| Friday, 13th March 2026, 9:08 am

യു.എസ് വിമാനം ഇറാഖിൽ തകർന്നുവീണു; വെടിവെച്ചിട്ടതെന്ന് ഐ.ആർ.ജി.സി

മുഹമ്മദ് നബീല്‍

വാഷിങ്ടൺ: അമേരിക്കൻ സേനയുടെ യുദ്ധവിമാനം ഇറാഖിൽ തകർന്നുവീണു. ആകാശത്തുവച്ച് വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന കെ.സി 135 എന്ന വിമാനമാണ് തകർന്നത്.

വിമാനം തകർന്നതിന് പിറകിൽ ആക്രമണമല്ലെന്ന് യു.എസ് സെൻട്രൽ കമാൻഡ് പറഞ്ഞു. രണ്ട് വിമാനങ്ങൾ ആക്രമിക്കപ്പെട്ടതായും ഒരു വിമാനം സുരക്ഷിതമാണെന്നും സേന കമാൻഡർ അറിയിച്ചു.

വിമാനത്തിലെ ക്രൂ അംഗങ്ങളും പൈലറ്റുമാരും സുരക്ഷിതരാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

അതേസമയം വിമാനം തങ്ങളാണ് തകർത്തതെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന ആറുപേരെ കൊലപ്പെടുത്തിയതായും ഇറാൻ റവല്യൂഷണറി ഗാർഡ് പ്രതികരിച്ചു.

വിമാന വാഹിനി കപ്പലിന് തീപിടിച്ചതിന് പിന്നാലെ വിമാനം തകർന്നുവീണത് അമേരിക്കൻ സേനയ്ക്ക് കടുത്ത തിരിച്ചടിയാണ്.

ഇറാനിൽ അമേരിക്കയും ഇസ്രഈലും സംയോജിതമായി നടത്തിയ ആക്രമണത്തിൽ ഇതുവരെ ഏഴ് അമേരിക്കൻ സേനാംഗങ്ങൾ മരണപെട്ടതായും 150 പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ഇറാനിലെ ആക്രമണങ്ങൾക്കിടയിൽ അമേരിക്കയുടെ മൂന്ന് എഫ് 15 ഇ വിമാനങ്ങൾ കുവൈത്ത് അബദ്ധത്തിൽ വെടിവച്ചിട്ടിരുന്നു.

കഴിഞ്ഞയാഴ്ച പുറത്തുവന്ന കണക്കുകൾ അനുസരിച്ച്, അമേരിക്കയുടെ ഇറാൻ ആക്രമണത്തിൽ ഇതുവരെ യു.എസ് സേനയുടെ 18000 കോടി രൂപയുടെ സൈനിക ഉപകരണങ്ങളാണ് തകർക്കപ്പെട്ടിട്ടുള്ളത്.

ആക്രമണം വളരെയധികം ചെലവേറിയതാണെന്നും ആക്രമണം തുടരുന്നതിന് പ്രത്യേക യുദ്ധകാല ബജറ്റ് അവതരിപ്പിക്കേണ്ടിവരുമെന്നും ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.

Content Highlight: US plane crashes in Iraq; IRGC says it was shot down

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more