കാരക്കാസ്: വെനസ്വേലയുടെ എണ്ണ ടാങ്കർ പിടിച്ചെടുത്തതിനെ തുടർന്ന് യു.എസിനെ വിമർശിച്ച് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ.
യു.എസ് നടത്തിയത് നാവിക കടൽകൊള്ളയാണെന്ന് മഡുറോ കുറ്റപ്പെടുത്തി. വെനസ്വേലയുടെ സമ്പത്തിനെ അമേരിക്ക കൊള്ളയടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ജീവനക്കാരെ തട്ടിക്കൊണ്ടുപോകുകയും കപ്പൽ മോഷ്ടിക്കുകയും ചെയ്ത് യു.എസ് ക്രിമിനൽ നാവിക കടൽകൊള്ളയുടെ യുഗം സൃഷ്ടിച്ചെന്നും മഡുറോ പറഞ്ഞു.
ലോകമെമ്പാടുമുള്ള എണ്ണയുടെ സ്വതന്ത്ര വ്യാപാരം ഉറപ്പാക്കാൻ വെനസ്വേല എല്ലാ കപ്പലുകളും സുരക്ഷിതമാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അവർ ജീവനക്കാരെ തട്ടിക്കൊണ്ടുപോയി. കപ്പൽ മോഷ്ടിച്ചു. ക്രിമിനൽ നാവിക കടൽക്കൊള്ളയ്ക്കാണ് യു.എസ് തുടക്കം കുറിച്ചത്. ലോകമെമ്പാടുമുള്ള എണ്ണയുടെ സ്വതന്ത്ര വ്യാപാരം ഉറപ്പാക്കാൻ വെനസ്വേല എല്ലാ കപ്പലുകൾക്കും സുരക്ഷ ഒരുക്കും,’ മഡുറോ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മഡുറോയുടെ ഭാര്യ സിലിയ ഫ്ലോറസിന്റെ മൂന്ന് അനന്തരവൻമാർക്കും ആറ് എണ്ണ ടാങ്കറുകൾക്കും അവരുമായി ബന്ധപ്പെട്ട ഷിപ്പിംഗ് കമ്പനികൾക്കും യു.എസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ഇറാനും വെനസ്വേലയും തമ്മിലുള്ള ബന്ധം വർഷങ്ങളായി വ്യവസ്ഥാപിതമായെന്ന് അമേരിക്ക അവകാശപ്പെട്ടിരുന്നു.
വൻ ക്രൂഡ് ഓയിൽ ശേഖരമുണ്ടായിട്ടും ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ഓയിലിന് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു.
മഡുറോയെ അധികാരത്തിൽനിന്നും മാറ്റുനന്നതിനായും വെനസ്വേലയുമായുള്ള ഭാവിയിലെ ധാതു ഇടപാടുകളിൽ നേട്ടം കൈവരിക്കാനുമാണ് അമേരിക്ക ലക്ഷ്യം വെക്കുന്നതെന്നും വെനസ്വേലൻ സർക്കാർ ആരോപിച്ചു.
പ്രകൃതിവിഭവങ്ങൾ, എണ്ണ, ഊർജ്ജം, വെനിസ്വേലൻ ജനതയ്ക്ക് മാത്രമുള്ള വിഭവങ്ങൾ എന്നിവയ്ക്ക് വേണ്ടിയാണ് അമേരിക്ക ആക്രമണം നടത്തുന്നതെന്നും വെനസ്വേലൻ സർക്കാർ പറഞ്ഞു.
Content Highlight: US Navy is committing piracy: Nicolas Maduro