വാഷിങ്ടണ്‍: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതികളെയും ഫോട്ടോ പതിപ്പിച്ച വോട്ടര്‍ ഐഡി കാര്‍ഡിനെയും പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സേവ് അമേരിക്ക ആക്ട് എത്രയും വേഗം പാസാക്കണമെന്നും ട്രംപ് പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനുള്ള ട്രംപിന്റെ പ്രശംസ.
ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡില്ലാതെ യു.എസില്‍ എങ്ങനെ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമെന്ന് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അടുത്തിടെ ചോദ്യം ചോദിച്ചതായും ട്രംപ് പറഞ്ഞു.
ഇന്ത്യയിലെ കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ 646 ദശലക്ഷം ആളുകള്‍ വോട്ട് ചെയ്തുവെന്നും ഒരു ശതമാനത്തില്‍ താഴേ പേര്‍ മാത്രമാണ് തപാല്‍ വോട്ട് ചെയ്തതെന്നും ട്രംപ് പറഞ്ഞു. ഓരോ വോട്ടര്‍ക്കും സാധുവായ തിരിച്ചറിയല്‍ കാര്‍ഡുണ്ടെന്നും അത്തരത്തില്‍ അമേരിക്കയും എത്രയും പെട്ടെന്ന് മാറേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.
ഫെഡറല്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അമേരിക്കന്‍ പൗരത്വം തെളിയിക്കുന്ന രേഖയ്‌ക്കൊപ്പം സാധുവായ തിരിച്ചറിയല്‍ രേഖയും സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. രോഗം, വൈകല്യം, സൈനിക സേവനം, യാത്ര തുടങ്ങിയ പ്രത്യേക സാഹചര്യങ്ങള്‍ ഒഴികെ തപാല്‍ വോട്ടിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്താനും നിയമം ലക്ഷ്യമിടുന്നു.
വോട്ടര്‍ പട്ടികകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന അമേരിക്കന്‍ പൗരന്മാരല്ലാത്തവരെ നീക്കം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ടാകുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഫെഡറല്‍ തെരഞ്ഞെടുപ്പുകളില്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് മാത്രമേ വോട്ട് ചെയ്യാന്‍ കഴിയൂവെന്ന് ഉറപ്പാക്കുന്നതാണ് ഈ നിര്‍ദേശം. എന്നാല്‍ ഈ ബില്ലിന് ഡെമോക്രാറ്റുകള്‍ക്കിടയിലും റിപ്പബ്ലിക്കന്‍സിനിടയിലും വലിയ എതിര്‍പ്പുകളാണ് നേരിടുന്നത്.
Content Highlight: US needs the Indian model too; Trump praises the election.