| Saturday, 14th March 2026, 12:59 pm

മൊജ്തബ ഖാംനഇ അടക്കമുള്ളവരെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് മില്യൺ; പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക

മുഹമ്മദ് നബീല്‍

വാഷിങ്ടൺ: ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇ അടക്കമുള്ള മുതിർന്ന നേതാക്കളെക്കുറിച്ച് വിവരം തരുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് യു.എസ് ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ്.

‘ഈ വ്യക്തികൾ ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ വിവിധ വിഭാഗങ്ങളെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതും സംഘടിപ്പിക്കുന്നതും നടപ്പിലാക്കുന്നതും ഇവരാണ്,’ യു.എസ് ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസിന്റെ എക്സ് പോസ്റ്റിൽ പറയുന്നു.

പരമോന്നത നേതാവിന് പുറമെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ്, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അലി അസ്ഗർ ഹെജാസി, മേജർ ജനറൽ യഹ്യ റഹീം സഫാവി, ബ്രിഗേഡിയർ ജനറൽ എസ്കന്ദർ മൊമേനി, സുപ്രീം കൗൺസിൽ സെക്രട്ടറി അലി ലാരിജാനി എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്കാണ് അമേരിക്ക 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

പരമോന്നത നേതാവായി സ്ഥാനമേറ്റ ശേഷം മുജ്തബ ഖാംനഇ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന് പരിക്കേറ്റതായി യു.എസ് വാർ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അവകാശപ്പെട്ടു.

ഫെബ്രുവരി 28ന് ഇറാനെതിരെ യു.എസ്-ഇസ്രഈൽ സേന നടത്തിയ സംയുക്താക്രമണത്തിലാണ് ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടത്. പിന്നാലെ കഴിഞ്ഞാഴ്ച അദ്ദേഹത്തിന്റെ മകനായ മൊജ്തബ ഖാംനഇയെ പരമോന്നത നേതാവായി ഇറാൻ അസംബ്ലി തെരഞ്ഞെടുക്കുകയായിരുന്നു.

തുടർന്ന് വ്യാഴാഴ്ച മൊജ്തബ ഖാംനഇയുടെ ഒരു പ്രസ്താവന ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിലൂടെ പുറത്തെത്തിയിരുന്നു. കൊല്ലപ്പെട്ട ഇറാനികളുടെ രക്തത്തിന് പകരം ചോദിക്കുമെന്നും തിരിച്ചടിക്കാൻ മടിക്കില്ലെന്നുമായിരുന്നു മൊജ്തബ ഖാംനഇയുടെ പ്രസ്താവന.

Content Highlight: US offers $10 million reward for information on Mojtaba Khamenei and others

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more