| Wednesday, 4th November 2026, 8:44 pm

ട്രംപ് ശ്രമിച്ചത് ഇറാനില്‍ ഭരണമാറ്റത്തിന്; പക്ഷേ യുദ്ധം കാരണം ഇടിഞ്ഞത് ട്രംപിന്റെ ജനപ്രീതി

റെന്വര്‍ പി

വാഷിങ്ടണ്‍: ഇറാനില്‍ ഭരണമാറ്റം കൊണ്ടുവരും എന്നായിരുന്നു അവര്‍ക്കെതിരെ ഈ വര്‍ഷം തുടക്കത്തില്‍ യു.എസും ഇസ്രഈലും യുദ്ധം ആരംഭിക്കുമ്പോള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. എന്നാല്‍ യു.എസില്‍ ട്രംപിന്റെ ജനപ്രീതി കുറയാന്‍ കാരണമായത് യുദ്ധത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളും. ട്രംപിന്റെ ജനപ്രീതി കുറഞ്ഞത് ഇപ്പോള്‍ യു.എസ് മിഡ് ടേം തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചിരിക്കുകയാണ്.

ട്രംപിന്റെ ഭരണകാലത്തെ ഏറ്റവും വിവാദപരവും ജനപ്രീതി കുറച്ചുകൊണ്ടുവന്നതുമായ വിഷയങ്ങളിലൊന്നായി ഇറാനുമായുള്ള സംഘര്‍ഷം മാറിയിരുന്നു. സംഘര്‍ഷം തുടങ്ങി എട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും, സമാധാന ചര്‍ച്ചകളില്‍ ഒരു പുരോഗതിയും ഉണ്ടാകുന്നതായി സൂചനകളില്ല. ട്രംപ് ഭരണകൂടത്തില്‍ നിന്നുള്ള അവ്യക്തമായ നിലപാടുകളും, വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ പ്രതിസന്ധിയും സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളാകാനും, രാജ്യത്തെ ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്ന ആശങ്ക യു.എസില്‍ വര്‍ധിച്ചിരുന്നു.

യു.എസില്‍ ഊര്‍ജ്ജ വിലയിലെ വര്‍ദ്ധനവ് ജനരോഷത്തിന് കാരണമായി. ഇന്ധന, വൈദ്യുതി ബില്ലുകളിലെ വര്‍ദ്ധനവിലൂടെ അമേരിക്കന്‍ ഉപഭോക്താക്കളും ഈ സംഘര്‍ഷത്തിന്റെ ആഘാതം അനുഭവിക്കുന്നുണ്ട്. യു.എസില്‍ ഗ്യാസോലിന്‍ (പെട്രോള്‍) വിലയില്‍ ഏകദേശം 39 ശതമാനം മുതല്‍ 45 ശതമാനം വരെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

ഇറാനുമായുള്ള സംഘര്‍ഷം കൈകാര്യം ചെയ്ത രീതിയില്‍ ട്രംപിന് അമേരിക്കക്കാരില്‍ മൂന്നില്‍ രണ്ട് ഭാഗത്തിന്റെയും അതൃപ്തി നേരിടേണ്ടി വന്നിരുന്നു. ഇറാനിലെ യു.എസ് സൈനിക നടപടികള്‍ ട്രംപ് കൈകാര്യം ചെയ്ത രീതിയെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗം (65 ശതമാനം) അമേരിക്കക്കാരും എതിര്‍ക്കുന്നുവെന്ന പ്യൂ റിസര്‍ച്ച് സെന്ററിന്റെ സര്‍വേ ഫലം അടുത്തിടെ പുറത്ത് വന്നിരുന്നു. സംഘര്‍ഷം ആരംഭിച്ച സമയത്ത് തന്നെ ട്രംപിന്റെ നടപടികളെ യു.എസില്‍ 61 ശതമാനം പേര്‍ എതിര്‍ത്തിരുന്നു.

ജീവിതച്ചെലവ് എന്നത് വോട്ടര്‍മാരെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുന്നുവെന്ന് തിങ്കളാഴ്ച പുറത്ത് വന്ന റോയിട്ടേഴ്‌സ്/ഇപ്‌സോസ് അഭിപ്രായ സര്‍വേ ഫലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തങ്ങളുടെ വോട്ട് ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കുന്നതില്‍ ഇതൊരു വളരെ പ്രധാനപ്പെട്ട ഘടകമാണെന്ന് ഏകദേശം 78 ശതമാനം പേരും സര്‍വേയില്‍ അഭിപ്രായപ്പെട്ടിരുന്നു.

സി.ബി.എസ് ന്യൂസ് നടത്തിയ എക്‌സിറ്റ് പോള്‍ പ്രകാരം, ട്രംപിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനപിന്തുണ 38 ശതമാനമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ഭരണകാലത്ത് 2018-ല്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഇത് 45 ശതമാനമായിരുന്നു. 2022-ല്‍ ജോ ബൈഡന് ലഭിച്ച 44 ശതമാനത്തെക്കാളും, 2010-ല്‍ ബരാക് ഒബാമയ്ക്ക് ലഭിച്ച 44 ശതമാനത്തെക്കാളും കുറവാണിത്. 2006-ലെ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജോര്‍ജ്ജ് ഡബ്ല്യു. ബുഷിന് പോലും ട്രംപിനേക്കാള്‍ മികച്ച ജനപിന്തുണ ഉണ്ടായിരുന്നു. 43 ശതമാനമായിരുന്നു അന്ന് ബുഷിന്റെ ജന പിന്തുണ.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരെ വോട്ട് ചെയ്തവരില്‍ 43 ശതമാനം പേരും, ട്രംപിന്റെ നയങ്ങള്‍ക്കുള്ള മറുപടിയായാണ് തങ്ങള്‍ അങ്ങനെ ചെയ്തതെന്ന് എന്‍.ബി.സി ന്യൂസ് നടത്തിയ എക്‌സിറ്റ് പോളില്‍ പറഞ്ഞിരുന്നു. ട്രംപ് തീരുവകള്‍ കര്‍ശനമായി ഏര്‍പ്പെടുത്തിയതിലുള്ള അതൃപ്തിയും, ഇറാനുമായുള്ള സംഘര്‍ഷത്തോടുള്ള വിയോജിപ്പും ഈ ഫലങ്ങളില്‍ പ്രതിഫലിച്ചിരുന്നു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് ഇപ്പോഴത്തെ ഇടക്കാല തെരഞ്ഞെടുപ്പ്. ജനപ്രതിനിധി സഭയിലും സെനറ്റിലും ഭൂരിപക്ഷം നേടിയ ഡെമോക്രാറ്റുകള്‍ യു.എസ് കോണ്‍ഗ്രസിന്റെ നിയന്ത്രണം റിപ്പബ്ലിക്കന്‍മാരില്‍ നിന്ന് പിടിച്ചെടുത്തു.

ടെക്‌സാസ്, കന്‍സാസ് തുടങ്ങിയ റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രങ്ങളില്‍ ഡെമോക്രാറ്റുകള്‍ വിജയം നേടി. മിഷിഗണില്‍ പുരോഗമനവാദിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി അബ്ദുള്‍ എല്‍-സയദ് വിജയിച്ചു. ഇദ്ദേഹം അമേരിക്കയിലെ ആദ്യത്തെ മുസ്ലീം സെനറ്ററായി മാറി.

ഇടക്കാല തെരഞ്ഞെടുപ്പിലെ തിരിച്ചടി ട്രംപ് അംഗീകരിച്ചിട്ടുണ്ട്. ഫലങ്ങള്‍ അംഗീകരിക്കുന്നതായി ട്രംപ് പറഞ്ഞു. ഇറാനെതിരായ തന്റെ നടപടികള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരാജയത്തിന് ഒരു കാരണമായിട്ടുണ്ടാകാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

Content Highlight: US Mid Term – The war doesn’t make regime change in Iran. But Lead to Decrease of Trumps Popularity

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more