ജനീവ: യു.എസ് ഭരണകൂടം എണ്ണ ഉപരോധം ഏര്‍പ്പെടുത്തിയ ക്യൂബയുടെ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ.
ക്യൂബയുടെ പ്രധാന എണ്ണ ദാതാവായിരുന്ന വെനസ്വേലയുടെ ഭരണാധികാരി നിക്കോളാസ് മഡൂറോയെ കഴിഞ്ഞമാസം തട്ടിക്കൊണ്ടുപോയിരുന്നു.
പിന്നാലെ വെനസ്വേലയില്‍ നിന്നുള്ള എണ്ണ ക്യൂബയില്‍ എത്തില്ലെന്ന് ഉറപ്പാക്കി രാജ്യത്തെ ക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നുണ്ടായ പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ വക്താവ് മാര്‍ട്ട ഹുര്‍ട്ടാഡോ ക്യൂബയെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ചിരിക്കുന്നത്.
ദീര്‍ഘകാലമായുള്ള സാമ്പത്തികവും വ്യാപാരപരവുമായ ഉപരോധങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും, എണ്ണ കയറ്റുമതിയിലെ യു.എസ് നിയന്ത്രണങ്ങളും കാരണം ക്യൂബയില്‍ സംഭവിച്ചിരിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധിയില്‍ വളരെയധികം ആശങ്കയുണ്ടെന്ന് മാര്‍ട്ട ഹുര്‍ട്ടാഡോ ജനീവയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഉപരോധം ക്യൂബയിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ഹുര്‍ട്ടാഡോ പറഞ്ഞു.
ഏത് ലക്ഷ്യത്തിന്റെ പേരിലാണെങ്കിലും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന നടപടികളെ ന്യായീകരിക്കാനാകില്ല. ക്യൂബന്‍ ജനതയ്ക്ക് സംഭവിക്കുന്ന ആഘാതങ്ങള്‍ കണക്കിലെടുത്ത് ഏകപക്ഷീയമായ എല്ലാ മേഖലാ നടപടികളില്‍ നിന്നും എല്ലാ രാഷ്ട്രങ്ങളും പിന്മാറണമെന്ന് യു.എന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്കിന് വേണ്ടിയുള്ള പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Photo: AP/web.com
ക്യൂബയിലെ ആരോഗ്യം, ഭക്ഷണം, ജലസംവിധാനങ്ങള്‍ എന്നിവയെല്ലാം ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തെ ആശ്രയിച്ചാണെന്നതിനാല്‍ ക്യൂബയിലെ എണ്ണക്ഷാമം അവശ്യ സേവനങ്ങളെ ഗുരുതരമായ അവസ്ഥയിലേക്ക് തള്ളിവിട്ടിട്ടുണ്ടെന്ന് ഹുര്‍ട്ടാഡോ വിശദീകരിച്ചു.
വാക്‌സിനുകള്‍, മരുന്നുകള്‍ എന്നിവയുടെ ഉത്പാദനവും വിതരണവുമടക്കം അപകടകരമായ നിലയിലാണ്. ക്യൂബയിലെ 80 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത് ജലവൈദ്യുത പദ്ധതികളില്‍ നിന്നാണ്.
ഇതിനായി വെള്ളം പമ്പ് ചെയ്യുന്നതിന് ഇന്ധനം ആവശ്യമാണെന്നതിനാല്‍ തന്നെ വൈദ്യുതി മുടക്കം രാജ്യത്ത് സാധാരണമായിരിക്കുകയാണ്. ശുചിത്വത്തെയും ജല ലഭ്യതയെയും ഇത് ബാധിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, 1962 യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്ന ക്യൂബ നിലവിലെ വെനസ്വേലന്‍ എണ്ണ ഇറക്കുമതി കൂടി നിലച്ചതോടെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഘര്‍ഷം ലഘൂകരിക്കാനും അവകാശ സംരക്ഷണത്തിനുമായി ക്യൂബ ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും മധ്യസ്ഥ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചു.
Content Highlight: United Nations expresses concern over Cuba’s crisis