| Saturday, 27th June 2026, 11:04 am

ഇറാന്റെ ആക്രമണത്തില്‍ തകര്‍ന്ന ഗള്‍ഫ് സൈനിക താവളങ്ങള്‍ ഇസ്രഈലിലേക്ക് മാറ്റാന്‍ യു.എസ് നീക്കം: റിപ്പോര്‍ട്ട്

നിഷാന. വി.വി

വാഷിങ്ടണ്‍: ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്ന ഗള്‍ഫ് മേഖലയിലെ ചില സൈനിക താവളങ്ങള്‍ ഇസ്രഈലിലേക്ക് മാറ്റാനൊരുങ്ങി അമേരിക്ക. ബഹ്‌റൈനിലെ സൈനിക താവളം നവീകരിക്കുന്നതിനെക്കുറിച്ചും കുവൈത്തിലും സൗദി അറേബ്യയിലുമുള്ള സൈനിക സാന്നിധ്യം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും യു.എസ് പരിഗണിക്കുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇത് ഇസ്രഈലിലേക്ക് മാറ്റാനാണ് അമേരിക്കയുടെ തീരുമാനമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫെബ്രുവരി അവസാനത്തിനും ജൂണിനും ഇടയില്‍ ബഹ്‌റൈനിലെ യു.എസ് താവളം ഇറാന്‍ ആവര്‍ത്തിച്ച് ലക്ഷ്യമിട്ടിരുന്നു.

ഇറാന്‍ ആക്രമണത്തില്‍ കമാന്‍ഡ് ആസ്ഥാനത്തിനും ഒരു ഡസനോളം മറ്റ് കെട്ടിടങ്ങള്‍ക്കും വ്യാപക നാശനഷ്ടമുണ്ടായതായും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ നാശത്തിന്റെ വ്യാപ്തി അംഗീകരിക്കാന്‍ പെന്റഗണ്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഫെബ്രുവരി 28 നായിരുന്നു ഇറാനെതിരായ ഇസ്രഈല്‍-അമേരിക്ക സംയുക്ത ആക്രമണം നടന്നത്. അതിന് പിന്നാലെ ഗള്‍ഫിലുള്ള അമേരിക്കയുടെ സൈനിക താവളങ്ങളിലേക്കും ഇസ്രഈല്‍ കേന്ദ്രങ്ങളിലേക്കും ഇറാന്‍ പ്രത്യാക്രമണം നടത്തുകയായിരുന്നു.

എന്നാല്‍ ഇറാനെതിരായ യുദ്ധം അനാവശ്യ നടപടിയാണെന്നാണ് 60 ശതമാനത്തോളം അമേരിക്കക്കാര്‍ കരുതുന്നതെന്ന് ക്വിന്നിപിയാക് സര്‍വകലാശാലയുടെ പോളുകള്‍ വ്യക്തമാക്കുന്നു.

ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കാരാര്‍ ഒപ്പിട്ടതിന് പിന്നാലെ വീണ്ടും അമേരിക്ക ഇറാനിയന്‍ കേന്ദ്രങ്ങളെ ആക്രമിച്ചിട്ടുണ്ട്. ഹോര്‍മുസിലൂടെ കടന്നുപോയ ചരക്ക് കപ്പലിനെ ഇറാന്‍ ആക്രമിച്ചുവെന്നാരോപിച്ചാരുന്നു പുതിയ നടപടി. ആക്രമണം ആവര്‍ത്തിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് ഐ.ആര്‍.ജി.സിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlight: US moves to transfer Gulf military bases damaged in Iran attack to Israel: Report

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more