാണെന്ന് ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
കൂടാതെ ഹമാസ് ഇസ്രലുമായി പരോക്ഷമായി സംസാരിക്കാന്‍ തയ്യാറാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസിന്റെ പക്കലുള്ള ബാക്കി ഇസ്രഈല്‍ ബന്ദികളെയും മോചിപ്പിക്കാന്‍ തയ്യാറാണെന്നും അതിന് പകരം ഇസ്രഈലില്‍ തടവിലായിട്ടുള്ള ഫലസ്തീനികളെ മോചിപ്പിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
അതേസമയം യെമനില്‍ ഹൂത്തികള്‍ ആയുധങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ചതായി ആരോപിച്ച രണ്ട് തുറമുഖങ്ങളിലേക്കും ഇസ്രഈല്‍ ആക്രമണം വ്യാപിപ്പിച്ചു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Content Highlight: US plans to relocate one million Palestinians to Libya, government denies report